അടിത്തറയിളകിയാൽ നികത്താൻ ജോസ് കെ.മാണി: നിഷ്പക്ഷ വോട്ടുകളിൽ കുറവുണ്ടായാൽ ഭരണം തിരികെ പിടിക്കാൻ ജോസ് കെ.മാണിയെ ഒപ്പം നിർത്താൻ ഇടത് മുന്നണി; 25 മുതൽ 30 സീറ്റുകളിൽ വരെ ഇടതു മുന്നണിയ്ക്കു നേട്ടമുണ്ടാകും
തേർഡ് ഐ ബ്യൂറോ
കോട്ടയം: എന്തു വിലകൊടുത്തും തുടർഭരണം നിലനിർത്താൻ ശ്രമിക്കുന്ന ഇടതു മുന്നണിയും പിണറായി വിജയൻ സർക്കാരും ജോസ് കെ.മാണിയെയും കേരള കോൺഗ്രസിനെയും കൂടെ നിർത്താൻ ശ്രമിക്കുന്നത് ഏറെ പ്രതീക്ഷകളോടെ. ഇടതു മുന്നണിയ്ക്കു സ്വാധീനം കുറവുള്ള, ഇടുക്കി , കോട്ടയം പത്തനംതിട്ട എറണാകുളം ജില്ലകളിൽ ജോസ് കെ.മാണിയുടെയും കേരള കോൺഗ്രസിന്റെയും സ്വാധീനം തങ്ങൾക്കു ഗുണം ചെയ്യുമെന്നാണ്് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്.
മധ്യകേരളത്തിലെ യുഡിഎഫിന്റെ മേൽക്കോയ്മ ഇനി നിലനിൽത്താൻ കോൺഗ്രസ് അത്യദ്ധ്വാനം ചെയ്യേണ്ടി വരുമെന്നതു ഇതുമായി ചേർത്തു വായിക്കേണ്ടി വരും. അതായത് ലീഗിനൊപ്പം വടക്ക് 3-4 ജില്ലകളിൽ യുഡിഎഫായും ബാക്കിയുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് ഒറ്റക്കും മൽസരിക്കുന്ന അവസ്ഥ സംജാതമായി കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോസഫ് വിഭാഗമുൾപ്പെടെ ബാക്കി കക്ഷികൾ കടലാസിൽ മാത്രമേയുള്ളുവെന്ന് കോൺഗ്രസിന് അറിയാം. ജൂൺ 29ന് ജോസ് കെ മാണിയെ പുറത്താക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിച്ചത്, സി പി ഐ യുടെ എതിർപ്പ് കാരണം എൽഡിഎഫിലെടുക്കാതെ വിലപേശൽ ശക്തി നഷ്ടപ്പെട്ട് യു ഡി എഫിലേക്കൊരു മടക്കമായിരുന്നു.
പക്ഷെ എൽ ഡിഫിന് വൻ സ്വീകാര്യതയായി കേരളാ കോൺഗ്രസ് പാർട്ടി മാറിയപ്പോൾ പലപ്പോഴും കോൺഗ്രസ് നേതാക്കൾക്ക് വാക്കുകൾ മാറി മാറി പറയേണ്ടി വന്നു. മധ്യകേരളത്തിൽ ശക്തി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇടതു മുന്നണിയ്ക്കു ജോസ് കെ.മാണിയുടെ കരുത്ത് കൂടുതൽ ഗുണം ചെയ്യും.
കേരളാ കോൺഗ്രസ് (എം) ന് എൽഡിഎഫ് പറഞ്ഞിരിക്കുന്നത് 14-16 സീറ്റ് വരെയാണ്. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ഒഴികെ മുമ്പ് മൽസരിച്ച 5 സീറ്റും ഇടുക്കിയിൽ തൊടുപുഴയും ഇടുക്കിയും പത്തനംതിട്ടയിൽ റാന്നിയോ ആറന്മുളയിൽ ഏതെങ്കിലും ഒന്നോ കൊല്ലത്ത് പത്തനാപുരമോ കൊട്ടാരക്കരയോ, ആലപ്പുഴയിൽ കുട്ടനാട് അല്ലെങ്കിൽ ഹരിപ്പാട്, എറുണാകുളത്ത് പിറവം, പിന്നെ മാണി വിഭാഗത്തിന്റെ ശക്തികേന്ദ്രമായ പെരുമ്പാവൂരോ അങ്കമാലിയോ തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയോ ചാലക്കുടിയോ, വയനാട്ടിൽ ബത്തേരിയോ കല്പറ്റയോ, മലബാറിൽ ഇരിക്കൂർ, പേരാവൂർ, തിരുവമ്പാടിയും ആണ് ഏകദേശ ധാരണയായിരിക്കുന്നത്.
കൂടാതെ ഏറ്റുമാനൂർ, പുതുപ്പള്ളി, ഉടുമ്പഞ്ചോല, പീരുമേട്, തിരുവല്ല, കോന്നി, ചെങ്ങന്നൂർ, പുനലൂർ, കുട്ടനാട്, മൂവാറ്റുപുഴ, കോതമംഗലം, പിറവം, പെരുമ്പാവൂർ,അങ്കമാലി, ഇരിങ്ങാലക്കുട ,പേരാമ്പ്ര മറ്റു കുടിയേറ്റ മേഖലകളിലും നിയമസഭാ സീറ്റിനൊപ്പം ത്രിതല പഞ്ചായത്തിലും കേരളാ കോൺഗ്രസ് ബാന്ധവം ഇടതുമുന്നണിക്ക് കരുത്തേകും.
മുസ്ലിം ലീഗിനൊപ്പം വർഗീയ സംഘടനകളായ ജമാഅത്തെ ഇസ്ലാമി, വെൽഫയർ പാർട്ടി മുതലായവയുടെ സഹകരണവും യു ഡി എഫിന് ക്രിസ്ത്യൻ മേഖലകളിൽ തിരിച്ചടിയാകും.