play-sharp-fill
രാമപുരത്ത് കണ്ടത് ശബരിമല ഇഫക്ടോ: ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ബിജെപിയ്ക്കും പിന്നിൽ നാലാമത്; നേട്ടമുണ്ടാക്കി കോൺഗ്രസും കേരള കോൺഗ്രസും

രാമപുരത്ത് കണ്ടത് ശബരിമല ഇഫക്ടോ: ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ബിജെപിയ്ക്കും പിന്നിൽ നാലാമത്; നേട്ടമുണ്ടാക്കി കോൺഗ്രസും കേരള കോൺഗ്രസും

 സ്വന്തം ലേഖകൻ
പാലാ: ശബരിമല പ്രതിഷേധങ്ങൾ ഇടതു മുന്നണിയ്ക്കും സിപിഎമ്മിനും തിരിച്ചടിയാകുന്നതിന്റെ ആദ്യ സൂചനകൾ പാലാ രാമപുരത്തു നിന്നും പുറത്തു വന്നു തുടങ്ങി. രാമപുരം പഞ്ചായത്തിലെ അമനകര വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസ് എം സീറ്റ് തിരികെ പിടിച്ചെടുത്തത്. ഇടത് സ്വതന്ത്രൻ പതിനാറ് വോട്ട് മാത്രം നേടി നാലാം സ്ഥാനത്തായത് ഇടതു മുന്നണിയ്ക്കും സിപിഎമ്മിനും കനത്ത തിരിച്ചടിയായി മാറി.
നിലവിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ഈ വാർഡ്. ഇവിടെ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസും ബിജെപിയും ഇടതു മുന്നണിയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. ഇതിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച എം.ബെന്നി എബ്രഹാം തെരുവത്താണ് 124 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ബെന്നിയ്ക്ക് 504 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർസ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസ് സ്വതന്ത്രൻ ബിനോയ് ജോസഫിന് 375 വോട്ടാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപിയ്ക്ക് 133 വോട്ട് ലഭിച്ചു. ഇടതു സ്വതന്ത്രനായി മത്സരിച്ച കെ.സി സക്കറിയായ്ക്ക് പതിനാറ് വോട്ട് മാത്രം ലഭിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായ ബെന്നി മാത്യുവിന് ഒൻപത് വോട്ട് മാത്രമാണ് ലഭിച്ചത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഇടതു മുന്നണിയുടെ നയങ്ങൾ തിരിച്ചടിയായെന്നാണ് ഇപ്പോഴുള്ള തിരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന. ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ വിജയിച്ചത് കേരള കോൺഗ്രസാണ്. കോൺഗ്രസും കേരള കോൺഗ്രസും ഒറ്റയ്ക്ക് മത്സരിച്ചിട്ടു പോലും ഇടതു മുന്നണി സ്ഥാനാർത്ഥിയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നേട്ടം നോക്കികാണേണ്ടത്. ഇത് കടുത്ത വെല്ലുവിളിയാണ് ഇടതു മുന്നണിയ്ക്ക് ഉയർത്തുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.