പൊലീസിന്റെ പിടിയിൽ ശ്വാസം മുട്ടി അയ്യപ്പഭക്തർ: ശബരിമലയിൽ കർശന നിയന്ത്രണങ്ങൾ അയ്യപ്പൻമാരെ വലയ്ക്കുന്നു; പ്രളയം മുക്കിയ പമ്പയിലെ ആശുപത്രിയിലുള്ളത് ഒടിഞ്ഞ ഉപകരണങ്ങൾ മാത്രം: എല്ലാം തകർന്ന പമ്പയിൽ പൊലീസിന്റെ ശ്രദ്ധ ഭക്തരെ വലിഞ്ഞു മുറുക്കാൻ
തേർഡ് ഐ ബ്യൂറോ
സന്നിധാനം: മാസങ്ങൾക്ക് മുൻപ് മാത്രം പ്രളയം വന്ന് എല്ലാം തകർത്തെടുത്ത പമ്പ ഇപ്പോഴും ഒരു ശവപ്പറമ്പ് തന്നെയാണ്. വെള്ളമില്ല, വെളിച്ചമില്ല.. വിരിവയ്ക്കാൻ സൗകര്യങ്ങൾ ഒന്നുമില്ല.. പക്ഷേ, എല്ലാം സഹിക്കാൻ തയ്യാറാണ് സന്നിധാനത്തേയ്ക്ക് വൃതമെടുത്ത് എത്തുന്ന അയ്യപ്പഭക്തർ. പക്ഷേ, കാക്കിയണിഞ്ഞ കേരള പൊലീസിന്റെ കരങ്ങളിൽ കിടന്ന് പിടയാനാണ് ഈ പാവം അയ്യപ്പഭക്തരുടെ യോഗം. കല്ലും മുള്ളും കാലിനു മെത്തയാക്കി, എല്ലാ യാതനകളെയും സഹിക്കാൻ തയ്യാറായി എത്തുന്ന അയ്യപ്പഭക്തരെ അക്ഷരാർത്ഥത്തിൽ പരീക്ഷിക്കുന്നത് അയ്യപ്പസ്വാമിയല്ല മറിച്ച് കാക്കിയണിഞ്ഞ ലോക്‌നാഥ് ബഹ്‌റയുടെ കേരള പൊലീസ് തന്നെയാണ്.
ശനിയാഴ്ച സന്നിധാനത്ത് നടതുറക്കും മുൻപ് തന്നെ ആയിരക്കണക്കിന് ഭക്തർ ഇവിടെ എത്തിച്ചേർന്നിരുന്നു. വർഷങ്ങളായി ശബരിമലയിൽ എത്തുന്നവരായിരുന്നു ഇവരിൽ പലരും. തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഇവരിൽ ഏറെപ്പേരും സന്നിധാനത്ത് എത്തിയത്. എരുമേലിയിൽ നിന്നു തിരിക്കുമ്പോൾ തുടങ്ങുന്നു ഈ അയ്യപ്പഭക്തരുടെ പൊലീസ് പരീക്ഷണങ്ങൾ. എരുമേലിയിൽ ആയിരത്തോളം പൊലീസുകാരുടെ കാവൽകണ്ണുകളെ കടന്ന് വേണം സാധാരണക്കാരായ ഈ അയ്യപ്പഭക്തർക്ക് നിലയ്ക്കൽ വരെ എത്താൻ. പതിവിന് വിപരീതമായി എരുമേലി മുതൽ നിലയ്ക്കൽ വരെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് സംഘം കാവലുണ്ട്. ഏത് വാഹനം ഇതുവഴി എത്തിയാലും ഇവരെയെല്ലാം പൊലീസ് നിരീക്ഷണ കണ്ണുകളിലൂടെയാണ് കടത്തി വിടുന്നത്. എല്ലാം കണ്ണുകളെയും കടന്ന് നിലയ്ക്കൽ എത്തിയാൽ പിന്നീട് കാത്തിരിക്കുന്നത് വൻ കടമ്പയാണ്. ടിക്കറ്റ് മിഷ്യനിൽ നിന്നും ടിക്കറ്റ് എടുത്ത് കെ.എസ്.ആർ.ടി.സി ബസിൽ കയറി മണിക്കൂറുകളോളം കാത്തിരിക്കണം. പൊലീസിന്റെ പച്ചക്കൊടി കിട്ടിയെങ്കിൽ മാത്രമേ നിലയ്ക്കലിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് പമ്പയിലേയ്ക്ക് പുറപ്പെടു.
ഇനി തിരിക്കിത്തിരക്കി ബസിൽ കയറി ഏതു വിധേനയും പമ്പയിൽ എത്തിയാലും പൊലീസിന്റെ കാക്കിക്കുപ്പായത്തിന്റെ പിടിയിൽ തന്നെ കഴിയാനാണ് അയ്യപ്പൻമാരുടെ വിധി. രാത്രി നട അടച്ച ശേഷം ഒരു അയ്യപ്പനെയും മലകയറാൻ ശബരിമല കാക്കുന്ന കേരള പൊലീസ് അനുവദിക്കില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത പമ്പയിൽ വേണം ഇവർ സന്നിധാനത്തെ ദർശനത്തിനായി കാത്തിരിക്കാൻ. നേരത്തെയുണ്ടായിരുന്ന വിരിപ്പന്തലും, കാത്തിരിപ്പ് കേന്ദ്രങ്ങളുമെല്ലാം പ്രകൃതിയുടെ വികൃതിയിൽ പമ്പ കൊണ്ടു പോയതോടെ ഇവിടം ശവപ്പറമ്പിനു സമാനമായി.
