
മരച്ചുവട്ടിൽ ഇരിക്കുക , കാന്റിനിൽ പാടുക , പെൺകുട്ടികളും ആൺകുട്ടികളും ഇടകലർന്നിരിക്കുക, മോഡേൺ വസ്ത്രം ധരിക്കുക ; ഇതൊക്കെ കണ്ടാൽ എസ് എഫ് ഐ യ്ക്ക് പിടിക്കില്ല ; ഇടിമുറിയിൽ കൊണ്ട് പോയി ഇടിച്ചു ചുരുട്ടും : യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എണ്ണിയാലൊടുങ്ങാത്ത പൂർവവിദ്യാർത്ഥികൾക്ക് ജന്മം നൽകിയ കലാലയം. പാട്ടും ചർച്ചകളും നവോത്ഥാന ചിന്തകളുമായി ഒരു കാലത്ത് നാടിന്റെ അഭിമാനമായിരുന്ന കലാലയത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വിദ്യാർത്ഥികൾ പറയുന്നത് കേട്ടാൽ മൂക്കത്ത് വിരൽ വച്ചുപോകും. കോളേജിലൊരു ഇടിമുറിയുണ്ട്. പിന്നെ ഇടിമുറിക്കാരുടെ സദാചാര പട്രോളിംഗും! കോളേജിൽ പഠനാന്തരീക്ഷമില്ലെന്ന് കാട്ടി ഒരു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും കോളേജ് മാറിപ്പോവുകയും ചെയ്തിട്ട് ഒരു മാസം പോലും ആകുന്നതിന് മുമ്പാണ് പുതിയ സംഭവം.
രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനുമാണ് കാമ്പസിലൂടെ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളുടെയും സിൽബന്ധികളുടെയും റൗണ്ടടി. യൂണിറ്റ് സെക്രട്ടറി നിസാമാണത്രേ നേതാവ്. മരച്ചുവട്ടിൽ ഇരിക്കുക, ക്ലാസിൽ ജനലിലോ മേശപ്പുറത്തോ ഇരിക്കുക, കാന്റീനിൽ പാട്ട് പാടുക, പെൺകുട്ടികളും ആൺകുട്ടികളും ഇടകലർന്നിരിക്കുക ഇതൊക്കെ കണ്ടു കഴിഞ്ഞാൽ ഈ ടീംസിന് പിടിക്കില്ല. പെൺകുട്ടികൾ മോഡേണായി വസ്ത്രം ധരിച്ചെത്തിയാൽ ഹാലിളകുന്നവരും കൂട്ടത്തിലുണ്ട്. പിന്നെ വാണിംഗായി വിരട്ടലായി. എതിർത്താൽ അടി വീഴും. പിന്നെയും എതിർത്താൽ ഇടിമുറിയിലേക്കു കൊണ്ടുപോയി ‘ചികിത്സിക്കും” ഇതിനായി പ്രത്യേക ആയുധങ്ങളും അവിടെയുണ്ട്.
അനുസരിക്കാൻ കഴിയില്ലെങ്കിൽ നിറുത്തിപൊക്കോ എന്ന നിലപാടാണ് കുട്ടി
നേതാക്കൾക്ക്. അതിനാൽ തന്നെ കൊഴിഞ്ഞ് പോക്കും നിരവധിയാണെന്ന് അദ്ധ്യാപകർ പറയുന്നു.ഇവിടെ തിരഞ്ഞെടുപ്പില്ല. എസ്.എഫ്.ഐയെ പേടിച്ച് ആരും നോമിനേഷൻ പോലും കൊടുക്കില്ല. ഇടതു സംഘടനയായ എ.ഐ.എസ്.എഫ് അംഗങ്ങൾ നോമിനേഷൻ കൊടുത്താലും തല്ലുറപ്പാണ്. മറ്റ് വിദ്യാർത്ഥി സംഘടനകളിൽ പെട്ടവരൊക്കെ കോളേജിലുണ്ട്. ആരും കമാ എന്നു മിണ്ടില്ല. കോളേജിലെ പ്രശ്‌നങ്ങളെക്കുറിച്ച് പരാതി പറയാമെന്ന് വിചാരിച്ചാൽ, സെല്ലിലെ പ്രധാനികൾ ഇടതുപക്ഷ സംഘടനയിലെ അദ്ധ്യാപകരാണെന്നും നീതി കിട്ടില്ലെന്ന് ഉറപ്പെന്നും വിദ്യാർത്ഥികൾ പറയുന്നു.
നവോത്ഥാന ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്ന സംഘടനയിലെ നേതാക്കളാകട്ടെ കപടസദാചാരത്തിന്റെ കാവലാളാകുന്ന സംഭവങ്ങൾ നിരവധിയാണ്. വസ്ത്ര സ്വാതന്ത്ര്യത്തിനായി 2015ൽ പെൺകുട്ടികൾക്ക് ഇവിടെ പ്രതിഷേധിക്കേണ്ടി വന്നു. 2017 ഫെബ്രുവരിയിൽ പെൺ സുഹൃത്തിനൊപ്പം ക്ലാസ് മുറിയിലിരുന്ന വിദ്യാർത്ഥിയെ മർദ്ദിച്ചതുമൊക്കെ ചിലതുമാത്രം. എന്നാൽ നേതാക്കൾക്ക് അടുപ്പമുള്ള ചിലർക്ക് എന്തുമാകാമെന്ന നിലയാണ് കാമ്പസിലുള്ളത്. അവർ പെൺകുട്ടികളെ ശല്യപ്പെടുത്തിയതായി പരാതിവന്നാൽ തമാശയായി കാണും.
കല ,സാംസ്‌കാരികം , രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിലെ പുത്തൻ ആശയങ്ങളുടെ വിളനിലമായിരുന്നു ഒരു കാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി, വി. മധുസൂദനൻ നായർ, ഷാജി എൻ. കരുൺ, ലെനിൻ രാജേന്ദ്രൻ, കെ.ആർ. നാരായണൻ, ആർ.ശങ്കർ, നരേന്ദ്ര പ്രസാദ്..തുടങ്ങിയ മഹാ വ്യക്തിത്വങ്ങൾ പഠിച്ചു പോയ കലാലയത്തിനാണ് ഇന്നീ ഗതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
