കുത്തിയത് എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ; അഖിലിന്റെ നിർണായക മൊഴി പുറത്ത്

കുത്തിയത് എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ; അഖിലിന്റെ നിർണായക മൊഴി പുറത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷത്തിൽ പരിക്കേറ്റ അഖിലിന്റെ മൊഴി പുറത്ത്. തന്നെ കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് അഖിൽ ഡോക്ടറോട് പറഞ്ഞു. സംഘത്തിൽ 20ലേറെ എസ്.എഫ്.ഐക്കാരുണ്ടായിരുന്നെന്നും യൂണിറ്റ് സെക്രട്ടറി നസിമാണ് തന്നെ പിടിച്ചുനിർത്തിയെന്നും അഖിൽ പറഞ്ഞു. ഡോക്ടർ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം അഖിലിന്റെ മൊഴിയെടുക്കാൻ പൊലീസ് ഡോക്ടർമാരോട് അനുവാദം ചോദിച്ചിട്ടുണ്ട്. വിദ്യാർത്ഥിക്ക് കുത്തേറ്റ വിവരം കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചില്ലെന്നും, അഖിലിനെ പൊലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറയുന്നു.
കൂടാതെ ആന്റി റാഗിംഗ് സ്‌ക്വാഡ് രൂപീകരിക്കണമെന്ന നിർദേശം പാലിച്ചില്ലെന്നും കാണിച്ച് യുജിസിക്ക് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കോളേജിലും യൂണിയൻ ഓഫീസിലുമൊക്കെ അന്വേഷണ സംഘം പരിശോധന നടത്തി. ദൃക്സാക്ഷികളും പൊലീസിനൊപ്പമുണ്ടയിരുന്നു. അതേസമയം പ്രതികൾ ജില്ലയ്ക്ക് പുറത്തേക്ക് പോയെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.