
ഒരു നിമിഷംകൊണ്ട് ഒന്നുമില്ലാതായി,പണം എടുത്തോട്ടെ രേഖകൾ തിരിച്ചുവേണം ; നടൻ സന്തോഷ് കീഴാറ്റൂർ
സ്വന്തം ലേഖിക
കൊച്ചി: ട്രെയിൻ യാത്രക്കിടെ, നടൻ സന്തോഷ് കീഴാറ്റൂരിന്റെ പണവും തിരിച്ചറിയൽ രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തിരിച്ചറിയൽ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായത്. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷൂട്ട് നടക്കുന്ന കോഴിക്കോട്ടേക്ക് പോകാൻ തുരന്തോ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സന്തോഷ് കീഴാറ്റൂരിന്റെ ബാഗ് നഷ്ടമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്കൻഡ് ടയർ എസിയിലാണ് യാത്ര ചെയ്തത്. ബാത്ത്റൂമിൽ പോയി തിരിച്ചുവന്ന് നോക്കുമ്പോൾ ബെർത്തിൽ വച്ചിരുന്ന ബാഗ് നഷ്ടമായതായി സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
പണത്തൊടൊപ്പം ലൈസൻസ് , പാൻകാർഡ് തുടങ്ങി തിരിച്ചറിയൽ രേഖകൾ അടങ്ങിയ ബാഗാണ് നഷ്ടമായത്. ഉടൻ ടിടിആറിനെ വിവരമറിയിച്ചു. തുടക്കത്തിൽ റെയിൽവേ പൊലീസ് സഹായത്തിന് എത്തിയില്ലെന്നും കീഴാറ്റൂർ ആരോപിക്കുന്നു.
കോഴിക്കോട്ടേക്കാണ് പോകേണ്ടിയിരുന്നതിനാൽ വേറെ ബുദ്ധിമുട്ടുകൾ ഒന്നും നേരിടേണ്ടി വന്നില്ല. മറ്റുവല്ല സ്ഥലത്ത് വച്ചായിരുന്നു ബാഗ് നഷ്ടപ്പെട്ടിരുന്നതെങ്കിൽ കഷ്ടപ്പെട്ട് പോയേന്നെയെന്ന് നടൻ പറയുന്നു.
കോഴിക്കോട് എത്തിയശേഷം റെയിൽവേ പൊലീസിൽ പരാതി നൽകി. ബർമുഡയും ടിഷർട്ടും ധരിച്ച വ്യക്തി ബാഗ് എടുക്കുന്നത് സഹയാത്രികർ കണ്ടിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
‘പണം എടുത്തോട്ടെ, രേഖകൾ തിരിച്ചുവേണം, ഒരുനിമിഷം കൊണ്ട് ഒന്നും ഇല്ലാതായെന്ന്’ സന്തോഷ് പറഞ്ഞു.