
തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ട് പ്രതിസന്ധിയിലായ മമ്മൂട്ടി എന്ന മഹാനടനെ “ന്യൂഡൽഹി ” യിലൂടെ സൂപ്പർ താര പദവിയിലേക്ക് കൈപിടിച്ചുയർത്തിയത് ജോഷി ആയിരുന്നു :1978 -ൽ ” ടൈഗർ സലീം ” എന്ന ചിത്രം സംവിധാനം ചെയ്തു രംഗത്തെത്തിയ ജോഷിയുടെ ജന്മദിനം ഇന്ന്
കോട്ടയം: വർക്കലയിലെ വാസു തീയേറ്ററിൽ മാറി മാറി വരുന്ന എല്ലാ സിനിമകളും വെള്ളിയാഴ്ചത്തെ ആദ്യത്തെ പ്രദർശനം തന്നെ കാണാൻ തിയേറ്റർ ഉടമയുടെ മകന് വളരെ ആവേശമായിരുന്നു.
ഓരോ സിനിമയിലേയും ദൃശ്യങ്ങൾ മനസ്സിൽ മനനം ചെയ്ത് ഭാവിയിൽ തനിക്കൊരു
സിനിമാസംവിധായകനായി മാറണം എന്നൊരാഗ്രഹം ആ യുവാവിന്റെ മനസ്സിൽ
അന്നേ കൂടുകൂട്ടി.
ഡിഗ്രി പഠനം കഴിഞ്ഞ ഉടനെ തന്നെ സിനിമാമോഹവുമായി കക്ഷി പഴയ മദ്രാസ് നഗരത്തിലേക്ക് വണ്ടികയറി.
മലയാളസിനിമകളിൽ അന്ന് കത്തിനിന്നിരുന്ന ശശികുമാറിന്റേയും
എം കൃഷ്ണൻ നായരുടെയും ക്രോസ് ബെൽറ്റ് മണിയുടേയുമൊക്കെ ശിഷ്യനായി വർഷങ്ങൾ പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായി
1978 -ൽ ” ടൈഗർ സലീം ” എന്ന ചിത്രം സംവിധാനം ചെയ്തു രംഗത്തെത്തി.
പിന്നീട് മലയാളത്തിലെ സൂപ്പർഹിറ്റ് ഡയറക്ടറായി ഉയർന്ന ആ യുവാവ് “ജോഷി ” എന്ന പേരിൽ ഇന്നും മലയാള സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള സംവിധായകനായി നിറഞ്ഞുനിൽക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോഷിയുടെ രണ്ടാമത്തെ
ചിത്രം ജയൻ നായകനായി അഭിനയിച്ച “മൂർഖൻ ” ആയിരുന്നു. ജയൻ മരിച്ചതിന്റെ അഞ്ചാം ദിവസമാണ് ഈ ചിത്രം കേരളമെമ്പാടും റിലീസ് ചെയ്യുന്നത്. ജയനോടുള്ള വീരാരാധനയും ഹെലികോപ്റ്റർ അപകടത്തിൽ ജയൻ മരിച്ചതിലുള്ള സഹതാപവുമെല്ലാം കാരണം ഈ ചിത്രം കാണാൻ ജനലക്ഷങ്ങൾ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തി.
സൂപ്പർ ഡ്യൂപ്പർ ഹിറ്റായ മൂർഖന്റെ സംവിധായകനായ ജോഷിക്ക് പിന്നീട് തിരിഞ്ഞു
നോക്കേണ്ടി വന്നില്ല .
ഈ വർഷം പുറത്തിറങ്ങിയ
” റമ്പാൻ ” വരെ 80 സൂപ്പർഹിറ്റ് ചിത്രങ്ങൾ ജോഷി
ഇതിനകം സംവിധാനം
ചെയ്തുകഴിഞ്ഞു.
മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലുമെല്ലാം വൻ ചിത്രങ്ങളൊരുക്കി ജോഷി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ട് പ്രതിസന്ധിയിലായ മമ്മൂട്ടി എന്ന മഹാനടനെ “ന്യൂഡൽഹി ” യിലൂടെ സൂപ്പർ താര പദവിയിലേക്ക് കൈപിടിച്ചുയർത്തിയത് ജോഷി ആയിരുന്നു. ആക്ഷൻ ചിത്രങ്ങളായിരുന്നു ജോഷിയുടെ തട്ടകമെങ്കിലും പല സിനിമകളും മനോഹരമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.
അത്തരം ചിത്രങ്ങളിലെ ഗാനങ്ങളെ ഒന്ന് ഓർത്തെടുക്കുകയാണ് ഇന്നത്തെ പാട്ടോർമ്മകളിലൂടെ .
മലയാള സിനിമയുടെ ആറാംതമ്പുരാനായ മോഹൻലാൽ പാടി അഭിനയിച്ച
“ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ ..”
( റൺ ബേബി റൺ )
” ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം…”
( പ്രജ )
“പൂക്കൈത പൂക്കുന്ന പാടങ്ങളിൽ … ”
(ജനുവരി ഒരു ഓർമ്മ ) “പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം . ”
( നമ്പർ 20 മദ്രാസ് മെയിൽ )
“തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വെക്കാൻ … ”
(ധ്രുവം)
“മഞ്ഞിൽ ചേക്കേറും
മകരപ്പെൺപക്ഷി …”
( രക്തം )
“കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ ..”
( മാമ്പഴക്കാലം )
“വേൽമുരുകാ ഹരോ ഹര വേലായുധാ ഹരോ ഹരാ…”
( നരൻ .)
“കിളിയേ കിളിയേ
മണിമേഘത്തോപ്പിൽ … ”
( ആ രാത്രി )
“കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം …”
( അവതാരം )
“വാവേ മകനേ … ”
( പോത്തൻ വാവ. )
“ചെമ്പരത്തി പൂവേ ചൊല്ല് ദേവനെ നീ കണ്ടോ … ”
(ശ്യാമ )
“മുത്തുമണിത്തൂവൽ തരാം …”
( കൗരവർ )
” പണ്ടൊരു കാട്ടിലൊരാൺസിംഹം … ”
(സന്ദർഭം )
“പൂമാനമേ ഒരു രാഗമേഘം താ …”
( നിറക്കൂട്ട്. )
എന്നിങ്ങനെയുള്ള മനോഹരഗാനങ്ങളെല്ലാം ജോഷിയുടെ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയത്.
1952 ജൂലൈ 18 ന് ജനിച്ച ജോഷിയുടെ പിറന്നാൾ ദിനമാണിന്ന് .തലമുറകൾ മാറി മറിഞ്ഞിട്ടും കാലത്തിന്റെ ചുവരെഴുത്തുകൾ മനസ്സിലാക്കി ഇന്നും മലയാളത്തിലെ സൂപ്പർഹിറ്റ് ഡയറക്ടറായി തുടരുന്ന ജോഷിക്ക് ഹൃദയപൂർവ്വം പിറന്നാളാശംസകൾ നേരുന്നു .