സന്നിധാനത്ത് നാമജപ പ്രതിഷേധവുമായി അയ്യപ്പൻമാർ: പൊലീസ് നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യം; പൊലീസിനെ അമ്പരപ്പിച്ച് നാമജപം; നടന്നത് സംഘപരിവാർ പരീക്ഷണം; പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യുന്നു
സ്വന്തം ലേഖകൻ
സന്നിധാനത്ത്: ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളിൽ പ്രതിഷേധിച്ച് അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ സന്നിധാനത്ത് നാമജപ സത്യാഗ്രഹം. എന്നാൽ തങ്ങൾ നടത്തുന്നത് നാമജപ സത്യാഗ്രഹമല്ല, മറിച്ച് ഭജനയാണെന്നാണ് നാമജപം നടത്തുന്ന അയ്യപ്പഭക്തരുടെ വാദം. ഹരിവരാസനം ചൊല്ലി നട അടച്ചതോടെ വലിയ നടപ്പന്തലിൽ നടത്തിയ നാമജപ പ്രതിഷേധം അവർ അവസാനിപ്പിച്ചു. എന്നാൽ , പതിനഞ്ച് മിനിറ്റോളം വലിയ നടപ്പന്തലിൽ നാമജപ പ്രതിഷേധം നടത്തിയത് സംഘപരിവാറിന്റെ പരീക്ഷണ നാടകമായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഇതേ തുടർന്ന് പ്രതിഷേധക്കാരെ സന്നിധാനത്ത് നിന്നും ഒഴിപ്പിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. അഭിഷേകം കഴിയും വരെ തങ്ങൾ സന്നിധാനത്ത് തുടരും , സന്നിധാനത്ത് നെയ്യഭിഷേകം കഴിയും വരെ തുടരും , ഇതിന് ശേഷം അറസ്റ്റിന് വഴങ്ങാം എന്ന നിലപാടാണ് പ്രതിഷേധക്കാർ സ്വീകരിച്ചിരിക്കുന്നത്. പ്രതിഷേധം സംഘർഷത്തിലേയ്ക്ക് പോകാതിരിക്കാൻ അതീവ ജാഗ്രതയിലാണ് പൊലീസ് സംഘം നീങ്ങുന്നത്. എന്നാൽ ഇതിനിടെ കൂടുതൽ പ്രവർത്തകരായ അയ്യപ്പഭക്തർ അറസ്റ്റിന് തയ്യാറായി എത്തി. ഇത് കൂടുതൽ സ്ഥിതിഗതികൾ ഗുരുതരമാക്കി. തുടർന്ന് ബലം പ്രയോഗിച്ച് നൂറിലധികം അയ്യപ്പഭക്തരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചു. ഇത് സംഘർഷത്തിന് ഇടയാക്കി.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് മാളികപ്പുറത്തു നിന്നും സംഘടിച്ചെത്തിയ ഒരു സംഘം അയ്യപ്പന്മാർ പ്രതിഷേധവുമായി വലിയ നടപ്പന്തലിൽ തമ്പടിച്ച് നാമജപം നടത്തിയത്. അപ്രതീക്ഷിതമായി ഇവർ നടത്തിയ നീക്കത്തിൽ സന്നിധാനത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അമ്പരന്നു. എസ് പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ഉടൻ തന്നെ സന്നിധാനത്ത് വലിയ നടപ്പന്തലിൽ എത്തി പ്രതിഷേധക്കാരെ വലയം ചെയ്തു. എന്തും സംഭവിക്കാമെന്ന സ്ഥിതിയായി ഈ സമയം സന്നിധാനത്ത്. പ്രതിഷേധക്കാർ ശരണം വിളികളുമായി ഒരു വശത്ത് നിലയുറപ്പിക്കുന്നതിനിടെ, നട അടയ്ക്കുന്നതിനായി ഹരിവരാസനം പാടുകയും ചെയ്തു. ഇതോടെ രണ്ടു മിനിറ്റ് വലിയ നടപ്പന്തലിൽ പുർണ നിശബ്ദതയായി.
ഹരിവരാസനത്തിന് ശേഷം ഇവർ പിരിഞ്ഞ് പോകാൻ തയ്യാറാകാതെ വന്നതോടെ പതിനഞ്ച് മിനിറ്റോളം പൊലീസും നാമജപ പ്രതിഷേധക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ശരണം വിളിച്ചവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. എന്നാൽ വലിയ നടപ്പന്തലിൽ പ്രതിഷേധം അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. തുടർന്ന് പ്രതിഷേധക്കാർ മാളികപ്പുറം ഭാഗത്തേയ്ക്ക് കാൽ നടയായി നടന്ന് നീങ്ങി. നെയ്യഭിഷേകം നടത്താൻ അവസരം നൽകാതെ രാത്രിയിൽ തന്നെ മലയിറങ്ങാൻ പൊലീസ് നിർബന്ധിച്ചതാണ് പ്രശ്നത്തിന് കാരണമായിരിക്കുന്നതെന്നാണ് സൂചന. മണ്ഡല കാലം തുടങ്ങിയ ശേഷമുള്ള ആദ്യ പ്രതിഷേധമാണ് ഇപ്പോൾ സന്നിധാനത്ത് നടക്കുന്നത്. എന്നാൽ, ആർ എസ് എസും സംഘപരിവാറും നടത്തിയ തന്ത്രമാണ് ഇപ്പോൾ സന്നിധാനത്ത് കാണുന്നതെന്നാണ് സൂചന. പല ഘട്ടങ്ങളായി എത്തിയ സംഘപരിവാർ പ്രവർത്തകരാണ് ഇവിടെ തമ്പടിച്ചതും , ഒത്ത് ചേർന്ന് പ്രതിഷേധിച്ചതെന്നാണ് സൂചന.