വരുമാനം കുത്തനെ ഇടിഞ്ഞു; സർക്കാരും ബോർഡും മുട്ടുമടക്കി; സുരേന്ദ്രൻ അകത്തായതോടെ ഭയന്നുവിറച്ച് ബി.ജെ.പിയും
സ്വന്തം ലേഖകൻ
സന്നിധാനം: കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ഭക്തജനങ്ങൾ നടത്തിയ നാമജപത്തിനും കാണിക്ക ബഹിഷ്‌കരണത്തിനും ഫലമുണ്ടായി. വരുമാനം കുത്തനെ ഇടിഞ്ഞതോടെ സർക്കാരും ദേവസ്വം ബോർഡും മുട്ടുമടക്കി. ശബരിമലയിൽ പ്രതിഷേധ നാമജപം സംഘടിപ്പിച്ചതിന് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതോടെ ബി.ജെ.പിയും സമരത്തിൽ നിന്ന് പിന്നോക്കം പോയി. ഇതോടെ സന്നിധാനത്തെ നിയന്ത്രണം നീക്കുന്നതിന് സർക്കാരിനോടും ഡിജിപിയോടും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലകാലം ആരംഭിച്ച ശേഷം ആദ്യമായി സന്നിധാനത്തെത്തിയ ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ ആണ് ഇക്കാര്യം തേർഡ് ഐ ന്യൂസിനെ അറിയിച്ചത്.
നിയന്ത്രണം നീക്കുന്ന കാര്യം സന്നിധാനത്തെത്തിയ ശേഷവും ഡിജിപിയുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം സന്നിധാനത്ത് ഇന്നലെ രാത്രി ചേർന്ന യോഗത്തിലും ചർച്ച ചെയ്തു. വാവര് സ്വാമി നടയിലെ ബാരിക്കേഡ് നീക്കുന്നതും അവിടെ നാമജപം അനുവദിക്കുന്നതും പോലീസുമായി ആലോചിച്ച് തീരുമാനിക്കാനാണ് ബോർഡ് തയാറെടുക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ വരുമാനത്തിൽ 25 കോടിയുടെ കുറവുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്തർക്കും വിശ്വാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ഒന്നും വേണ്ടെന്ന നിലപാടാണ് ഇപ്പോൾ ബോർഡിനുള്ളത്. ശബരിമലയിൽ മാത്രമല്ല മറ്റ് ദേവസ്വം ക്ഷേത്രങ്ങളിലും വരുമാനം കുത്തനെ കുറഞ്ഞു. ഇത് ബോർഡിനെ കടുത്ത സമ്മർദ്ദത്തിലാക്കി. ഇക്കാര്യവും അതിന്റെ ഭവിഷ്യത്തും കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രിയെയും മുഖ്യമന്ത്രിയെയും ധരിപ്പിച്ചു. വരുമാനം കുറയുന്നത് സർക്കാരിനെയും വെട്ടിലാക്കുമെന്ന് വന്നതോടെ സർക്കാരും അയഞ്ഞു തുടങ്ങി. മാത്രമല്ല പിറവം പള്ളി വിഷയത്തിലുള്ള ഇരട്ടത്താപ്പ് ഹൈക്കോടതി ഉൾപ്പെടെ തുറന്നു കാട്ടിയിരുന്നു.
കാണിക്കയായി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതലും പൂവും മലരും അവിലുമൊക്കെയാണ്. ഈ സ്ഥിതി തുടർന്നാൽ ദേവസ്വം ബോർഡിന് പിടിച്ചു നിൽക്കാനാകില്ല. ആറായിരത്തോളം ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ പ്രതിസന്ധിയുണ്ടാക്കും. ഇതെല്ലാം മുന്നിൽക്കണ്ടാണ് ഭക്തരോട് ഇപ്പോൾ സമവായത്തിന് ബോർഡിനെ മുൻനിർത്തി സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ആദ്യപടിയായാണ് സന്നിധാനം തിരുമുറ്റത്തെയും വാവര് നടയ്ക്ക് മുന്നിലെയും ബാരിക്കേഡുകൾ നീക്കാൻ ഒരുങ്ങുന്നത്. വലിയ നടപ്പന്തലിലടക്കം വിരിവയ്ക്കുന്നതിന് അനുമതി നൽകണമെന്നും ബോർഡ് സർക്കാരിനോടും പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.