റവന്യൂ ഭൂമിയിലെ കോടികളുടെ മരം മുറി; സംശയനിഴലിൽ മന്ത്രി ഓഫീസ്; വനം ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകനും പങ്കെന്ന് സൂചന.

സ്വന്തം ലേഖകൻ

കല്‍പ്പറ്റ : റവന്യൂ ഭൂമിയിലെ കോടികളുടെ ഈട്ടിത്തടി മുറിച്ച സംഭവത്തിന് പിന്നിൽ പ്രമുഖർ; വയനാട്‌ മുട്ടില്‍ സൗത്ത്‌ വില്ലേജിലെ റവന്യൂ പട്ടയ ഭൂമികളിലെ കോടികളുടെ ഈട്ടി മരങ്ങള്‍ മുറിച്ച സംഭവത്തില്‍ വനംമന്ത്രിക്കും ഉദ്യോഗസ്‌ഥര്‍ക്കുമെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളും ആരോപണങ്ങളും.

സര്‍ക്കാരില്‍ നിക്ഷിപ്‌തമായ റവന്യൂ ഭൂമിയിലെ മരംമുറിക്കാനായി വിവാദ ഉത്തരവിറങ്ങിയതിനു പിന്നില്‍ മുന്‍ വനം, റവന്യൂ വകുപ്പുകളിലെ പ്രധാനികള്‍ക്കും കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു പ്രധാന ചുമതലക്കാരനും പങ്കുണ്ടായിരുന്നവെന്ന ആരോപണം ബലപ്പെട്ടതിനൊപ്പം മരംമുറിക്കേസ്‌ അട്ടിമറിക്കാന്‍ വിവാദ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥനും ഒരു മാധ്യമ പ്രവര്‍ത്തകനും ചേര്‍ന്ന്‌ വനംമന്ത്രിയെ സന്ദര്‍ശിച്ചുവെന്ന വിവരവും പുറത്തായിരിക്കുകയാണ്‌.
മരംമുറി സംബന്ധിച്ച ആരോപണം കൂടുതല്‍ പേരിലേക്ക്‌ നീളുന്നതിനിടെ മുകള്‍തട്ടിലേക്ക്‌ അന്വേഷണം നീളാതിരിക്കാന്‍ താഴെതട്ടില്‍ നടപടി സ്വീകരിച്ച്‌ മുഖംരക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതമാണ്‌.

വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരെ തള്ളിക്കൊണ്ടാണ്‌ ഇന്നലെ വകുപ്പ്‌ മന്ത്രി വിഷയത്തോട്‌ പ്രതികരിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യൂ വകുപ്പ്‌ ഇറക്കിയ ഉത്തരവ്‌ വനംഉദ്യോഗസ്‌ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുവെന്നാണ്‌ മന്ത്രിയുടെ നിലപാട്‌.

സംസ്‌ഥാനത്തു പല സ്‌ഥലങ്ങളിലും നടന്ന മരംമുറിക്കു പിന്നില്‍ വലിയ ഗൂഢാലോചന നടന്നെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌, വിവാദ ഉത്തരവ്‌ സമ്ബാദിക്കാനായി മന്ത്രിമാരുടെ ഓഫീസുകളിലും കോടതിയിലും കയറിയിറങ്ങിയത്‌ വയനാട്ടിലെ അടക്കം മരം കച്ചവടക്കാരായിരുന്നു.

മന്ത്രിമാരുടെ ഓഫീസിനെ സ്വാധീനിക്കാതെ വിചിത്രമായ മരംമുറി ഉത്തരവ്‌ ഇറങ്ങില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പല ജില്ലകളിലും വ്യാപകമായി മരംമുറി നടന്നുവെങ്കിലും വയനാട്ടിലെ മരംമുറി മാത്രമാണ്‌ വിവാദമായത്‌.

