
ചെന്നൈ : ഒന്നുമില്ലായ്മയിൽ നിന്നും ഒരു കർഷകപുത്രൻ ലോകത്തിന്റെ തന്നെ നെറുകയിൽ എത്തിച്ച ഒരു ദോശ ബ്രാന്റ് ഉണ്ട്. തമിഴ്നാട്ടിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്ന് വെറും കൈയ്യോടെ ചെന്നൈ നഗരത്തിലെത്തിയ ആ കർഷക പുത്രൻ ലോകത്തിലെ 28 രാജ്യങ്ങളില്‍ സാമ്രാജ്യം സ്ഥാപിച്ച ‘ദോശ കിംഗ്’ ആയി മാറി. ലോകത്തിന്റെ നെറുകയിൽ നിന്നപ്പോഴും വിധി വില്ലനായി വന്നു. ഒടുവിൽ ശതകോടികള്‍ വിലമതിക്കുന്ന ഈ ഭക്ഷണ സാമ്രാജ്യത്തിന്റെ തിളക്കത്തിന് പിന്നില്‍, ഒരു ജ്യോത്സ്യന്റെ പ്രവചനവും, ഒരു യുവതിയോടുള്ള അന്ധമായ പ്രണയവും, ഒടുവില്‍ ഒരു ചോരക്കറ പുരണ്ട കൊലപാതകവുമുണ്ട്. ലണ്ടനിലും ന്യൂയോർക്കിലും ദുബായിലും ആളുകള്‍ ഇഡ്ഡലിയും മസാലദോശയും കഴിക്കാൻ ക്യൂ നില്ക്കുന്ന തരത്തിൽ ഉയരത്തിലേക്ക് എത്തിയ ഈ ബ്രാൻഡ് ഉടമയുടെ പതനം അപ്രതീക്ഷിതമായിരുന്നു.
1973-ല്‍ തൂത്തുക്കുടി ജില്ലയിലെ പുന്നയ്യാടി എന്ന കർഷക ഗ്രാമത്തില്‍ നിന്നാണ് ഈ കഥയുടെ തുടക്കം. ദാരിദ്ര്യം മാത്രം നിറഞ്ഞ ഒരു സാധാരണ ഉള്ളി വ്യാപാരിയുടെ മകനായി ജനിച്ച്, കൃത്യമായ വിദ്യാഭ്യാസം പോലുമില്ലാതെ പി രാജഗോപാല്‍ എന്ന ഇരുപത്തിയാറുകാരൻ ചെന്നൈ നഗരത്തില്‍ വണ്ടിയിറങ്ങുമ്പോള്‍ കയ്യില്‍ വലിയ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. വിശപ്പടക്കാൻ വേണ്ടി അദ്ദേഹം ചെന്നൈയില്‍ ആദ്യം തുടങ്ങിയത് ഒരു ചെറിയ പലചരക്ക് കടയായിരുന്നു. കടയിലിരുന്ന് കച്ചവടം നടത്തുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ ആ തിരക്കേറിയ നഗരത്തിലെ മനുഷ്യരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ദൂരദേശങ്ങളില്‍ നിന്നും ജോലിക്കും മറ്റുമായി ചെന്നൈയിലെത്തുന്ന സാധാരണക്കാർക്ക് കഴിക്കാൻ വൃത്തിയുള്ള ഒരു ഹോട്ടല്‍ പോലുമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അന്നത്തെ പല ഹോട്ടലുകളിലും വൃത്തിഹീനമായ അടുക്കളകളും ഗുണനിലവാരമില്ലാത്ത ഭക്ഷണവുമായിരുന്നു നല്‍കിയിരുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ ജനങ്ങൾക്ക് വൃത്തിയുള്ള ഭക്ഷണം നൽകുകയെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ചു. പിന്നാലെ 1981-ല്‍ ചെന്നൈയിലെ കെ.കെ. നഗറില്‍ അദ്ദേഹം തന്റെ ആദ്യത്തെ റെസ്റ്റോറന്റ് തുറന്നു. അതിന്റെ പേരായിരുന്നു ‘ശരവണ ഭവൻ’.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെന്നൈയില്‍ അന്ന് നിലവിലുണ്ടായിരുന്ന നൂറുകണക്കിന് പരമ്പരാഗത ഹോട്ടലുകളോട് മത്സരിക്കാൻ ശരവണ ഭവൻ കഠിനമായി സ്ട്രഗിള്‍ ചെയ്തു. കടം പെരുകിയിട്ടും രാജഗോപാല്‍ ഒരൊറ്റ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല; അത് ഭക്ഷണത്തിന്റെ ക്വാളിറ്റിയും പവിത്രതയുമായിരുന്നു. ഹോട്ടലുകളില്‍ സ്റ്റെയിൻലെസ് സ്റ്റീല്‍ പാത്രങ്ങള്‍ നിർബന്ധമാക്കിയും, ജീവനക്കാർക്ക് വൃത്തിയുള്ള യൂണിഫോം നല്‍കിയും, അടുക്കള എപ്പോഴും തിളങ്ങി നില്ക്കുന്ന രീതിയില്‍ സൂക്ഷിച്ചും അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു.
