
മുകേഷും ജയസൂര്യയും അടക്കം ഏഴുപേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ വീണ്ടും ബന്ധുവായ യുവതിയുടെ പരാതി: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു, ഉന്നതരുടെ പേര് പുറത്തു വരുമെന്ന ഭയത്താൽ സംഘം ചേർന്ന് രാഷ്ട്രീയ്ക്കളിയെന്ന് നടിയുടെ പ്രതികരണം
കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിക്കെതിരെ വീണ്ടും പരാതി.
ബന്ധു കൂടിയായ യുവതിയാണ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബന്ധുവായ യുവതി എറണാകുളം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പുതിയ പരാതിയില്‍ യുവതിയുടെ മൊഴിയെടുക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും, പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിന് കാഴ്ചവെച്ചു എന്നും കഴിഞ്ഞ ദിവസം യുവതി പരാതി നല്‍കിയിരുന്നു. 2014ല്‍ സംഭവം നടക്കുന്ന സമയത്ത് തനിക്ക് 16 വയസ്സ് മാത്രമാണുണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത്, സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. അവിടെ അഞ്ചാറു പുരുഷന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ യുവതി നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ മോശമായ രീതിയില്‍ പെരുമാറി. ഒരുപാട് ബഹളം വെച്ചും കരഞ്ഞുമാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, കൂടുതല്‍പ്പേര്‍ക്കെതിരെ അന്വേഷണ സംഘത്തിനു മൊഴി നല്‍കുന്നതു തടയാനുള്ള രാഷ്ട്രീയക്കളിയുടെ ഭാഗമാണു തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ എന്നു നടി പ്രതികരിച്ചു. ആരോപണം ഉന്നയിച്ച യുവതി തന്റെ മാതാവിന്റെ സഹോദരിയുടെ മകള്‍ തന്നെയാണെന്നും ഇവര്‍ സ്ഥിരീകരിച്ചു.
ഓണം കഴിഞ്ഞ് അന്‍പതോളം പേര്‍ മൊഴികള്‍ കൊടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് നടി ഫെയ്‌സ്ബുക് വിഡിയോയില്‍ പറഞ്ഞു. അതുപോലെ രണ്ടു മന്ത്രിമാര്‍, പ്രതിപക്ഷത്തിന്റേത് അടക്കം 14 എംഎല്‍എമാര്‍, സിനിമയിലെ ചില നടന്മാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെതിരെ മൊഴി നല്‍കുമെന്നു താന്‍ പറഞ്ഞിരുന്നുവെന്നും ഈ മൊഴി നല്‍കാതിരിക്കാനും ഇക്കാര്യങ്ങള്‍ പുറത്തുവരാതിരിക്കാനുമായി എല്ലാവരും ചേര്‍ന്നു നടത്തുന്ന രാഷ്ട്രീയക്കളിയുടെ ഭാഗമാണ് ആരോപണങ്ങള്‍ എന്നുമാണു നടിയുടെ വിശദീകരണം.
തന്നെ കുടുക്കാനായി യുവതി കാശ് വാങ്ങിച്ചു കള്ളം പറയുകയാണെന്നും നടി പറയുന്നുണ്ട്. നേരത്തെ 2014ല്‍ യുവതിയെ ചെന്നൈയില്‍ കൊണ്ടുപോയിട്ടുള്ള കാര്യം ഇവര്‍ മാധ്യമങ്ങളോടു സമ്മതിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കണമെന്നു പറഞ്ഞത് സഹോദരിയും മകളുമാണെന്നും താന്‍ സിനിമയില്‍ എങ്ങനെയാണു കാര്യങ്ങള്‍ എന്നു പറഞ്ഞുകൊടുക്കുകയാണു ചെയ്തത് എന്നുമാണ് നടി വ്യക്തമാക്കിയത്.