തന്റെ മണ്ഡലമായ കായംകുളത്ത് മാത്രമല്ല, രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടും ദേശീയപാത നിറയെ കുഴികളാണെന്ന്  എം.എല്‍.എ യു.പ്രതിഭ; പ്രതിഭയുടെ ഫേസ് ബുക്ക് ലൈവിനെതിരെ വിമര്‍ശനം

തന്റെ മണ്ഡലമായ കായംകുളത്ത് മാത്രമല്ല, രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടും ദേശീയപാത നിറയെ കുഴികളാണെന്ന് എം.എല്‍.എ യു.പ്രതിഭ; പ്രതിഭയുടെ ഫേസ് ബുക്ക് ലൈവിനെതിരെ വിമര്‍ശനം

Spread the love

സ്വന്തം ലേഖിക

കായംകുളം: പൊതുമരാമത്ത് വകുപ്പിനെതിരെ തുറന്നടിച്ച് ഭരണകക്ഷി എം.എല്‍.എയായ യു.പ്രതിഭ.

തന്റെ മണ്ഡലമായ കായംകുളത്ത് മാത്രമല്ല, രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടും ദേശീയപാത നിറയെ കുഴികളാണെന്ന് യു.പ്രതിഭ. ഇന്നലെ ഉച്ചയ്ക്ക് ദേശീയ പാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷന്‍ മുതല്‍ കൃഷ്ണപുരം വരെ കാറില്‍ സഞ്ചരിച്ച്‌ കുഴികളെണ്ണി ഫേസ് ബുക്ക് ലൈവിലൂടെയാണ് പ്രതിഭ ഇക്കാര്യം സമര്‍ത്ഥിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമരാമത്ത് വകുപ്പിനെ താറടിക്കാനുള്ള നീക്കമാണെന്നും ട്രോളാണെന്നും ഒക്കെ പ്രതിഭയുടെ ഫേസ് ബുക്ക് ലൈവിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിന് മുമ്ബും പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദത്തിലായിട്ടുണ്ട്.

‘എന്നെ പെന്‍ഷന്‍ വാങ്ങിപ്പിക്കാന്‍ പരിശ്രമിച്ചവര്‍ ദേശീയപാത അതോറിട്ടിയെ കാണുന്നേയില്ലെന്ന് ‘ രണ്ട് ദിവസം മുമ്ബ് പ്രതിഭ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു താഴെയും വിമര്‍ശനങ്ങള്‍ നിറഞ്ഞിരുന്നു.

കഴിഞ്ഞ മാസം സ്പീക്കര്‍ എം.ബി രാജേഷിന്റെ കാര്‍ കായംകുളത്ത് ഗട്ടറില്‍ വീണ് പഞ്ചറായതോടെയാണ് റോഡിന്റെ തകര്‍ച്ച ചര്‍ച്ചയായത്. കായംകുളത്ത് ദേശീയപാത തകര്‍ന്ന് ഗതാഗയോഗ്യമല്ലാതായതും നിരവധി പേര്‍ അപകടങ്ങളില്‍ പെടുന്നതും വാര്‍ത്തയായതോടെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ റോഡിലെ കുഴികള്‍ അടച്ചിരുന്നു. രാത്രിയില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിയ്ക്കുകയും ചെയ്തു.

ഇതാണ് പ്രതിഭയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. തുടര്‍ന്നാണ് ഇന്നലെ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടേകാല്‍ വരെ ഫേസ്ബുക്ക് ലൈവിലെത്തി കുഴികളെണ്ണിയത്. ഹരിപ്പാട് ടൗണില്‍ ഉള്‍പ്പെടെ ദേശീയപാത തകര്‍ന്നു കിടക്കുകയാണെന്ന് കുഴികള്‍ ചൂണ്ടിക്കാട്ടി പ്രതിഭ പറയുന്നു.

കായംകുളത്തും കുഴികള്‍ എണ്ണിയെങ്കിലും ഇവയില്‍ അറ്റകുറ്റപ്പണി നടത്തിയെന്ന് വിശദീകരിക്കുന്നുമുണ്ട്. ദേശീയ പാത അതോറിട്ടിയ്ക്കാണ് അറ്റകുറ്റപ്പണികളുടെ ചുമതലയെന്നും സംസ്ഥാന സര്‍ക്കാരിന് റോളില്ലെന്നും, സംസ്ഥാന സര്‍ക്കാര്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ തയ്യാറാണെങ്കിലും ദേശീയ പാത അതോറിട്ടി അനുവദിയ്ക്കുന്നില്ലന്നും പ്രതിഭ ലൈവില്‍ പറഞ്ഞു.

അപകടങ്ങള്‍ കുറയ്ക്കാന്‍ രാത്രിയില്‍ വേഗത കുറച്ച്‌ പതുക്കെ പോയാല്‍ മതിയെന്ന ഉപദേശവും നല്‍കുന്നുണ്ട്. മിണ്ടാതെ, അനങ്ങാതെ ഇരിയ്ക്കുന്ന ജനപ്രതിനിധി അല്ലെന്നും കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടന്നും പറഞ്ഞാണ് ലൈവ് അവസാനിപ്പിച്ചത്.