
ഡല്‍ഹി: ഇന്ധനം ലാഭിക്കാന്‍ വാഹനയാത്ര ഒഴിവാക്കാനും ജോലി വര്‍ക്ക് ഫ്രം ഹോമാക്കാനും പ്രധാനമന്ത്രി ആഹ്വാനം നടത്തി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് 50 വാഹനങ്ങളുടെ അകമ്പടിയുമായി ആഡംബരം കാട്ടി ബിജെപി നേതാവ്.
മധ്യപ്രദേശിലെ ബിജെപി നേതാവ് സൗഭാഗ്യ സിംഗ് താക്കൂര്‍ 50-ഓളം വാഹനങ്ങളുടെ അകമ്പടിയോടെ യാത്ര നടത്തിയതാണ് വിവാദമായിരിക്കുന്നത്.
ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടഭ്യര്ത്ഥിച്ചതിന് കഴിഞ്ഞ ദിവസമായിരുന്നു. അതിന് പിന്നാലെ മധ്യപ്രദേശ് ടെക്സ്റ്റ് ബുക്ക് കോര്പ്പറേഷന് ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ ഉജ്ജയിനില്‍ നിന്ന് ഭോപ്പാലിലേക്ക് തിരിച്ച സൗഭാഗ്യ സിംഗ് താക്കൂര്‍ കൂറ്റന്‍ വാഹനവ്യൂഹവുമായി യാത്ര ചെയ്തത്.
പശ്ചിമേഷ്യന്‍ പ്രതിസന്ധി കണക്കിലെടുത്ത് അനാവശ്യ ഇന്ധന ഉപയോഗം കുറയ്ക്കാനും പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാനും ഞായറാഴ്ച തെലങ്കാനയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് സ്വന്തം പാര്‍ട്ടി നേതാവ് തന്നെ ഇത് ലംഘിച്ചത്. മാലകള്‍ കൊണ്ട് അലങ്കരിച്ച എസ്യുവികളും അനുയായികളുടെ വാഹനങ്ങളും അടങ്ങുന്ന വ്യൂഹം ഹൈവേയില്‍ ഗതാഗത തടസ്സമുണ്ടാക്കുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രിയുടെ ആഹ്വാനം ഭരണപരാജയത്തിന്റെ തെളിവാണെന്നും ജനങ്ങളോട് ത്യാഗം ചെയ്യാന്‍ പറയുന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറലാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആഗോള സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ഇത്തരമൊരു ആഹ്വാനം നടത്തിയതെന്ന് ബിജെപി വക്താക്കള്‍ ന്യായീകരിച്ചു. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ബോധപൂര്‍വമായ തിരഞ്ഞെടുപ്പുകള്‍ നടത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു







