ശബരിമലയിൽ കാണിച്ച ആവേശം സർക്കാരിന് മരടിലില്ല: റിവ്യൂ ഹർജികൾ തള്ളിയിട്ടും സർക്കാർ മരടിലെ ഫ്ളാറ്റിൽ തൊടുന്നില്ല: കാശുള്ളവനെ കാണുമ്പോൾ മുട്ടിടിച്ച് നിയമം
സ്വന്തം ലേഖകൻ
കൊച്ചി: മരടിലെ വമ്പന്മാരുടെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി വിധി വന്നിട്ടും , ശബരിമല വിധി നടപ്പാക്കാൻ കാട്ടിയ വമ്പൻ ആവേശം പുറത്തെടുക്കാതെ സർക്കാർ. കാശുള്ള കോടീശ്വരന്മാർക്ക് വേണ്ടി സുപ്രീം കോടതിയിലെ ചില ജഡ്ജിമാർ വരെ ഒത്ത് കളിച്ചതായി ആരോപണം ഉയർന്ന കേസിലാണ് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാരിന്റെ മെല്ലെപ്പോക്ക് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായി സമർപ്പിച്ച പുനപരിശോധന ഹർജികൾ വ്യാഴാഴ്ചയാണ് സുപ്രീം കോടതി തള്ളിയത്. നാല് ഫ്ളാറ്റുകളുടെ നിർമാതാക്കൾ നൽകിയ പുനപരിശോധനാ ഹർജികളാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. ഇതോടെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കേണ്ടി വരുമെന്ന് ഉറപ്പായി. ഫ്ലാറ്റ് നിർമ്മാതാക്കളുടെ ഹർജികൾ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ശബരിമലയിലെ വിധി നടപ്പാക്കാൻ കാത്ത് നിൽക്കുക പോലും ചെയ്യാതെ പൊലീസിനെയും പട്ടാളത്തെയുമായി മലകയറിയ സർക്കാരിന്റെ ഇരട്ട ചങ്ക് പക്ഷേ പാലാരിവട്ടം കടന്ന് മരടിലേയ്ക്ക് എത്തുന്നതേയില്ല. പൊളിക്കുന്നതിനോ , ഇത് സംബന്ധിച്ച ചർച്ചകൾക്കോ പോലും സർക്കാർ ഇത് വരെ തയ്യാറായിട്ട് പോലും ഇല്ല. ഉടമകൾ സുപ്രീം കോടതിയിൽ പോയി ഫ്ളാറ്റ് പൊളിക്കുന്നതിനെതിരെ ഉത്തരവ് സമ്പാദിക്കുമെന്നും ഇത് വഴി പ്രശ്നത്തിൽ നിന്ന് രക്ഷപെടാമെന്നുമായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ , റിവ്യൂ ഹർജി തള്ളിയത് സർക്കാരിന്റെ പ്രതീക്ഷകളെ എല്ലാം അട്ടിമറിച്ചു.
തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കാൻ മേയ് എട്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന ഫ്ലാറ്റുടമകളുടെ ആവശ്യം അരുൺമിശ്രയുടെ ബെഞ്ച് തന്നെ മേയ് 22ന് തള്ളിയിരുന്നു.
2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ 3 ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ അപ്പാർട്ട്മെന്റുകളുള്ള സ്ഥലം സി.ആർ സോൺ 2ലാണെന്നും ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു കെട്ടിട ഉടമകളുടെ വാദം. നിർമ്മാണ അനുമതി ലഭിക്കുമ്പോൾ സ്ഥലം സി.ആർ 3 ൽ ആയിരുന്നതിനാൽ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഇതോടെ ഫ്ളാറ്റ് പൊളിക്കുക അല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നും സർക്കാരിന് മുന്നിൽ ഇല്ലാതെയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group