video
play-sharp-fill
എഐ ക്യാമറകള്‍ സ്ഥാപിച്ച്‌ ഒരുവര്‍ഷം പിന്നിടുമ്പോഴും കോട്ടയം ജില്ലയിൽ  നിയമലംഘനങ്ങള്‍ക്ക് കുറവില്ല; റിപ്പോർട്ട് ചെയ്തത് 3.13 ലക്ഷം നിയമലംഘനങ്ങള്‍, ഇതിൽ കൂടുതലും ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവർ

എഐ ക്യാമറകള്‍ സ്ഥാപിച്ച്‌ ഒരുവര്‍ഷം പിന്നിടുമ്പോഴും കോട്ടയം ജില്ലയിൽ നിയമലംഘനങ്ങള്‍ക്ക് കുറവില്ല; റിപ്പോർട്ട് ചെയ്തത് 3.13 ലക്ഷം നിയമലംഘനങ്ങള്‍, ഇതിൽ കൂടുതലും ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവർ

കോട്ടയം: എഐ ക്യാമറകള്‍ സ്ഥാപിച്ച്‌ ഒരുവര്‍ഷം പിന്നിടുമ്പോഴും നിയമലംഘനങ്ങള്‍ക്ക് കുറവില്ല. ജില്ലയില്‍ 3.13 ലക്ഷം നിയമലംഘനങ്ങള്‍.

ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണമാണ് ദിനംപ്രതി വർധിക്കുന്നത്. ജില്ലയില്‍ 44 ക്യാമറകളാണുള്ളത്. ഇതില്‍ പതിയുന്ന നിയമലംഘനദൃശ്യങ്ങള്‍ തെള്ളകത്തെ ആര്‍ടിഒ എന്‍ഫോഴ്സ്‌മെന്‍റ് ഓഫീസിലാണ് പരിശോധിച്ച്‌ തുടര്‍നടപടി സ്വീകരിക്കുന്നത്.

കെല്‍ട്രോണുമായുള്ള സാമ്പത്തിക തര്‍ക്കത്തേ തുടര്‍ന്ന് ഒരു നിശ്ചിതകാലത്തേക്ക് നോട്ടീസുകള്‍ അയച്ചിരുന്നില്ല. ഇതുകൂടി കണക്കിലെടുത്താല്‍ എണ്ണം വര്‍ധിക്കുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമറകള്‍ക്കു പുറമേ ക്യാമറ ഘടിപ്പിച്ച മോട്ടോര്‍ വാഹനവകുപ്പിന്‍റെ വാഹനവും ജില്ലയിലെ റോഡുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഹെല്‍മറ്റ് ഇല്ലാതെയുള്ള ഇരുചക്ര വാഹനയാത്രയാണ്. നിയമലംഘനങ്ങളില്‍ ഏറെയും.

ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗത്തിനും പിഴ കിട്ടിയവരാണ് രണ്ടാമത്. അമിതവേഗതത്തിനു നോട്ടീസ് കിട്ടിയവരുടെ എണ്ണവും കുറവല്ല. സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ രണ്ടിലേറെ പേരുടെ യാത്ര എന്നിവയും ക്യാമറ ഒപ്പിയെടുത്തു.

ഒന്നിലേറെ തവണ ഒരേസ്ഥലത്ത് ഒരേ കുറ്റത്തിനു പിഴ കിട്ടിയവരുമുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടികളാണ് മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്നത്. അതേസമയം, നോട്ടീസ് അയച്ചിട്ടും ഭൂരിപക്ഷം വാഹന ഉടമകളും പിഴയടച്ചിട്ടില്ല. പിഴ ലഭിച്ച വിവരം ഭൂരിഭാഗവും അറിയാത്തതാണ് ഇതിന് പ്രധാനകാരണം.

കെല്‍ട്രോണിന് പണം ലഭിക്കാത്തതിന്‍റെ പേരില്‍ ക്യാമറകളില്‍നിന്നുള്ള ചിത്രങ്ങള്‍ ശേഖരിക്കുന്നില്ലെന്ന പ്രചാരണം പണം അടയ്ക്കാതിരിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും പിഴ അടച്ചില്ലെങ്കില്‍ നോട്ടീസ് കോടതിയില്‍ കൈമാറും.

അവിടെനിന്നു വാഹന ഉടമക്ക് സന്ദേശം അയക്കും. പിഴയൊടുക്കാതെ വാഹനത്തിന്‍റെ ഉടമസ്ഥാവകാശം കൈമാറാനോ രജിസ്ട്രേഷന്‍ പുതുക്കാനോ സാധിക്കില്ല. മോട്ടോര്‍ വാഹനവകുപ്പില്‍നിന്നു തുടര്‍സേവനങ്ങളും ലഭിക്കില്ല.

ക്യാമറകള്‍ സ്ഥാപിച്ച ശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞതായാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍, കെല്‍ട്രോണുമായുള്ള തര്‍ക്കത്തേതുടര്‍ന്ന് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പ്രചാരണവും ചിലയിടങ്ങളില്‍ നടന്നു.

ഇതുമൂലം പഴയ ജാഗ്രത പലരും കൈവിട്ടതായും ജില്ലയിലടക്കം എല്ലായിടങ്ങളിലും ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യാമറാക്കണ്ണില്‍നിന്ന് ഒഴിവാകാന്‍ യാത്ര വഴിമാറ്റുന്നവരുടെ എണ്ണവും ഏറിയിട്ടുണ്ട്.

നഗര പ്രദേശങ്ങളിലെ ക്യാമറകളുടെ കണ്ണു വെട്ടിക്കാന്‍ ഇടറോഡുകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതിനിടെ, ക്യാമറകള്‍ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതും വകുപ്പിന്‍റെ പരിഗണനയിലുണ്ട്.