
കോട്ടയം: മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്ബോള്‍ മാലിന്യനീക്കത്തില്‍ ഒരുപങ്ക് ആക്രിക്കച്ചവടക്കാർക്കുമുണ്ട്. സംഘടനയും മൊബൈല്‍ ആപ്പുമൊക്കെയായി ആക്രിബിസിനസും വളരുകയാണ്. കേരളത്തില്‍ ഒരുദിവസം ഏകദേശം 10000 ടണ്‍ ആക്രിസാധനങ്ങള്‍ നീക്കുന്നുണ്ടെന്നാണ് കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ കണക്ക്. ഇരുമ്ബ്, ഇ-മാലിന്യം, പ്ലാസ്റ്റിക്, പേപ്പർ, കുപ്പി, ബാറ്ററി തുടങ്ങി വിവിധതരം ഖരമാലിന്യം ഇതിലുള്‍പ്പെടും. ഒരുദിവസം കേരളത്തില്‍ 12000 ടണ്‍ ഖരമാലിന്യം ഉണ്ടാകുന്നെന്നാണ് കണക്ക്. കിലോയ്ക്ക് ഒന്നര രൂപ മുതല്‍ 100-ന് വരെയാണ് കുപ്പിച്ചില്ല് മുതല്‍ ബാറ്ററി വരെയുള്ള ആക്രിസാധനങ്ങള്‍ എടുക്കുന്നത്.
പഴയ സങ്കല്പത്തില്‍ ഇതൊരു ചെറിയ കച്ചവടം. പ്രയോഗത്തിലിപ്പോള്‍ വലിയ ബിസിനസ്. കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷനാണ് ഈ മേഖലയിലെ അംഗബലമുള്ള പ്രബല സംഘടന. അതില്‍മാത്രം 4628 അംഗങ്ങള്‍. മറ്റു രണ്ട് സംഘടനകള്‍ വേറെയുമുണ്ട്. ആക്രിയെടുക്കുന്ന പതിനായിരത്തോളം സ്ഥാപനങ്ങളാണ് കേരളത്തില്‍ പ്രവർത്തിക്കുന്നത്. 18 ശതമാനം ജിഎസ്ടി അടച്ച് സർക്കാർ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇപ്പോള്‍ ആക്രിവ്യാപാരം. ഏകദേശം മൂന്നുലക്ഷത്തോളം പേർ നേരിട്ടും അല്ലാതെയും ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നു.
മൊബൈല്‍ ആപ്പ് വഴിയും ആക്രിവില്‍പ്പന സജീവം. ഇപ്പോള്‍ ഇതിന് വലിയ സമൂഹ പങ്കാളിത്തവുമുണ്ട്. ആക്രിക്കട എന്ന പേരിലാണ് സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ആപ്പ്. വില്‍ക്കാനുണ്ടെന്ന വിവരം അറിയിച്ചാല്‍ അഞ്ച് കിലോമീറ്റർ പരിധിയിലുള്ള വ്യാപാരികള്‍ക്ക് ആദ്യം വസ്തുവിന്റെ വിവരങ്ങള്‍ നോട്ടിഫിക്കേഷനായി നല്‍കും. ആപ്പിന്റെ പ്രവർത്തനം അംഗങ്ങള്‍ക്കിടയില്‍ പൂർണതോതിലായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group






