സഭാ തർക്കം ക്വട്ടേഷനിൽ എത്തി: സഭയ്ക്കുള്ളിലെ അധികാര വടം വലിയിൽ യുവാവിനെ കൊല്ലാക്കൊല ചെയ്തു; പ്രതിക്കൂട്ടിൽ ബിഷപ്പുമാരും വൈദികരും: തലയോട് പൊട്ടിയ ബിനു കുരുവിള ഗുരുതരാവസ്ഥയിൽ

സഭാ തർക്കം ക്വട്ടേഷനിൽ എത്തി: സഭയ്ക്കുള്ളിലെ അധികാര വടം വലിയിൽ യുവാവിനെ കൊല്ലാക്കൊല ചെയ്തു; പ്രതിക്കൂട്ടിൽ ബിഷപ്പുമാരും വൈദികരും: തലയോട് പൊട്ടിയ ബിനു കുരുവിള ഗുരുതരാവസ്ഥയിൽ

ക്രൈം ഡെസ്ക്

തിരുവല്ല: സഭാ തിരഞ്ഞെടുപ്പിനെച്ചൊല്ലി ക്നാനായ സഭയിലുണ്ടായ തർക്കവും പൊട്ടിത്തെറിയും തമ്മിൽ തല്ലിലേയ്ക്കും വധശ്രമത്തിലേയ്ക്കും എത്തി. ക്നാനായ സഭ മാനേജിംഗ് കമ്മിറ്റി അംഗം വെസ്റ്റ് ഓതറ കല്ലേമണ്ണിൽ ബിനു കുരുവിളയെ (42) യാണ് ക്വട്ടേഷൻ സംഘം ആക്രമിച്ച് മൃതപ്രായനാക്കിയത്. തലയ്ക്കു അടിയേറ്റ ബിനുവിന്റെ തലയോട് പൊട്ടി ഗുരുതരമായ അവസ്ഥയിലാണ്. മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു ബിനു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ മൂന്ന് ബിഷപ്പുമാരും മൂന്ന് വൈദികരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ക്വട്ടേഷൻ നൽകിയ സംഘം വാഹനത്തിൽ എത്തി ബിനുവിനെ മർദിച്ച് മൃതപ്രായനാക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന റിപ്പോർട്ട്. ക്വട്ടേഷൻ സംഘാംഗങ്ങളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ ഇവരുടെ അറസ്റ്റുണ്ടാകും എന്ന സൂചനയാണ് ക്രൈംബ്രാഞ്ച് സംഘം നൽകുന്നത്. തർക്കത്തിനും വധ ശ്രമത്തിനും പിന്നിൽ സഭാ തർക്കവും അധികാര വടംവലിയുമാണെന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും , കൂടുതൽ തെളിവ് ലഭിച്ചാൽ ബിഷപ്പിനെ അടക്കം അറസ്റ്റ് ചെയ്യുമെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം തേർഡ് ഐ ന്യൂസ് ലൈവിനോട് വെളിപ്പെടുത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കും. ആക്രമണത്തിന് ഇരയായ ബിനുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയിൽ ബിഷപ്പുമാരെ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. സാക്ഷികളുടെ മൊഴിയാണ് ഇനി ഈ കേസിൽ രേഖപ്പെടുത്തേണ്ടത്. ഇതിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കാനാണ് ആലോചിക്കുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.
ക്നാനായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുകയാണ്. ഇടയ്ക്ക് ചേരി മാറിയ ബിനു കുരുവിള എതിർ ചേരിയുടെ ഭാഗമായിരുന്നു. ഇതേച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ ഫെയ്സ്ബുക്കിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായ അക്രമണവും വധശ്രമവും എന്നാണ് റിപ്പോർട്ട്. നേരത്തെ ലോക്കൽ പൊലീസ് അന്വേഷിച്ച് ചുമത്തിയ വകുപ്പുകൾക്കൊപ്പം ക്രൈംബ്രാഞ്ച് ഗൂഡാലോചന കൂടി ചുമത്തിയിട്ടുണ്ട്. ഇതോടെയാണ് ബിഷപ്പുമാർ പ്രതികളാകുന്നത്.