സ്വന്തം ലേഖിക
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ മാത്രം പ്രചരിച്ചുകൊണ്ടിരുന്ന രോഗമായ ചെള്ളുപനി കേരളത്തില്‍ ഇതിനോടകം മൂന്നുപേരുടെ ജീവനാണ് കവര്‍ന്നത്.
ഇത് കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലായി ദിനംപ്രതി രോഗികളുടെ എണ്ണത്തിലും വര്ദ്ധനവുണ്ടായിരിക്കയാണ്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 259 പേര്‍ക്ക് ചെള്ളുപനി ബാധ സ്ഥിരീകരിച്ചെന്നാണ് പറയപ്പെടുന്നത്. എറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. പിന്നീട് കൂടുതല്‍ ചെള്ളുപനി കേസുകള്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളുടെ വിഭാഗത്തില്‍പ്പെട്ട പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. ഓറിയന്‍ഷ്യ സുസുഗാമുഷി എന്നയിനം ബാക്ടീരിയകളാണ് ചെള്ളുപനി രോഗമുണ്ടാക്കുന്നത്. എലിവര്‍ഗത്തില്‍പ്പെട്ട ജീവികളുടെ ശരീരത്തില്‍ കാണപ്പെടുന്ന ബാക്ടീരിയ അണുക്കളാണ് ഓറിയന്‍ഷ്യ സുസുഗാമുഷി.
രോഗം അറിയപ്പെടുന്നത് ചെള്ളുപനി എന്ന പേരിലാണങ്കിലും രോഗകാരണമായ ബാക്ടീരിയ അണുക്കളെ നേരിട്ട് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുമെല്ലാം പടര്‍ത്തുന്നത് ചെറുപ്രാണികളായ മൈറ്റ് അഥവാ സൂക്ഷ്മപ്രാണികളുമായ ചിഗ്ഗര്‍ മൈറ്റുകളാണ്.
ട്രോമ്പികുലിഡെ വിഭാഗത്തില്‍പ്പെട്ട ലാര്‍വ ദശയിലുള്ള ചിഗ്ഗര്‍ മൈറ്റുകള്‍ എലി, പെരുച്ചാഴി, അണ്ണാന് തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളുടെ ശരീരത്തിലും പുല്ലിലുമെല്ലാമാണ് പൊതുവെ കാണപ്പെടുന്നത്.
അണുവാഹകരായ മൈറ്റുകളുടെ കടിയേല്‍ക്കുമ്പോള്‍ എലിവര്‍ഗത്തില്‍പ്പെട്ട ജീവികളില്‍ ബാക്ടീരിയകള്‍ എത്തുകയും പെരുകുകയും ചെയ്യും. ക്രമേണ ചെള്ളുപനി ബാക്ടീരിയയുടെ സംഭരണിയായി മാറുന്ന എലികളില്‍നിന്ന് അണുബാധയേറ്റിട്ടില്ലാത്ത പുതിയ മൈറ്റുകളിലേക്ക് ബാക്ടീരിയകള്‍ പകരും. അണുവാഹകരായ പെണ് മൈറ്റുകളില്‍ നിന്ന് അവയിടുന്ന മുട്ടകളിലേക്കും മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന ലാര്‍വകളിലേക്കും ലാര്‍വകള്‍ വലുതായുണ്ടാകുന്ന മുതിര്‍ന്ന മൈറ്റുകളിലേക്കുമെല്ലാം ബാക്ടീരിയ അണുവിന്റെ സ്വാഭാവികവ്യാപനം നടക്കും.