‘ഇന്ന് കഴിക്കുന്ന ദോശയുടെ അതേ രുചി തന്നെയായിരിക്കണം നാളെ കഴിക്കുമ്പോഴും’ എന്നതായിരുന്നു അദ്ദേഹത്തിന്റെ പോളിസി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം കണ്ടിരുന്ന ആ ആഡംബര ശുചിത്വം സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കിയതോടെ, ചെന്നൈയിലെ മധ്യവർഗ്ഗ കുടുംബങ്ങള്‍ ശരവണ ഭവനെ നെഞ്ചിലേറ്റി. ഒരൊറ്റ ദോശയില്‍ നിന്ന് മെനുവിലേക്ക് 25-ലധികം ദോശകള്‍, മിനി ടിഫിൻ, ഊണ്, നോർത്ത് ഇന്ത്യൻ വിഭവങ്ങള്‍, ഫില്‍റ്റർ കോഫി എന്നിവ കടന്നുവന്നതോടെ ശരവണ ഭവൻ ഒരു ബ്രാൻഡായി മാറി.
2000-ല്‍ ദുബായില്‍ ആദ്യ അന്താരാഷ്ട്ര ശാഖ തുറന്നുകൊണ്ട് ശരവണ ഭവൻ ലോകം കീഴടക്കാൻ തുടങ്ങി. യു.എസ്.എ, കാനഡ, യുകെ, ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ തുടങ്ങി 28-ലധികം രാജ്യങ്ങളിലേക്ക് ഈ ശൃംഖല പടർന്നു. തന്റെ ബിസിനസ്സിന്റെ വിജയത്തിന് കാരണം ജീവനക്കാരാണെന്ന് മനസ്സിലാക്കിയ രാജഗോപാല്‍ അവർക്ക് സൗജന്യ താമസവും, ഭക്ഷണവും, മെഡിക്കല്‍ സഹായവും, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും നല്കി അവരെ പൊന്നുപോലെ നോക്കി.
പക്ഷേ, വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഈ തിളങ്ങുന്ന വിജയകഥയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയ ആ അധ്യായം സംഭവിക്കുന്നത്. തന്റെ ഒരു ജീവനക്കാരന്റെ മകളായ ജീവജ്യോതി എന്ന യുവതിയെ മൂന്നാം ഭാര്യയാക്കിയാല്‍ തന്റെ ബിസിനസ്സ് ഇനിയും വളരുമെന്നും ഐശ്വര്യമുണ്ടാകുമെന്നും ഒരു ജ്യോത്സ്യൻ രാജഗോപാലിനെ വിശ്വസിപ്പിച്ചു. എന്നാല്‍ ജീവജ്യോതിക്ക് ഈ ബന്ധത്തോട് താല്പര്യമില്ലായിരുന്നു. അവള് ശാന്തകുമാർ എന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. തന്റെ വലിപ്പവും പണവും കണ്ട് ആ പെണ്‍കുട്ടി വഴങ്ങാത്തതും മറ്റൊരുവനെ വിവാഹം കഴിച്ചതും രാജഗോപാലിന്റെ അഹങ്കാരത്തെ മുറിവേല്‍പ്പിച്ചു.
അധികാരവും പണക്കൊഴുപ്പും തലയ്ക്ക് പിടിച്ച രാജഗോപാല്‍ ശാന്തകുമാറിനെ വധിക്കാൻ ഗുണ്ടകളെ ഏർപ്പാടാക്കി. ഒടുവില്‍ 2001-ല്‍ ശാന്തകുമാറിന്റെ മൃതദേഹം കൊടൈക്കനാല്‍ വനത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും, അന്വേഷണം രാജഗോപാലിലേക്ക് നീളുകയും ചെയ്തു. ഈ ക്രിമിനല്‍ കേസ് ലോകമെമ്പാടുമുള്ള ശരവണ ഭവന്റെ ആരാധകരെ ഞെട്ടിച്ചു കളഞ്ഞു. വർഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, 2019-ല്‍ ഇന്ത്യൻ സുപ്രീം കോടതി രാജഗോപാലിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എന്നാല്‍ ശിക്ഷ അനുഭവിക്കാൻ ജയിലില്‍ പ്രവേശിച്ച് ഏതാനും ദിവസങ്ങള്‍ക്കകം, കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ആ ‘ദോശ കിംഗ്’ മരണത്തിന് കീഴടങ്ങി.
അദ്ദേഹം പടുത്തുയർത്തിയ ‘ശരവണ ഭവൻ’ എന്ന ആഗോള ബ്രാൻഡ് ഇന്നും ലോകമെമ്പാടും സജീവമായി തുടരുന്നു. ഇന്ന് അദ്ദേഹത്തിന്റെ മക്കളുടെ നേതൃത്വത്തില്‍ നൂറിലധികം ശാഖകളോടെ തനത് ദക്ഷിണേന്ത്യൻ ഭക്ഷണത്തിന്റെ ആഗോള പ്രതീകമായി ഈ സ്ഥാപനം നിലനില്ക്കുന്നു. ഒരു ചെറിയ പലചരക്ക് കടയില്‍ നിന്ന് തുടങ്ങി ദോശയെ ലോകവിപണിയിലെത്തിച്ച ശരവണ ഭവന്റെ ചരിത്രം ബിസിനസ്സ് ലോകത്തിന് എന്നും ഒരു വലിയ പാഠമാണ്.







