സര്‍ഗ്ഗാത്മ സംവാദ വേദിയായി കാമ്പസുകള്‍ മാറണമെന്ന് ഡോ. ജയരാജ് എം.എല്‍.എ
സ്വന്തം ലേഖകൻ
കോട്ടയം :കോളേജ് കാമ്പസുകള്‍ സര്‍ഗ്ഗാത്മ സംവാദത്തിനുള്ള വേദിയായി മാറണമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുസ്തക ചര്‍ച്ചയോ സാഹിത്യ സംവാദങ്ങളോ കാമ്പസുകളില്‍ നടക്കുന്നില്ല. വിദ്യാര്‍ത്ഥി മനസ്സുകളെ സ്വാധീനിക്കുന്ന തരത്തില്‍ സമകാലിക പ്രസക്തിയുള്ള പഴയതും പുതിയതുമായ സാഹിത്യ കൃതികള്‍ ചര്‍ച്ച ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് വര്‍ഗ്ഗീയ വാദമുള്‍പ്പെടെയുള്ള തെറ്റായ നടപടികളില്‍ കുട്ടികള്‍ പെട്ടു പോകുന്നത്. മനുഷ്യരെ മനുഷ്യരാക്കി മാറ്റുന്ന വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോണ്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ചങ്ങമ്പുഴയുടെ കഥകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി. കെ. കരുണാകരന്‍ പുസ്തകം ഏറ്റു വാങ്ങി. വാഴൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്‌ക്കലാദേവി അധ്യക്ഷത വഹിച്ചു. ഏഴാച്ചേരി രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗണ്‍സില്‍ ആദ്യ സെക്രട്ടറി അന്തരിച്ച ഐ.വി ദാസിനെ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പ്രൊഫ.കെ.ആര്‍ ചന്ദ്രമോഹന്‍ അനുസ്മരിച്ചു. പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ ഇ.എന്‍.വാസു, ജയിംസ് വര്‍ഗ്ഗീസ, ബിജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോ.സെക്രട്ടറി പൊന്‍കുന്നം സെയ്ത് സ്വാഗതവും പി.ആര്‍.ഡി അസി.എഡിറ്റര്‍ കെ. ബി. ശ്രീകല നന്ദിയും പറഞ്ഞു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് , കുടുംബശ്രീ, സാക്ഷരതാ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ജൂണ്‍ 19 നാണ് വായനാപക്ഷാചരണം ആരംഭിച്ചത്.