
ബജറ്റിൽ ശബരിമലയെ തഴഞ്ഞ് കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ
പത്തനംതിട്ട: ആചാരസംരക്ഷണത്തിനു നിയമനിർമാണം വേണമെന്ന ആവശ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയതിനു പിന്നാലെ ബജറ്റിലും ശബരിമലയെ തഴഞ്ഞ് ബി.ജെ.പി സർക്കാർ. രണ്ടാം മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ഒരുരൂപപോലും ശബരിമല വികസനത്തിനു മാറ്റിവെച്ചിട്ടില്ല. കേന്ദ്രനിയമമന്ത്രിയുടെ പാർലമെന്റിലെ പ്രസ്താവനയോടെ പ്രതിരോധത്തിലായ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണിത്.ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി ആരോപിക്കുന്ന ഇടതു സർക്കാർ ബജറ്റിൽ 739 കോടിയാണ് ശബരിമല വികസനത്തിനു മാറ്റിവെച്ചത്. പുതിയ തീർഥാടനകാലം തുടങ്ങുംമുമ്പ് നിർമാണപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ പ്രവർത്തനങ്ങളും ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും വിഷയത്തിൽ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് വെളിവാക്കുന്ന നിലപാട്.തെരഞ്ഞെടുപ്പിൽ ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിച്ച ബി.ജെ.പി ബജറ്റിൽ പൂർണമായി വിസ്മരിച്ചത
് പ്രതിഷേധാർഹമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. പദ്മകുമാർ പറഞ്ഞു. ഇടതു സർക്കാർ ബജറ്റിൽ 739 കോടി അനുവദിച്ചതുകൂടാതെ ശബരിമലക്കായി കിഫ്ബിവഴി 141.75 കോടിയുടെ 11 പദ്ധതികൾ നടപ്പാക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയെ മാത്രമല്ല കേരളത്തെ പൂർണമായി അവഗണിച്ചുള്ളതാണ് കേന്ദ്ര ബജറ്റെന്ന് ആന്റോ ആൻറണി എം.പിയും പറഞ്ഞു.