play-sharp-fill
ശബരിമലയിലെ നിലപാട്: കോട്ടയത്ത് ദേവസ്വം ഓഫീസിൽ റീത്ത് വച്ച് പ്രതിഷേധം

ശബരിമലയിലെ നിലപാട്: കോട്ടയത്ത് ദേവസ്വം ഓഫീസിൽ റീത്ത് വച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ

കോട്ടയം: ഹൈന്ദവ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള ദേവസ്വം ബോർഡ് ശബരിമല വിഷയത്തിൽ ഹിന്ദുസമൂഹത്തിന് വിരുദ്ധമായി സുപ്രീം കോടതിയിൽ നിലപാട് മാറ്റിയതിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് മരിച്ചതായി പ്രഖ്യാപിച്ച് കോട്ടയത്ത് കർമ്മസമിതി പ്രവർത്തകർ ദേവസ്വം ഓഫീസിന് റീത്ത് സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. തിരുനക്കര ഉത്സവത്തിന് ദേവസ്വം ബോർഡ് ഭാരവാഹികൾ വിശിഷ്ടാതിഥികളായി വന്നാൽ വൻ പ്രതിഷേധത്തിനിടയാകുമെന്ന് യോഗത്തിൽ സംസാരിച്ച ബി ജെ പി ജില്ലാ സെക്രട്ടറി സി എൻ സുഭാഷ് പറഞ്ഞു.



സാധാരണ ഹൈന്ദവ സമൂഹം പട്ട് സമർപ്പിച്ചാണ് ആദരാഞ്ജലികളർപ്പിക്കാറുള്ളത് എങ്കിലും ദേവസ്വം ബോർഡ് ഹിന്ദു അല്ലാതായി എന്നതുകൊണ്ടാണ് റീത്ത് സമർപ്പിച്ചത് എന്ന് യോഗത്തിൽ സംസാരിച്ച ശബരിമല കർമ്മസമിതി നേതാവായ ശങ്കർ സ്വാമി പറഞ്ഞു.

എത്രയും വേഗം ദേവസ്വം ബോർഡ് പിരിച്ചുവിടുന്നതിന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെടണമെന്നും ശബരി ധർമ്മസഭ ഭാരവാഹികൾ പറഞ്ഞു.



ശബരിമല കർമ്മസമിതി നേതാക്കളായ സുമേഷ് രാജൻ, രതീഷ് കുമാർ, ഹരി കിഴക്കേക്കുറ്റ് , ബിനീഷ്, എച്ച്. രാമനാഥൻ, (ആൾ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ വൈസ് പ്രസിഡന്റ്) ശങ്കർ സ്വാമി എന്നിവരും സന്തോഷ് റ്റി.റ്റി., കർമ്മസമിതി രക്ഷാധികാരി എൻ ബി നാരായണൻ നായർ, ശബരി ധർമ്മ സഭയെ പ്രതിനിധീകരിച്ച് സിന്ധു എം പൈ, ജലജാ നാരായണൻ, തുടങ്ങിയവരും സംസാരിച്ചു.

ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് ഏറ്റുമാനൂർ ഉത്സവ വേദിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ദേവസ്വം ബോർഡ് ഭാരവാഹികൾ പിന്മാറിയിരുന്നു. തിരുനക്കര ക്ഷേത്ര ഉത്സവം അടുത്തു നിൽക്കെ സമാന രീതിയിലുള്ള പ്രതിഷേധം ഉയരുമെന്ന് അഭ്യൂഹങ്ങളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group