മറ്റു സ്‌ഥലങ്ങളില്‍ മുറിച്ച്‌ കയറ്റിക്കൊണ്ടുപോയ മരം ഉരുപ്പടികളായി മാറിക്കഴിഞ്ഞു. സംസ്‌ഥാനത്തുടനീളമുള്ള റവന്യൂ പട്ടയഭൂമികളിലെ നൂറും ഇരുനൂറും പഴക്കമുള്ള കുറ്റന്‍ ഈട്ടി മരങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ നീക്കങ്ങള്‍ക്ക്‌ കഴിഞ്ഞതവണ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രധാന ചുമതലയുണ്ടായിരുന്ന, വിവാദങ്ങളില്‍ കുരുങ്ങിയ ജീവനക്കാരനും മനസറിവുണ്ടെന്നാണു സൂചന. അതിനിടെ പ്രതിസ്‌ഥാനത്തുനില്‍ക്കുന്ന പ്രമുഖര്‍ ബ്ലാക്ക്‌മെയ്‌ലിങ്‌ തന്ത്രവും പയറ്റുന്നുണ്ട്‌.

ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജന്‍, മലബാറിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നിവരാണ്‌ മുട്ടില്‍ മരംമുറി കേസ്‌ അട്ടിമറിക്കാനും സത്യസന്ധതയോടെ പ്രവര്‍ത്തിച്ച വനം ഉദ്യോഗസ്‌ഥനെ ബലിയാടാക്കാനും ശ്രമിച്ചതെന്ന്‌ ചീഫ്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ്‌കുമാര്‍ മാസങ്ങള്‍ക്കു മുൻപ് മേലധികാരികള്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ധര്‍മടം സ്വദേശിയാണ്‌ എന്‍.ടി. സാജന്‍. സാജനുമായി അടുത്ത ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകന്‍ വസ്‌തുതാ വിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റൊരു വാര്‍ത്താചാനലിന്റെ ചെയര്‍മാനാണ്‌ പ്രതിസ്‌ഥാനത്തുള്ള ഒരാള്‍. ഈ ചാനലിലും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സാജന്‌ നാലു ദിവസത്തേക്ക്‌ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ്‌ ഇവാലുവേഷന്‍ വിങ്ങിന്റെ ചുമതല ലഭിച്ച സമയത്ത്‌ അദേഹം മരംമുറി അന്വേഷിക്കാന്‍ കോഴിക്കോട്ടുനിന്നും വയനാട്ടിലെത്തിയത്‌ പ്രതിസ്‌ഥാനത്തുള്ളവരുടെ വാഹനത്തിലാണെന്നും പറയുന്നു. മേപ്പാടി ഫോറസ്‌റ്റ്‌ റെയ്‌ഞ്ചിനു കീഴിലുള്ള മണിക്കുന്നുമലയില്‍ നടന്ന ഈട്ടി മരംമുറിയില്‍ റെയ്‌ഞ്ച്‌ ഓഫീസര്‍ അടക്കമുള്ളവരെ പ്രതിയാക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌.

മുട്ടില്‍ മരംകൊള്ള തടയാന്‍ ആവശ്യമായ ഇടപെടല്‍ നടത്തിയ മേപ്പാടി റെയ്‌ഞ്ച്‌ ഓഫീസര്‍ എം.കെ. സമീറിനോട്‌, കേസിലെ വകുപ്പുകള്‍ മാറ്റിയെഴുതണമെന്ന്‌ സാജന്‍ നിര്‍ബന്ധിച്ചുവെന്നും ചീഫ്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാജന്‍ തന്റെ തെറ്റായ അന്വേഷണ റിപ്പോര്‍ട്ട്‌ ചില ചാനലുകള്‍ക്കു ചോര്‍ത്തി നല്‍കി കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി ഉണ്ടായിട്ടില്ല. ഇതിനിടെ പ്രതിസ്‌ഥാനത്തുള്ളവരെയും എന്‍.ടി. സാജനെയും വയനാട്ടില്‍ ഒരുമിച്ചുകണ്ടിട്ടുണ്ടെന്നു മരംമുറി കരാറുകാരന്‍ ഹംസ എന്നയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.
ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരമേറ്റെടുത്ത്‌ ഏതാനും ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോള്‍ കേസൊതുക്കാനായി വകുപ്പു മന്ത്രിയെ സന്ദര്‍ശിച്ചവരില്‍ വിവാദ വനംഉദ്യോഗസ്‌ഥനും മാധ്യമ പ്രവര്‍ത്തകനും ഉണ്ടായിരുന്നു. ഇടതുപക്ഷ അനുഭാവമുള്ള ഒരു ചാനലിന്റെ മേധാവിയാണ്‌ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ഇടനിലക്കാരനായി നിന്നതെന്നും പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്‌.