
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങുന്നു. ക്ഷേമപെൻഷൻ തുകയില്‍ വർധന, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിയർനസ് അലവൻസ് (ഡിഎ) കുടിശിക വിതരണം, ശമ്പള പരിഷ്കരണം തുടങ്ങിയവയാണ് പ്രധാനമായും സർക്കാറിന്റെ പരിഗണനയിലുള്ളത്.
ധനവകുപ്പിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും എല്‍ ഡി എഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ധാനങ്ങള്‍ നിറവേറ്റാനുള്ള നീക്കത്തിലാണ് സർക്കാർ. പ്രകടന പത്രികയില്‍ ക്ഷേമപെൻഷൻ 2500 ആക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, നിലവിലെ സാമ്ബത്തിക സ്ഥിതി വലിയ വർധനയ്ക്ക് അനുവദിക്കുന്നില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
എന്നിരുന്നാലും, നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്ഷേമപെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയിലേക്ക് ഉയർത്തുന്നതാണ് പരിഗണനയിലുള്ളത്.
ഇത് ഒക്ടോബറില്‍ തന്നെ നടപ്പാക്കിയേക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് 500 രൂപ കൂടി വർധിപ്പിച്ച് അത് 2500 ലേക്കും എത്തിച്ചേക്കാം. നിലവില്‍ 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 വീതം പെൻഷൻ വിതരണം ചെയ്യുന്നുണ്ട്. കുടിശ്ശികയെല്ലാം ഇതിനോടകം തീർക്കുകയും ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഎ കുടിശികയുടെ കാര്യത്തിലും സർക്കാർ ശുഭസൂചനയാണ് നല്‍കുന്നത്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റില്‍ ഒരു ഇൻസ്റ്റാള്‍മെന്റ് ഡിഎ (3%) അനുവദിച്ചിരുന്നു, ഇത് സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് ലഭ്യമാക്കി. ഇതിനായി 2000 കോടി ചെലവഴിച്ചു. നിലവിലെ സാമ്ബത്തിക വർഷത്തിനുള്ളില്‍ മറ്റൊരു ഇൻസ്റ്റാള്‍മെന്റ് കൂടി വിതരണം ചെയ്യാനുള്ള നിർദേശമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി ഡിഎ ഇൻസ്റ്റാള്‍മെന്റുകള്‍ കുടിശികയായിരുന്നു, എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇവ പൂർണമായി വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ശമ്പള പരിഷ്കരണത്തിന്റെ കാര്യത്തില്‍, 12-ാം പേ റിവിഷൻ കമ്മീഷൻ രൂപീകരിക്കാതെ സെക്രട്ടറി തല കമ്മിറ്റി വഴി നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ജൂണില്‍ ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് ഇതിനായി പ്രതിഷേധ മാർച്ചുകള്‍ നടത്തിയിരുന്നു. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നത് വോട്ടർമാരുടെ പിന്തുണ വർധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. 11-ാം പേ റിവിഷൻ 2019-ല്‍ നടപ്പാക്കിയിരുന്നു, 12-ാം റിവിഷൻ 2024 ജൂലൈ മുതല്‍ നടപ്പാക്കേണ്ടതായിരുന്നു, എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം വൈകുകയായിരുന്നു. സിപിഎം അനുകൂല സർവീസ് സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയത്ന് പ്രഖ്യാപനങ്ങള്‍ക്ക് മുന്നോടിയായിട്ടാണെന്നാണ് വിലയിരുത്തുന്നത്.
ഈ നടപടികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം വർധിപ്പിക്കുമെങ്കിലും, ക്ഷേമപ്രവർത്തനങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിലപാട്. കഴിഞ്ഞ നാലര വർഷത്തിനിടെ ക്ഷേമപെൻഷനുകള്‍ക്കായി 43000 കോടി ചെലവഴിച്ചതായി അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ ‘ബംപർ’ നടപടികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വലിയ വർധനകള്‍ ഉണ്ടാകില്ലെന്നും സൂചനയുണ്ട്.







