വീടിന്റെ ​ഗ്രില്ലു തകർത്ത് മോഷ്ടിച്ചത് ഇരുപത്തിരണ്ടേമുക്കാൽ പവൻ സ്വർണവും, വജ്ര നെക്ലേസും, ഒരു ലക്ഷത്തി അയ്യായിരം രൂപയും; കള്ളന്മാരെ പിടികൂടിയത് 17 വർഷത്തിനു ശേഷമുള്ള മറ്റൊരു മോഷണത്തിൽ പിടിക്കപ്പെട്ടതോടെ; പത്തനംതിട്ടയിൽ മോഷ്ടാക്കൾക്ക് വിനയായത് ‘സ്വന്തം വിരൽ അടയാളം’

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: പതിനേഴ് വർഷങ്ങൾക്ക് മുൻപ് നടത്തിയ മോഷണം. ഏറെ നാളത്തെ തിരച്ചിലിനൊടുവിലും പ്രതികളെ കണ്ടുപിടിക്കാൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച പൊലീസിനു മുൻപിൽ കള്ളൻമാർ കുടുങ്ങിയത് അപ്രതീക്ഷിതമായി. പ്രതികളെ കുടുക്കിയത് വിരലടയാളവും.

കിടങ്ങന്നൂർ കുറിച്ചിമുട്ടം എഴിക്കാട് കോളനി ബ്ലോക്ക് നമ്പർ 27 ൽ എഴിക്കാട് രാജൻ എന്ന് വിളിക്കുന്ന രാജൻ (56), കൊടുമൺ ഐക്കാട് വളക്കട ജംഗ്ഷനിൽ താഴെ മുണ്ടക്കൽ വീട്ടിൽ സുരേഷ് (52) എന്നിവരാണ് ആ തിരിച്ചറിയാതെ പോയ കള്ളൻമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈയിടെ തിരുവനന്തപുരത്ത് നടന്ന ഒരു മോഷണ കേസിൽ അറസ്റ്റിലായ രാജന്റെയും കൊടുമൺ പൊലീസ് സ്റ്റേഷനിലെ കേസിൽ പിടിക്കപ്പെട്ട സുരേഷിന്റെയും വിരലടയാളങ്ങൾ, പത്തനംതിട്ടയിലെ മോഷണം നടന്ന വീട്ടിൽ നിന്നും ശേഖരിച്ച വിരലടയാളങ്ങളുമായി സാമ്യമുണ്ടെന്നു കണ്ടെത്തിയതോടെയാണ് പ്രതികളിലേക്കുള്ള വഴി തെളിഞ്ഞത്.

2004 സെപ്റ്റംബറിൽ പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ ഒരു വീട്ടിൽ നിന്നും ഇരുപത്തിരണ്ടേമുക്കാൽ പവൻ സ്വർണവും വജ്ര നെക്ലേസും ഒരു ലക്ഷത്തി അയ്യായിരം രൂപയുമാണ് ഇവർ മോഷ്ടിച്ചത്. രാത്രി വീടിന്റെ ഗ്രില്ലും പൂട്ടും തകർത്ത് അകത്തുകടന്ന പ്രതികൾ, കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ വജ്ര ആഭരണങ്ങളും പണവും കവരുകയായിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിൽ പ്രതികളെ കിട്ടാതെ വന്നപ്പോൾ അന്വേഷണം താൽക്കാലികമായി നിർത്തിവച്ചു.

പത്തനംതിട്ട ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ടെസ്റ്റർ ഇൻസ്പെക്ടർ വി ബിജുലാലിന്റെയും സംഘത്തിന്റെയും ശാസ്ത്രീയ വിരലടയാള പരിശോധനാഫലം പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘത്തിന് സഹായകമായി. വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയും സ്ഥിരം മോഷ്ടാവുമായ എഴിക്കാട് രാജൻ ഇപ്പോൾ തിരുവനന്തപുരം വട്ടിയൂർക്കാവ് മണലയം മുളവുകാട് വീട്ടിലാണ് താമസിച്ചുവരുന്നത്. സുരേഷും നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇരുവരും പലതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ടെസ്റ്റർ ഇൻസ്പെക്ടർ വി ബിജുലാൽ, വിരലടയാള പരിശോധനാ വിദഗ്ധരായ ശൈലജകുമാരി, ശ്രീജ, രവികുമാർ, എഎസ്‌ഐ സുനിലാൽ എന്നിവർ ഉൾപ്പെട്ട സംഘം കണ്ടെത്തിയ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയെ അറിയിക്കുകയും തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ കേസ് പുനരന്വേഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.

പത്തനംതിട്ട ഡിവൈഎസ്‌പി കെ.സജീവ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.