ഇത് മലയാളികൾ ക്ഷണിച്ചു വരുത്തിയ ദുരന്തം; മാധവ് ഗാഡ്കിൽ
സ്വന്തം ലേഖകൻ
മുംബൈ: കേരളത്തിലുണ്ടായ പ്രളയക്കെടുതി ക്ഷണിച്ചു വരുത്തിയതാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ജനകീയ പാരിസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതൽ ലളിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിൽ ഉണ്ടാകുന്ന പേമാരി കാലവർഷത്തിൽ നിന്നുണ്ടായ മനുഷ്യ നിർമിത ദുരന്തമാണ്. മഴ മാത്രമല്ല ഇതിന് കാരണം. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയിൽ ഉപയോഗിച്ചതാണ് ഇതിന് കാരണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കണമെന്ന് ശുപാർശ നൽകിയിരുന്നു. എന്നാൽ ഒന്നും നടപ്പായില്ലെന്ന് ഗാഡ്ഗിൽ വ്യക്തമാക്കി. റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തം ഉണ്ടാവില്ലായിരുന്നു എന്ന് അവകാശപ്പെടുന്നില്ല. പക്ഷെ ദുരന്തത്തിന്റെ വ്യാപ്തി കുറയുമായിരുന്നു. കയ്യേറ്റം കുത്തനെ വ്യാപിച്ചു. ജലാശയങ്ങളും ഭൂഗർഭ ജലം സംരക്ഷിക്കേണ്ട തണ്ണീർത്തടങ്ങളും കൈയ്യേറ്റം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് വെള്ളത്തിന്റെ ഒഴുക്ക് ഗുരുതരമായി മാറിയത്. പാറമടകൾ മണ്ണിടിച്ചിലിനും കാരണമായി. സ്ഥാപിത താത്പര്യങ്ങൾ ഉള്ളവർ ഒന്നിച്ചു. അവരാണ് ദുരന്തത്തിന്റെ ഉത്തരവാദികൾ. ഇക്കാര്യം ജനങ്ങൾ പരിശോധിക്കണം. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള രാജ്യങ്ങൾ സാമ്പത്തികമായി പോലും വികസിച്ചിട്ടുണ്ട്. ജനങ്ങളെ ഉൾപ്പെടുത്തിയുള്ള പരിസ്ഥിതി സംരക്ഷണം നടത്തുന്നില്ലെന്നും ഗാഡ്ഗിൽ പറഞ്ഞു.