Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പൊൻമുടി സർക്കാർ യു.പി സ്കൂളിലെ കുട്ടികളും അധ്യാപകരും ഗുരുതര സുരക്ഷാ ഭീഷണി നേരിടുന്നതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ വകുപ്പുകളെ പഴിചാരി രക്ഷപെടാൻ കഴിയുകയില്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

video
play-sharp-fill

വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടർ നേരിട്ട് നടത്തണമെന്നും കാലതാമസം കൂടാതെ ചുറ്റുമതിൽ നിർമ്മിച്ച് കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വനാതിർത്തിയിലുള്ള സ്കുളിൽ 42 പിഞ്ചുകുഞ്ഞുങ്ങളും എട്ട് അധ്യാപകരുമുണ്ട്. ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2023 ഫെബ്രുവരി 24 ന് സ്കൂളിൽ ആന കയറിയെന്നും ജില്ലാ കളക്ടർ നേരിട്ട് പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഡി.എഫ്.ഒ, നെടുമങ്ങാട് തഹസിൽദാർ, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ വകുപ്പുതല യോഗം വിളിച്ചുകൂട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യൂ റെക്കോർഡ് പ്രകാരം സ്കുളിന് 2.25 ഏക്കർ ഭൂമിയുണ്ടെങ്കിലും നിലവിൽ സ്കൂളിന്റെ കൈവശത്തിൽ 45 സെന്റ് മാത്രമേയുള്ളുവെന്നും ജില്ലാ കളക്ടർ അറിയിച്ചു. യു.പി സ്കൂളിന് 1 ഏക്കർ 10 സെന്റ് ഭൂമി ആവശ്യമുള്ള സാഹചര്യത്തിൽ 47 സെന്റിന് പുറമേയുളള 63 സെന്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ആവശ്യമില്ല.

ഈ ഭൂമി പരിവേശ് പോർട്ടലിൽ ഉൾപ്പെടുത്തി സർക്കാരിന് തീരുമാനമെടുക്കാവുന്നതാണെന്ന് വനം വകുപ്പ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി പരിവേശ് പോർട്ടലിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ സ്വൈര്യവിഹാരം നടത്തുന്നത് നിത്യ സംഭവമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.