തേർഡ് ഐ ബ്യൂറോ
സന്നിധാനം: ശബരിമലയിൽ വീണ്ടും ആചാരലംഘനം. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ പിതാവും, ദേവസ്വം ബോർഡ് അംഗവുമായി കെ.പി ശങ്കർദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ആർഎസ്പിയുടെ നോമിനിയായാണ് ശങ്കർദാസ് ദേവസ്വം ബോർഡ് അംഗമായത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരിയും ഒരു സംഘം ആർഎസ്എസ് പ്രവർത്തകരും പതിനെട്ടാംപടിയിൽ കെട്ടില്ലാതെ കയറിയത്. ഇതു സംബന്ധിച്ചു മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ ആർഎസ്എസും ബിജെപിയും പ്രതിരോധത്തിലായിരുന്നു. ആചാര ലംഘനമുണ്ടായെന്നും ശുദ്ധികലശം ചെയ്യണമെന്നും ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് അംഗങ്ങൾ തന്ത്രിയെ സമീപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ ശങ്കർദാസിന്റെ കെട്ടില്ലാതെയുള്ള ശബരിമല പ്രവേശം വിവാദമായി മാറിയത്. ശങ്കർദാസ് കെട്ടില്ലാതെ പതിനെട്ടാംപടിയിലൂടെ സോപാനത്തേലേയ്ക്ക് പ്രവേശിക്കുന്ന വീഡിയോ വത്സൻ തില്ലങ്കേരിയും, ജനംടിവിയും പുറത്ത് വിടുകയും ചെയ്തതോടെ ദേവസ്വം ബോർഡും സർക്കാരും പ്രതിസന്ധിയിലായി. ഇത് സർക്കാരിനെ വീണ്ടും കൂടതൽ പ്രതിരോധത്തിലാക്കി.
ഇതിനിടെ വൈകിട്ട് ഏഴരയോടെ തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തിൽ പടിപൂജയും നടന്നു. ആയിരക്കണക്കിനു ഭക്തരാണ് പടിപൂജ കാണുന്നതിനായി സന്നിധാനത്ത് എത്തിച്ചേർന്ന്ത്. തുടർന്ന രാത്രി പത്തു മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കുകയും ചെയ്യും. ഇതിനിടെ ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ സന്നിധാനത്ത് ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഇരുനൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.