സ്വന്തം ലേഖകൻ
സന്നിധാനം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച് ആചാരം തകർക്കുന്നത് തടയാൻ, ആചാര സംരക്ഷകരായി എത്തിയ ആർഎസ്എസ് നേതാക്കൾ ആചാരം തകർത്ത് പതിനെട്ടാംപടിയിൽ. ആർഎസ്എസിന്റെ കണ്ണൂരിൽ നിന്നുള്ള നേതാവ് വത്സൻ തില്ലങ്കേരിയാണ് ശബരിമലയിലെ പവിത്രമായ പൊന്നുപതിനെട്ടാംപടിയിൽ കയറിനിന്ന് ആക്രോശിച്ചത്.
വത്സൻ തില്ലങ്കേരിയുടെ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നതോടെ ശബരിമലയിൽ തമ്പടിച്ചിരിക്കുന്ന ആർഎസ്എസും ബിജെപിയും കൂടുതൽ പ്രതിരോധത്തിലായി. രണ്ടു ദിവസമായി സന്നിധാനത്ത് പതിനായിരത്തോളം ആളുകളാണ് ഭക്തരെന്ന പേരിൽ തമ്പടിക്കുന്നത്. ഇവർക്ക് നേതൃത്വം നൽകുന്നതാകട്ടെ ആർഎസ്എസ് ബിജെപി പ്രവർത്തകരുമാണ്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് തൃശൂരിൽ നിന്നുള്ള അഞ്ച് സ്ത്രീകൾ സന്നിധാനത്ത് പതിനെട്ടാം പടി കയറാൻ എത്തിയത്. ഇവർ പ്രായപരിധി കടന്നവരാണെന്ന് ആരോപിച്ച് ആർഎസ്എസ് പ്രവർത്തകർ വലിയ നടപ്പന്തലിൽ ഇവരെ തടഞ്ഞു. ഇതിനിടെയാണ് ഒരു വിഭാഗം സംഘ പ്രവർത്തകർ കെട്ടുപോലും ഇല്ലാതെ പതിനെട്ടാം പടിയിൽ കയറി നിന്നത്. സ്ത്രീകൾ മലകയറുന്നത് തടയുകയായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്.
ഇവിടെ നിന്ന് ശരണവും മുദ്രാവാക്യവും മുഴക്കിയ ഇവരെ സമാശ്വസിപ്പിക്കുന്നതിനായാണ് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാംപടിയിൽ കയറി നിന്നത്. എന്നാൽ, ആചാരം ലംഘിക്കുന്നതിനെതിരെ സമരം നടത്തുന്നവർ തന്നെ സന്നിധാനത്ത് ആചാരം ലംഘിച്ച് പതിനെട്ടാം പടിയിൽ തന്നെ കയറി നിന്നതാണ് വിവാദമായിരിക്കുന്നത്.
എന്നാൽ, താൻ ആചാരം ലംഘിച്ചില്ലെന്നും തന്റെ കയ്യിൽ കെട്ടുണ്ടായിരുന്നെന്നും, പതിനെട്ടാം പടിയിൽ സംഘർഷമുണ്ടായപ്പോൾ മറ്റൊരാളുടെ കയ്യിൽ കെട്ട് ഏൽപ്പിക്കുകയായിരുന്നുവെന്നും വത്സൻ തില്ലങ്കേരി വിശദീകരിച്ചു. ആചാരം ലംഘിച്ചെന്ന് തെളിഞ്ഞാൽ അയ്യപ്പന്റെ മുന്നിൽ മാപ്പ് പറയാൻ തയ്യാറാണെന്നും വത്സൻ തില്ലങ്കേരി.