ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു; ആശങ്ക ഒഴിയുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു; ആശങ്ക ഒഴിയുന്നു

സ്വന്തം ലേഖകൻ

ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. തുടർച്ചയായി മൂന്നാം ദിവസവും ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് വച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഒമ്പതിന് ലഭിച്ച കണക്ക് പ്രകാരം 2400.24 അടിയാണ് ജലനിരപ്പ്. മഴയും ഒഴുകിയെത്തുന്ന വെള്ളവും കണക്കാക്കി മാത്രമേ ഷട്ടർ അടയ്ക്കുന്ന കാര്യങ്ങൾ തീരുമാനിക്കൂ എന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പിന്നാലെ എത്തുന്ന തുലാമഴയും കണക്കിലെടുക്കണം. ഇത് മൂന്നാം തവണയാണ് ഷട്ടറുകൾ തുറക്കുന്നതെങ്കിലും അഞ്ച് ഷട്ടറുകൾ ഒരുമിച്ച് മൺസൂൺ സമയത്ത് തുറക്കുന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റർ വീതം തുറന്നത്. അന്ന് മുതൽ 7,50,000 ലിറ്റർ വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് വരുന്നത്. അവസാനം വിവരം ലഭിക്കുമ്‌ബോൾ 6,69,000 ലിറ്റർ വെള്ളമാണ് ഓരോ സെക്കൻഡിലും സംഭരണിയിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 1,13,000 ലക്ഷം ലിറ്റർ വെള്ളം ഓരോ സെക്കൻഡിലും വൈദ്യുതി ഉൽപ്പാദനത്തിനായും കൊണ്ടുപോകുന്നുണ്ട്. ഒഴുക്കിവിടുന്നതും വൈദ്യുതി ഉൽപ്പാദനത്തിന് എടുക്കുന്നതുമായി ഒരു സെക്കൻഡിൽ ശരാശരി 8.6 ലക്ഷത്തിലധികം ലിറ്റർ വെള്ളം മാറുന്നതാണ് ജലനിരപ്പ് കുറയാൻ കാരണമാകുന്നത്. ഇന്നലെ രാവിലെ ആറിന് ലഭിച്ച കണക്ക് പ്രകാരം 2401.16 അടിയായിരുന്നു ജലനിരപ്പ്. ഉച്ചയ്ക്ക് 12ന് 2400.88 അടിയായും വൈകിട്ട് അഞ്ചിന് 2400.48 അടിയായും കുറഞ്ഞു. ഈ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ കുറഞ്ഞത് ഒന്നേകാൽ അടി വെള്ളമാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ ചെറുതോണി പാലത്തിലടക്കം കയറിയ വെള്ളത്തിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. അതേസമയം, കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 31 പേർ മരിച്ചു. അഞ്ചുപേരെ കാണാതായി. വെള്ളിയാഴ്ച രാത്രിയോടെ 29 മരണം റിപ്പോർട്ട് ചെയ്തിരുന്നു. ആലപ്പുഴയിലാണ് രണ്ടു പേർ കൂടി മരിച്ചത്. ഇടുക്കിയിൽ മൂന്നു പേരെയും മലപ്പുറത്തും പാലക്കാട്ടും ഓരോരുത്തരെയും കാണാതായി. 32 പേർക്ക് പരുക്കേറ്റിട്ടുണ്ട്. 1,501 വീടുകൾ ഭാഗികമായും 101 എണ്ണം പൂർണമായും നശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാൻ ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ സർക്കാർ ഏജൻസികളോടും ജില്ലാകലക്ടർമാരോടും നിർദേശിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.