സർക്കാർ വക ശബരിമല സത്യവാങ് മൂലത്തിലെ അസത്യം: സർക്കാരിനെ വീഴ്ത്താൻ സത്യവാങ് മൂലം തന്നെ ആയുധമാക്കാൻ അയ്യപ്പഭക്തർ; സുപ്രീം കോടതിയിൽ കള്ള സത്യവാങ് മൂലം സമർപ്പിച്ച സർക്കാരിനെ പിരിച്ചു വിടണമെന്ന് അയ്യപ്പഭക്തർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമലയിൽ 51 യുവതികൾ പ്രവേശിച്ചെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലം സർക്കാരിനെത്തന്നെ തിരിഞ്ഞു കുത്തുന്നു. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ തെറ്റായ വിവരങ്ങൾ കടന്നു കൂടിയെന്നും, പട്ടികയിൽ പുരുഷൻമാർ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നും വാർത്ത പുറത്ത് വന്നതോടെയാണ് സർക്കാർ വീണ്ടും പ്രതിരോധത്തിലായിരിക്കുന്നത്. സർക്കാരിനെ വെട്ടിലാക്കാൻ കാത്തിരുന്ന ബിജെപിയും ശബരിമല കർമ്മസമിതിയും അടക്കമുള്ളവർ ഈ അവസരം ഉപയോഗിക്കുകയാണ്. സുപ്രീം കോടതിയിൽ കള്ള സത്യവാങ് മൂലം സമർപ്പിച്ച സർക്കാരിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകാൻ ഒരുങ്ങുകയാണ് അയ്യപ്പധർമ്മ സമിതിയും, ശബരിമല കർമ്മസമിതിയും അടക്കമുള്ളവർ.
ശബരിമലയിൽ കയറിയതായി സർക്കാർ നൽകിയ പട്ടികയിൽ ഉൾപ്പെട്ട പോണ്ടിച്ചേരി സ്വദേശി ശങ്കർ വിവാഹം പോലും കഴിച്ചിട്ടില്ല. മുത്താൽപ്പേട്ട് സ്വദേശിയായ ഇയാൾ ഇതുവരെ ശബരിമലയിൽ പോലും പോയിട്ടില്ല. ആന്ധ്രസ്വദേശിയായ രമേദേവി എന്ന സ്ത്രീ ശബരിമലയിലേയ്ക്ക് പോയിട്ടുണ്ട്. പക്ഷേ, ഇവർക്ക് 54 വയസുണ്ടെന്നു പറയുന്നത് ആന്ധ്രസ്വദേശിയായ ശ്രീരാമലു എന്നയാളാണ്. ഇയാളെ മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോഴാണ് ഇവർ സത്യാവസ്ഥ തുറന്നു പറയുന്നത്. തമിഴ്നാട് സ്വദേശിയായി സീത ശബരിമലയിൽ പോയിട്ടുണ്ട്. പക്ഷേ, ഇവർക്ക്് 53 വയസാണെന്ന് ഭർത്താവ് വെളിപ്പെടുത്തുന്നു. തെലങ്കാന സ്വദേശിയായ സുദർശനന്റെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ, തന്റെ കുടുംബത്തിൽ നിന്ന് ആരും ശബരിമല ദർശനം നടത്തിയിട്ടില്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്. ആന്ധ്രസ്വദേശിയായ സാംബശിവറാവു കല്യാണം കഴിച്ചിട്ടില്ല. ഭാര്യയും കുട്ടികളും ആരും ശബരിമല ദർശനം നടത്തിയിട്ടുമില്ല. ചെന്നൈസ്്വദേശിയായ പരൽജ്യോതി സ്ത്രീയാണെന്ന നിലയിലാണ് സർക്കാർ നൽകിയ പട്ടിക. പക്ഷേ, ഡിസംബർ 22 നും 23 നും മലകയറാൻ പോയ ഇവരുടെ ഒപ്പം യുവതികളോ സ്ത്രീകളോ ആരുമില്ലായിരുന്നു.
ആന്ധ്രാപ്രദേശ് സ്വദേശിയായ രമേശ് ശബരിമലയിൽ പോയിട്ടുണ്ടെങ്കിലും സ്ത്രീകൾ ഒപ്പമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു. ആനന്ദ് എന്ന ആന്ധ്രസ്വദേശിയും മലയ്ക്ക് പോയപ്പോൾ യുവതികൾ ആരും ഒപ്പമുണ്ടായിരുന്നില്ല. ചെന്നൈ സ്വദേശിയായ ശരവണൻ 65 വയസുള്ള അമ്മയ്ക്കൊപ്പമാണ് നവംബറിൽ മല കയറിയത്. പട്ടികയിലെ ഏഴാം നമ്പരുകാരിയായ ഗോവ വാസ്കോഡഗാമ സ്വദേശി കലാവതി മനോഹർ തനിക്ക് 52 വയസുണ്ടെന്നു വ്യക്തമാക്കി. ഹൈദരാബാദ് സ്വദേശിയായ പത്മാവതി പറയുന്നത് തന്റെ ആധാർ കാർഡിലെ പ്രായം തെറ്റാണെന്നാണ്. 53 വയസാണ് തന്റെ പ്രായമെന്നും ഇവർ വ്യക്തമാക്കുന്നു.