play-sharp-fill
നിയന്ത്രണങ്ങൾ ശക്തം: പ്രതിഷേധക്കാർ സുഖമായി കടന്നു; നന്നായി വലഞ്ഞത് അയ്യപ്പഭക്തർ; എല്ലാ പൊലീസ് നിയന്ത്രണത്തിലെന്ന് മുഖ്യമന്ത്രി

നിയന്ത്രണങ്ങൾ ശക്തം: പ്രതിഷേധക്കാർ സുഖമായി കടന്നു; നന്നായി വലഞ്ഞത് അയ്യപ്പഭക്തർ; എല്ലാ പൊലീസ് നിയന്ത്രണത്തിലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

പമ്പ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതോടെയുള്ള പൊലീസ് പരിശോധനയിൽ വലഞ്ഞത് അയ്യപ്പഭക്തർ. ഏത് പരിശോധനയെയും നേരിടാൻ തന്ത്രമൊരുക്കി എത്തിയിരുന്ന പ്രതിഷേധക്കാർ സുഖമായി മല ചവിട്ടിയപ്പോൾ, വലഞ്ഞത് സാധാരണക്കാരായ അയ്യപ്പഭക്തരായിരുന്നു. ചിത്തിര ആട്ടവിശേഷത്തിനു മുൻ വർഷങ്ങളിൽ ആയിരത്തോളം ഭക്തർ മാത്രമാണ് സാധാരണ എത്താറുള്ളത്. എന്നാൽ, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ പ്രതിഷേധത്തിനടക്കമുള്ള തയ്യാറെടുപ്പുകളുമായി എത്തിയത് പതിനയ്യായിരത്തോളം പേരാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും നിലയ്ക്കലും എല്ലാം വൻ പൊലീസ് സന്നാഹം തന്നെ അണിനിരന്നിരുന്നു.
സ്‌കാനിംങ് യന്ത്രങ്ങളും, ഫേസ് ഡിറ്റക്ഷൻ കാമറയും, മൊബൈൽ ജാമറുകളും പൊലീസിന്റെ സർവ സന്നാഹങ്ങളും നിരത്തിയായിരുന്നു പരിശോധന. എന്നാൽ, ഇതിനെയെല്ലാം മറികടക്കുന്നതിന് ശബരിമലയിൽ പ്രതിഷേധവുമായി എത്തിയ സംഘപരിവാർ സംഘടനകൾക്ക് സാധിച്ചു എന്നതാണ് ഇവിടെ വിജയമായി മാറുന്നത്. എന്നാൽ, പ്രതിഷേധക്കാരെ കുടുക്കാൻ സർക്കാരും പൊലീസും കാണിച്ച അമിത പ്രതിരോധ മാർഗങ്ങൾ സാധാരണക്കാരായ അയ്യപ്പഭക്തരെയാണ് ഏറെ വലച്ചത്.
സ്വകാര്യ വാഹനങ്ങളിൽ എത്തിയവർ നിലയ്ക്കലിൽ വാഹനം പാർക്ക് ചെയ്ത് കെഎസ്ആർടിസി ബസിലാണ് പമ്പയിലേയ്ക്ക് പോകാൻ അനുവാദം നൽകിയത്. സീസണല്ലാതിരുന്നതിനാൽ കാര്യമായ സർവീസുകൾ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തിരുന്നില്ല. പലപ്പോഴും അയ്യപ്പഭക്തർക്ക് മണിക്കൂറുകളോളം നിലയ്ക്കലിൽ കാത്ത് നിൽക്കേണ്ടി വന്നു. പതിനഞ്ച് മിനിറ്റ് ഇടവിട്ട് കെഎസ്ആർടിസി ബസുകൾ നിലയ്ക്കൽ പമ്പ ചെയിൻ സർവീസ് നടത്തിയെങ്കിലും, ഇത് പര്യാപ്തമായി ഇത് ഇവരെ പലപ്പോഴും ക്ഷുഭിതരാക്കി. പൊലീസും അയ്യപ്പഭക്തരും തമ്മിൽ പലപ്പോഴും ഏറ്റുമുട്ടുന്ന സ്ഥിതി പോലും ഉടലെടുത്തു. ഇതിനിടെ നിലയ്ക്കലിൽ എത്തിയ ബിജെപി നേതാക്കൾ സ്ഥിരതി ഗതികൾ ഏറ്റെടുത്തു. തുടർന്നാണ് ബസുകൾ വിടാൻ പൊലീസ് തയ്യാറായത്.
എന്നാൽ, പമ്പ മുതൽ സന്നിധാനം വരെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒരാൾക്കും കടന്നു പോകാനാവാത്ത സ്ഥിതിയായിരുന്നു. എന്തിനെയും നേരിടാൻ തയ്യാറായി എത്തിയ പ്രതിഷേധക്കാർ ഈ സുരക്ഷാ പരിശോധനകളെയെല്ലാം തന്ത്രപൂർവം മറികടന്നപ്പോൾ, അനാവശ്യമായ സുരക്ഷാ പരിശോധനകൾ സാധാരണക്കാരായ ഭക്തരുടെ ക്ഷമയെ പലപ്പോഴും പരിശോധിച്ചു. പമ്പയിലും സന്നിധാനത്തേയ്ക്കുള്ള വഴിയിലും സ്‌കാനർ ഉപയോഗിച്ച് ബാഗും ഇരുമുടിക്കെട്ടും അടക്കം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതെല്ലാം അയ്യപ്പഭക്തരെ വലക്കുന്നതായിരുന്നു. പ്രതിഷേധക്കാരെ മാത്രം കണ്ടെത്താൻ പൊലീസ് നടപടിയെടുക്കുന്നതല്ലേ നല്ലതെന്നായിരുന്നു പലരുടെയും മറുപടി.
പ്രതിഷേധക്കാരെ ഒഴിവാക്കാൻ സന്നിധാനത്തെയും പമ്പയിലെയും ശുചിമുറികൾ അടക്കം പൊലീസ് അടച്ചിട്ടിരുന്നു. ഇതും വലച്ചത് അയ്യപ്പഭക്തരെയാണ്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും അവസരം ഇവർക്ക് ലഭിച്ചിരുന്നില്ല. ഇതും തർക്കത്തിനു ഇടയാക്കി. രണ്ടു ദിവസം നിൽക്കാൻ തയ്യാറെടുത്ത് വന്ന പ്രതിഷേധക്കാർ നടപ്പന്തലിൽ തന്നെ തമ്പടിച്ചതും സാധാരണ വിശ്വാസികളെ ബുദ്ധിമുട്ടിലാക്കി. പൊലീസിന്റെ പരിശോധനയ്ക്കു പുറമേ, പ്രതിഷേധക്കാരുടെ സംശയക്കണ്ണുകളെയും കടന്നാണ് വിശ്വാസികളിൽ പലരും മല കയറി സന്നിധാനത്തും പതിനെട്ടാം പടിയിലും എത്തിയത്. ഇതേ തരത്തിൽ സുരക്ഷയും പ്രതിഷേധവും തുടർന്നാൽ വരും ദിവസങ്ങളിൽ സന്നിധാനത്തേയ്ക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്നാണ് സൂചന.