സാഗർ റാണി ഓപ്പറേഷൻ : ഫോർമാലിൻ ചേർത്ത 168 കിലോ മത്സ്യം പിടിച്ചെടുത്തു
സ്വന്തം ലേഖിക
കൊല്ലം : ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർത്തിയ 168 കിലോ മത്സ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
അതോടൊപ്പം ദിവസങ്ങൾ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത 152 കിലോ മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ചന്തകൾ, കമ്മിഷൻ മാർക്കറ്റുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം റെയിൽവേ സ്റ്റേഷനിൽ മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസിൽ കൊണ്ടുവന്ന 150 കിലോ നെയ്മീനിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത് തുടർന്ന് പിടിച്ചെടുത്തു നശിപ്പിക്കുകയായിരുന്നു. പ്രത്യേക പരിശോധനാ കിറ്റ് ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് വിഷാംശം സ്ഥിരീകരിച്ചത്.
പള്ളിമുക്ക് മാർക്കറ്റിൽ നിന്ന് ഫോർമാലിൻ ചേർത്ത 3 കിലോ നെയ്മീൻ പിടിച്ചെടുത്തു.വലിയകട മാർക്കറ്റിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള രണ്ട് കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
അഞ്ചലിലെ സ്വകാര്യ ഫിഷ് സ്റ്റാളിൽ തൂത്തുക്കുടിയിൽ നിന്ന് കൊണ്ടുവന്ന 15 കിലോ കൊഞ്ചിൽ ഫോർമലിന്റെ അംശം കണ്ടെത്തി. ചടയമംഗലം, കൊല്ലം, കരുനാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട, പുതിയകാവ് എന്നിവിടങ്ങളിൽ നിന്നും മത്സ്യങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് ലാബിലേക്കയച്ചു.