നട തുറക്കുമ്പോൾ മാത്രമാണ് അയ്യപ്പൻമാരെ ശബരിമല സന്നിധാനത്തേയ്ക്ക് കയറ്റി വിട്ടിരുന്നത്. ആദ്യ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ അൽപം ഇളവ് പൊലീസ് വരുത്തിയിട്ടുണ്ട്. നെയ്യഭിഷേകത്തിനു രസീത് എടുത്ത അയ്യപ്പഭക്തർക്ക് രാത്രിയിൽ സന്നിധാനത്തേയ്ക്ക് കടന്നു പോകാമെന്ന നിലയിൽ കാര്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. ഇതിനായി പൊലീസ് അൽപം ഇളവ് അനുവദിച്ചിട്ടുമുണ്ട്.
ഇതിനെല്ലാമുപരിയാണ് ബാത്ത്‌റൂം അടക്കമുള്ള സംവിധാനങ്ങളുടെ അപര്യാപ്തത. ശബരിമലയിലും, നിലയ്ക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്ന് തരിപ്പണമായി കിടക്കുകയാണ്. പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച അയ്യപ്പൻമാർക്ക് വൃത്തിയാകാൻ വെള്ളം പോലും ഇവിടെയെങ്ങുമില്ല. പമ്പയിൽ പോലും വെള്ളത്തിന്റെ ലഭ്യത വളരെയധികം കുറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ മുന്നോട്ട് പോയാൽ പമ്പയെയും, സന്നിധാനത്തെയും കാത്തിരിക്കുന്നത് ഗുരുതരമായ രോഗങ്ങളായിരിക്കും.
പമ്പയിലും സന്നിധാനത്തും അപ്പാച്ചിമേടിലുമുള്ള ആശുപത്രികളുടെ സ്ഥിതി അതിലും ദയനീയമാണ്. ഈ ആശുപത്രികളിൽ ഒന്നിൽ പോലും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടില്ല. പമ്പയിലെ ആശുപത്രിയുടെ കട്ടിലുകളും, സ്ട്രച്ചറുകളും തുരുമ്പ് പിടിച്ച അവസ്ഥയിലാണ്. പ്രളയത്തിന്റെ ബാക്കിപത്രമായി ഇപ്പോഴും പമ്പയിലെ ആശുപത്രിയിൽ ചെളിയുടെ അടയാളങ്ങളുണ്ട്. സന്നിധാനത്തെയും ബാത്ത്‌റൂമുകളും വെള്ളവും വെളിച്ചവും അന്നദാനവും അടക്കമുള്ളവ ഇനിയും പൂർണതോതിൽ സജ്ജമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയിലെ പ്രശ്‌നങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഈ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ച് വിടാനും, അയ്യപ്പൻമാരുടെ പ്രതിഷേധം ഒഴിവാക്കാനുമാണ് ഇപ്പോൾ സന്നിധാനത്ത് പൊലീസ് രാജ് ഏർപ്പെടുത്തിയിരിക്കുന്നത്.
ശബരിമയിൽ മുൻ വർഷങ്ങളിലും മണിക്കൂറുകളോളം ക്യൂനിന്ന് അയ്യപ്പൻമാർ തൊഴുതിട്ടുണ്ട്. എന്നാൽ, അന്നൊന്നുമില്ലാത്ത ശ്വാസം മുട്ടലാണ് ഇത്തവണ ഭക്തർക്ക് അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. ഏതു നിമിഷവും സംഘർഷമുണ്ടാകാമെന്ന സാധ്യതയുടെ മുനത്തുമ്പിലാണ് സന്നിധാനത്തെ ഭക്തരുടെ ജീവിതം. ഫുൾ സെറ്റ് യൂണിഫോമിൽ യുദ്ധസമാനമായ സാഹചര്യങ്ങളിൽ നിൽക്കുന്നതിനു സമാനമായ രീതിയിൽ പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത് തമ്പടിച്ചാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇത് തെല്ലൊന്നുമല്ല ഭക്തരെ സ്മ്മർദത്തിലാക്കുന്നത്. രാത്രിയിൽ സന്നിധാനത്തെ വലിയ നടപ്പന്തലിൽ ഉറങ്ങിക്കിടക്കുന്ന ഭക്തരെ തോക്കും ലാത്തിയുമായി എത്തുന്ന പൊലീസുകാർ തട്ടിവിളിച്ച് മലയിറക്കി വിടുന്നു. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തകർ സന്നിധാനത്ത് മലകയറി യാതനകൾ സഹിച്ച് എത്തുന്നത്. ഇവരെയാണ് യാതൊരു ദാക്ഷണ്യവുമില്ലാതെ സുരക്ഷയുടെ മാത്രം പേരിൽ നിർദാക്ഷണ്യം മലയിറക്കി വിടുന്നത്. ഇതിന് സർക്കാർ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്.