സീരിയൽ നടിയെയും അമ്മയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; മുഖ്യ സൂത്രധാരൻ സ്വാമി അറസ്റ്റിലെന്ന് സൂചന

സീരിയൽ നടിയെയും അമ്മയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; മുഖ്യ സൂത്രധാരൻ സ്വാമി അറസ്റ്റിലെന്ന് സൂചന

സ്വന്തം ലേഖകൻ

കൊല്ലം: കള്ളനോട്ട് കേസിൽ കൊല്ലത്ത് നിന്ന് പിടിയിലായ സീരിയൽ നടിയെയും ബന്ധുക്കളെയുംവിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അതിനിടെ മുഖ്യ സൂത്രധാരനും വയനാട് സ്വദേശിയുമായ വിവാദ സ്വാമി പോലീസ് കസ്റ്റഡിയിലായതായി സൂചന ലഭിച്ചു. വലിയ സ്ഥാപനങ്ങൾക്കു പലിശയ്ക്കു പണം കൊടുത്തിരുന്ന ഇവർക്ക്, ഓപ്പറേഷൻ കുബേര വന്നതോടെ ഒരുകോടി രൂപയുടെ നഷ്ടമുണ്ടായി. തുടർന്ന് ആത്മീയതയിലേക്കു തിരിഞ്ഞ പ്രതികൾ സ്വാമിയുമായി പരിചയപ്പെടുകയായിരുന്നു. ആന്ധ്രയിൽനിന്നാണ് നോട്ടടിക്കാനുള്ള മെഷീൻ പ്രതികൾ വാങ്ങിയത്. ബെംഗളൂരുവിൽനിന്ന് നോട്ടിന്റെ ത്രഡ് നിർമാണത്തിനാവശ്യമായ സാമഗ്രികളും പേപ്പറും വാങ്ങി 2014 മുതൽ നോട്ടടി തുടങ്ങി. ഇങ്ങനെ, നിർമാണത്തിലിരുന്നതും നിർമാണം പൂർത്തിയായതുമായ 57 ലക്ഷം രൂപയാണ് കൊല്ലത്തെ ഇവരുടെ വീട്ടിൽനിന്നു പിടിച്ചെടുത്തത്. ഇവർക്ക് പ്രമുഖ സിനിമാ നടനുമായും നിർമ്മാതാവുമായും അടുത്ത ബന്ധമുണ്ടെന്നും തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു. സിനിമ-സീരിയൽ മേഖലയിലെ പ്രമുഖർക്ക് കള്ളനോട്ട് കേസുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണവും ആരംഭിച്ചു. ആഡംബര ജീവിതം നയിച്ചിരുന്നത് കള്ളനോട്ട് കൈമാറ്റം വഴി മാത്രമാണോ, ഇവരുടെ മറ്റ് വരുമാന മാർഗങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ബാങ്ക് നിക്ഷേപവും പരിശോധിച്ചുവരികയാണ്. കേസിലെ പ്രതികളിലൊരാളായ ലിയോയുടെപേരിൽ, വിവിധ സ്റ്റേഷനുകളിലായി മോഷണത്തിനും പീഡനത്തിനും കേസുകളുണ്ടായിരുന്നു. മറ്റൊരു പ്രതിയായ രവീന്ദ്രനെ പിന്തുടർന്ന് 2016-ൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കള്ളനോട്ടടി സംഘങ്ങളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. അന്ന് 13 പ്രതികളെ അറസ്റ്റുചെയ്ത പോലീസ്, കള്ളനോട്ടടിയന്ത്രങ്ങളും കണ്ടെടുത്തിരുന്നു.