
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്ഐടി കുറ്റപത്രം നല്‍കാത്തതിനെ വിമർശിച്ച് ഹൈക്കോടതി. പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു.
ഗുരുതര സാഹചര്യമാണിത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നല്കിയാല് പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങള്‍ക്ക് അന്വേഷണത്തില്‍ സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് ബദറുദ്ദീനാണ് രൂക്ഷ വിമർശനം നടത്തിയത്. അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നല്കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അറസ്റ്റ് അനിവാര്യമാണെന്നും പക്ഷേ അറസ്റ്റിനുള്ള കാരണങ്ങള്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം വ്യക്തമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കുറ്റപത്രം സമർപ്പിക്കുന്നത് വൈകും
ശബരിമല സ്വർണ്ണക്കൊള്ളയില്‍ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. സ്വർണപ്പാളിക്ക് പകരം ചെമ്പെന്ന് എഴുതിയ ദേവസ്വം മിനുട്സ് അടക്കമുള്ള രേഖകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ ദിവസങ്ങള്‍ക്ക് മുൻപാണ് നടപടി തുടങ്ങിയത്. ഇതിനായി പത്മകുമാർ അടക്കമുള്ള പ്രതികളുടെ കൈയ്യെഴുത്ത് സാമ്പിളുകള്‍ ശേഖരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തിമ റിപ്പോർട്ട് തയ്യാറായാലും സർക്കാറിന്റെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാല്‍ മാത്രമാണ് കുറ്റപത്രം നല്കാൻ കഴിയുക.
സ്വർണ്ണക്കൊള്ളയില്‍ അതിവേഗ അന്വേഷണവും അറസ്റ്റുമാണ് ഇതുവരെ ഉണ്ടായത്. എന്നാല്‍ കുറ്റപത്രം തയ്യാറാക്കലില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കടമ്പകള്‍ ഏറെയുണ്ട്. മൊഴികളുടെയും, ചില രേഖകളുടെയും അടിസ്ഥാനത്തിലുമുള്ള അറസ്റ്റില്‍ ശാത്രീയ പരിശോധന ഫലം അനിവാര്യമാണ്. എസ്.ഐ. ടി കണ്ടെത്തിയ പ്രധാന രേഖ സ്വർണപ്പാളി എന്നതിന് പകരം ചെമ്പ് എന്നെഴുതിയ ദേവസ്വം ബോർഡ് യോഗ മിനുട്സ് ആണ്.
പത്മകുമാർ കൈപ്പടയിലാണ് ഇത് എഴുതി ചേർത്തത്. ഇത്തരം കാര്യങ്ങള്‍ പ്രതികള്‍ക്ക് വിചാരണ വേളയില്‍ നിഷേധിക്കാം. അത് ഒഴിവാക്കാനാണ് ശാത്രീയ പരിശോധന. മറ്റ് പ്രതികളുടെ ഒപ്പുകള്‍ എല്ലാം ശാസ്ത്രീയ പരിശോധന നടത്തി ഉറപ്പാക്കണം. ഇതിനുള്ള നടപടികള്‍ ദിവസങ്ങള്‍ക്ക് മുൻപ് മാത്രമാണ് ആരംഭിച്ചത്. പാളികള്‍ മാറ്റിയോ എന്നതിലും കൂടുതല്‍ വ്യക്തതയുള്ള പരിശോധന റിപ്പോർട്ടുകള്‍ ലഭിക്കണം.
അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ പ്രോസിക്യൂഷൻ അനുമതി വാങ്ങിയാല്‍ മാത്രമാണ് കുറ്റപത്രം നല്കാനാകുക. പത്മകുമാർ അടക്കമുള്ള ദേവസ്വം ബോർഡ് അംഗങ്ങള്‍ക്ക് സർക്കാരും, ജീവനക്കാർക്ക് ബോർഡുമാണ് പ്രോസിക്യുഷൻ അനുമതി നല്‍കേണ്ടത്. അന്തിമ റിപ്പോർട്ട് തയ്യാറാക്കാതെ അനുമതി തേടാനാകില്ല. ഇതിനും ദിവസങ്ങള്‍ വേണ്ടിവരും.