അണുവാഹകരായ ഈ ചിഗ്ഗര്‍ മൈറ്റുകളുടെ കടിയേല്‍ക്കുമ്പോള്‍ രോഗകാരിയായ ഓറിയന്‍ഷ്യ സുസുഗാമുഷി ബാക്ടീരിയകള്‍ മനുഷ്യരിലുമെത്തി രോഗമുണ്ടാക്കുന്നു. മഴക്കാലത്തെ നനവുള്ള സാഹചര്യത്തില്‍ എലികളില്‍ കൂടുതലായി ഇത്തരം മൈറ്റ് പദാര്‍ത്ഥങ്ങള്‍ കാണുന്നതിനാല്‍ ചെള്ളുപനി രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. മൈറ്റ് അഥവാ മണ്ഡരി ലാര്‍വകള്‍ വഴി പകരുന്നതിനാല്‍ മൈറ്റ് ഫീവര്‍ എന്നും രോഗം അറിയപെടുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് കിഴക്കനേഷ്യയില്‍ തമ്പടിച്ചിരുന്ന പട്ടാളക്കാര്‍ക്കിടയില്‍ മാരകമായ രീതിയില്‍ ചെള്ളുപനി പടര്‍ന്നു പിടിച്ചിരുന്നു. ഇന്നും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലാണ് ചെള്ളുപനി കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയില്‍ പശ്ചിമ ബംഗാള്‍, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ചെള്ളുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെള്ളുപനി എങ്ങനെ തിരിച്ചറിയാം ?
ചിഗ്ഗര്‍ മൈറ്റുകളുടെ കടിയേറ്റാല്‍ രണ്ടാഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. മെറ്റുകളുടെ കടിയേറ്റ ശരീരഭാഗത്ത് തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാട് കാണുകയും പിന്നീട് സിഗരറ്റുകൊണ്ട് പൊള്ളിച്ചതുപോലെ കറുത്ത വ്രണമായി മാറുകയും ചെയ്യുന്നതാണ് രോഗത്തിന്റെ പ്രധാന സൂചന. എന്നാല്‍ രോഗം ബാധിക്കുന്ന എല്ലാവരിലും ഈ ലക്ഷണം കാണണമെന്നുമില്ല. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് മറ്റു പ്രധാന രോഗലക്ഷണങ്ങള്‍. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി സമാന ലക്ഷണങ്ങളുള്ള രോഗങ്ങളില്‍ നിന്നെല്ലാം ചെള്ളുപനിയെ വേര്‍തിരിച്ചറിഞ്ഞ് ചികിത്സ നല്‍കേണ്ടതുണ്ട്. രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയും, മതിയായ ചികിത്സകള്‍ ഉറപ്പുവരുത്താതിരിക്കുകയും ചെയ്താല്‍ രോഗം തീവ്രമായി തീരും.
രോഗം ഗുരുതരമായാല്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാവുകയും ജീവന് അപകടത്തിലാവുകയും ചെയ്യും. അതിനാല്‍ വേഗത്തിലുള്ള രോഗനിര്‍ണയവും ചികിത്സയും ഏറെ പ്രധാനപെട്ടതാണ്. ഒരാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
വനപ്രദേശങ്ങളിലും പുല്‍മേടുകളിലുമെല്ലാം പോകേണ്ടിവരുമ്പോള്‍ മൈറ്റ് ലാര്‍വകളുടെ കടിയേല്‍ക്കാതിരിക്കാന്‍ നീണ്ടവസ്ത്രങ്ങളും കൈയ്യുറയും ഗംബൂട്ടുകളും ധരിക്കണം. വസ്ത്രത്തിന് പുറമേയുള്ള ശരീര ഭാഗങ്ങളില്‍ മൈറ്റുകളെ അകറ്റി നിര്‍ത്തുന്ന ഒഡോമസ്, ബെന്‍സൈല്‍ ബെന്‍സോയേറ്റ് ( ബിബി എമല്‍ഷ്യന്‍) പോലുള്ള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത് ഉചിതമാണ്.
തിരിച്ച് വന്ന ഉടന്‍ ചൂടുവെള്ളത്തില്‍ കുളിക്കുകയും, വസ്ത്രങ്ങള്‍ കഴുകുകയും വേണം. വനപ്രദേശങ്ങളില്‍ ജോലിക്കു പോകുമ്പോള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. അങ്ങനെ ഉപയോഗിക്കുമ്പോള്‍ അതില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുള്ള ചെള്ളുകള്‍ക്ക് കടിക്കാന്‍ ഉള്ള അവസരം കൂടുന്നു. വസ്ത്രങ്ങള്‍ നിലത്തോ പുല്ലിലോ ഉണക്കാനായി വിരിയ്ക്കുന്ന ശീലം ഒഴിവാക്കുകയും വേണം.