ഓൺലൈൻ പെൺവാണിഭം ; ചുംബന സമര സംഘാടകരായ രാഹുൽ പശുപാലൻ, രശ്മി ആർ.നായർ എന്നിവരടക്കമുള്ളവരോട് ഹാജരാവാൻ പോക്‌സോ കോടതി ഉത്തരവ്

ഓൺലൈൻ പെൺവാണിഭം ; ചുംബന സമര സംഘാടകരായ രാഹുൽ പശുപാലൻ, രശ്മി ആർ.നായർ എന്നിവരടക്കമുള്ളവരോട് ഹാജരാവാൻ പോക്‌സോ കോടതി ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ ചുംബന സമര സംഘാടകരും സൈബർ പോരാളികളുമായ രാഹുൽ പശുപാലനും രശ്മി.ആർ.നായരുമടക്കമുള്ള പതിമൂന്ന് പ്രതികളോട് ഹാജരാക്കാൻ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും മാർച്ച് 23ന് ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടത്.

ബാംഗ്ലൂരിൽ നിന്ന് മൈനർ പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികൾക്കെതിരെ കർണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുൽ പശുപാലൻ 14 മാസവും രശ്മി. ആർ. നായർ 10 മാസക്കാലവും ജയിലിൽ റിമാന്റിൽ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കർണ്ണാടക ഹൈക്കോടതിയും കേസുകളിൽ ജാമ്യം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 ജനുവരി നവംബർ മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം സൈബർ സെല്ലിന് ഓൺലൈൻ പെൺവാണിഭത്തെപ്പറ്റി ലഭിച്ച പരാതിയിലാണ് ആദ്യ അന്വേഷണം നടന്നത്. കുട്ടികളോട് ലൈംഗിക ആകർഷണവും ആസക്തിയുമുണ്ടാക്കുന്ന ഫെയ്‌സ്ബുക്ക് പെഡോഫൈൽ പേജായ കൊച്ചു സുന്ദരികൾ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്മിൻ സൗദി അറേബ്യയിലായതിനാലും സൈബർ സെൽ പരാതിയിലെ തുടർ നടപടികൾ അവസാനിപ്പിച്ച് ഫയൽ ക്ലോസ് ചെയ്തു.

എന്നാൽ രണ്ടാമത് വീണ്ടും പരാതിയുയർന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് ‘ ഓപ്പറേഷൻ ബിഗ്ഡാഡി ‘ എന്ന പേരിൽ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫെയ്‌സ് ബുക്ക് ഗ്രൂപ്പായ ‘ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് ‘ ( ലൈംഗിക നിരാശരായ മോഹഭംഗം സംഭവിച്ച മലയാളികൾ ) എന്ന ഗ്രൂപ്പിലെ ഒരംഗമെന്ന നിലയിലാണ് ഒരാൾ പരാതിപ്പെട്ടത്. ഫെയ്‌സ് ബുക്കിൽ പെട്ടെന്ന് ആവിർഭവിച്ച് പൊന്തി വന്ന ‘ കൊച്ചു സുന്ദരികൾ ‘ എന്ന പേജ് സൈറ്റിനെക്കുറിച്ചാണ് വീണ്ടും പരാതി വന്നത്.

പുതുമുഖ നടിമാരെ തേടുന്ന റിക്രൂട്ട്‌മെന്റ് സൈറ്റായ ‘ലൊക്കാന്റോ’യിൽ കേരളം അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളിൽ ഉൾപ്പെടുത്തിയാണ് പ്രതികൾ പെൺവാണിഭത്തിന് കളമൊരുക്കിയത്. ‘ കൊച്ചു സുന്ദരികൾ ‘ എന്ന സൈറ്റുണ്ടാക്കി ആ പേജിൽ അക്ബർ വിവിധ മൊബൈൽ ഫോൺ നമ്പരുകൾ രേഖപ്പെടുത്തി ഒമ്പത് പരസ്യങ്ങൾ ചെയ്തിരുന്നു.

ഒൻ്പത്് പരസ്യങ്ങളിൽ കാണപ്പെട്ട വിവിധ നമ്പരുകളിൽ നിന്നും ഒരു നമ്ബരിൽ ക്രൈം ബ്രാഞ്ച് ഇടപാടുകാരെന്ന വ്യാജേന വിളിച്ചു. തങ്ങളുടെ മുതലാളികളായ രണ്ടു പേർ ഉത്തർപ്രദേശിൽ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്നും വിഴിഞ്ഞത്ത് ഭൂമിയിടപാടിനാണ് വരുന്നതെന്നും അറിയിച്ചു. തങ്ങൾക്ക് അഞ്ച് പെൺകുട്ടികളെ ആവശ്യമുണ്ടെന്നും അതിൽ ഒരു പെൺകുട്ടി മൈനറും മറ്റൊന്ന് മോഡലുമായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഉടൻ അക്ബർ സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിച്ചുള്ള രശ്മി നായരുടെ ചിത്രങ്ങൾ അയച്ചു നൽകുകയായിരുന്നു.

