തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍;പ്രവേശനോത്സവത്തിന് സ്‌കൂളുകള്‍ ഒരുങ്ങുന്നു

തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍;പ്രവേശനോത്സവത്തിന് സ്‌കൂളുകള്‍ ഒരുങ്ങുന്നു

Spread the love

സ്വന്തംലേഖകൻ

കോട്ടയം : വേനലവധിക്കുശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കോട്ടയം ജില്ലയില്‍ അന്തിമ  ഘട്ടത്തില്‍. ജൂണ്‍ മൂന്നിനാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. എല്ലാ സ്‌കൂളുകളിലേക്കുമുള്ള പുസ്തക വിതരണം പൂര്‍ത്തിയായിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. ഷൈലകുമാരി പറഞ്ഞു.
പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേക്ക് പുതിയതായി 13,005 വിദ്യാര്‍ഥികള്‍ മെയ് 17 വരെ പ്രവേശനം നേടിയിട്ടുണ്ട്. ഒന്നാം ക്ലാസില്‍ പഠനം ആരംഭിക്കുന്ന 6273 പേരും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ അഡ്മിഷനുകള്‍ ഏറ്റവും കൂടുതല്‍ കോട്ടയം ഈസ്റ്റ് ഉപജില്ലയിലാണ്-1722 പേര്‍. സ്‌കൂള്‍ തുറക്കുന്നതുവരെ പ്രവേശന നടപടികള്‍ തുടരും.
ഒന്നാം ക്ലാസിലും പ്ലസ് വണ്ണിലും ഒരേ ദിവസം ക്ലാസ് ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. രണ്ട് ക്ലാസുകളിലേക്കുമുള്ള പ്രവേശനോത്സവം സംയുക്തമായാണ് നടത്തുക. കാഞ്ഞിരപ്പള്ളി പനമറ്റം ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് ജില്ലാതല പ്രവേശനോത്സവം.
സ്‌കൂളുകളുടെ അറ്റകുറ്റപണികളും മഴക്കാലപൂര്‍വ്വ ശുചീകരണവും പൂര്‍ത്തിയായി. കിണറുകള്‍ വൃത്തിയാക്കുകയും ജലസംഭരണികളും ടോയ്‌ലറ്റുകളും ശുചീകരിക്കുകയും ചെയ്തു. അപകട സാധ്യതയുള്ള മരശിഖരങ്ങള്‍ വെട്ടിമാറ്റി. അധ്യാപക-രക്ഷാകര്‍തൃ സംഘടനയുടെ സഹകരണത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. കിണര്‍ സൗകര്യം ഇല്ലാത്ത സ്‌കൂളുകളില്‍ തൊട്ടടുത്തുള്ള കുടിവെള്ള സ്രോതസുകള്‍ പ്രയോജനപ്പെടുത്തും.
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂളുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും ലഭ്യമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്‍.പി വിഭാഗത്തിലും സ്മാര്‍ട് ക്ലാസ് മുറികള്‍ സജ്ജമാക്കുന്നിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു. പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ക്ഷണിക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തിയ ഗൃഹ സമ്പര്‍ക്ക പരിപാടി പൂര്‍ത്തിയായി. അധ്യാപകര്‍ക്കുള്ള പരിശീലനം മെയ് 25 ന് സമാപിക്കും.
നാല് ഡി.ഇ.ഒമാരുടെയും 13 എ.ഇ.ഒമാരുടെയും നേതൃത്വത്തിലാണ് വിവിധ മേഖലകളില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയത്. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി വളര്‍ത്തുന്നതിന് ലക്ഷ്യമിട്ട് എല്ലാ സ്‌കൂളുകളിലും പഠനോത്സവങ്ങള്‍ നടത്തിയിരുന്നു.