രശ്മിക്ക് എൺപതിനായിരം രൂപ അക്ബർ ആവശ്യപ്പെട്ടു. വിലപേശലിൽ അമ്പതിനായിരം അറുപതിനായിരം രൂപയ്ക്ക് രശ്മിയുടെ ഇടപാട് ഉറപ്പിച്ചു. കന്യകമാരായ മൈനർ പെൺകുട്ടികൾക്ക് ഒന്നര ലക്ഷം രൂപ വീതം അക്ബർ ആവശ്യപ്പെടുകയും ചെയ്തു. ഡ്യൂപ്പിനെക്കൊണ്ട് വന്ന് വയസ്സ് കുറച്ച് പറഞ്ഞാൽ തങ്ങൾക്ക് എങ്ങനെ അറിയാൻ പറ്റുമെന്ന് ചേദിച്ചപ്പോൾ ആധാർ കാർഡ് സഹിതം മൈനർ പെൺകുട്ടികളെ എത്തിക്കാമെന്ന് അക്ബർ ഉറപ്പ് നൽകുകയായിരുന്നു. രാഹുലും രശ്മിയും കൂടുതൽ പെൺകുട്ടികളെ ഏർപ്പാടാക്കുമെന്നും അക്ബർ പറഞ്ഞു. മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ചു.

കരാർ വ്യവസ്ഥ പ്രകാരം ബംഗളൂരു നിവാസിയായ ബ്രോക്കർ ലിനീഷ് മാത്യു പതിനാറും പതിനേഴും വയസ്സുള്ള സഹോദരിമാരായ രണ്ടു മൈനർ പെൺകുട്ടികളുമായി ബംഗ്‌ളുരുവിൽ നിന്ന് വിമാന മാർഗ്ഗം കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടായ നെടുമ്പാശേരി വിമാനത്താവളത്തിൽ 2015 നവംബർ 18 ഉച്ചയ്ക്ക് 2.17 ന് പറന്നിറങ്ങി. നേരത്തേ തന്നെ എയർപോർട്ടിൽ നിലയുറപ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ലിനീഷിനെയും രണ്ടു പെൺകുട്ടികളെയും വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ കസ്റ്റഡിയിലെടുത്തു. എയർപോർട്ടിന് സമീപമുള്ള ലോഡ്ജിൽ ലീനീഷിന് വേണ്ടി മുറിയെടുത്ത് കാത്തിരുന്ന അക്ബറിനെ വൈകിട്ട് ആറ് മണിയോടെ അറസ്റ്റ് ചെയ്തു. അതേ സമയം ഒരു മൈനർ പെൺകുട്ടിയുമായി കാറിൽ വന്ന മൂന്നു പേർ പൊലീസിനെക്കണ്ട മാത്രയിൽ കാറുമായി മുങ്ങി.

അക്ബറും ലിനീഷും രണ്ടു മൈനർ പെൺകുട്ടികളും അതേ ഹോട്ടലിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരിക്കേ രാത്രി 11 മണിയോടെ അക്ബറിന്റെ മൊബൈൽ ഫോണിലേക്ക് രശ്മിയുടെ ഒരു എസ്.എം.എസ് എത്തി. ‘ എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും ഇന്ന് ജോലി ഇല്ലേ ‘ യെന്നും ചോദിച്ചായിരുന്നു രശ്മി സന്ദേശം അയച്ചത്. ക്രൈംബ്രാഞ്ച് നിർദ്ദേശ പ്രകാരം അക്ബർ രശ്മിയോട് ഹോട്ടലിൽ വരാനാവശ്യപ്പെട്ടു. കുറച്ച് സമയത്തിനകം രശ്മിയും രാഹുലും അവരുടെ കുട്ടിയുമായി ഹോട്ടലിൽ എത്തി. തുടർന്ന് എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി ജയിലിലേക്ക് റിമാന്റ് ചെയ്തു. മൈനർ പെൺകുട്ടികളെ കോടതിയുത്തരവ് പ്രകാരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി പാർപ്പിച്ചു. ശിശുക്കളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി.

രാഹുൽ രശ്മിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും ഇടപാടുകൾക്ക് സഹായിയായും കാര്യസ്ഥനായും പ്രവർത്തിച്ചതായും പണത്തിന് വേണ്ടി രശ്മിയെ കൊണ്ടു പോകുന്നതായും പ്രോസ്റ്റിറ്റിയൂഷനിൽ നിന്ന് ലഭിക്കുന്ന പണത്തിൽ നിന്നും പങ്ക് പറ്റുന്നതായും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.

അതിനാലാണ് അസാന്മാർഗ്ഗിക പ്രവർത്തനം (തടയൽ) നിയമം രാഹുലിന് മേൽ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. ഏഴ് മാസമായി തങ്ങൾ ഓൺലൈൻ പെൺവാണിഭം നടത്തുന്നതായ രാഹുലിന്റെ കുറ്റസമ്മത മൊഴിയും ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊച്ചി മറൈൻ ഡ്രൈവിലും മറ്റുമായി 2014 ൽ നടത്തിയ ( കിസ് ഓഫ് ലവ് ) ചുംബന സമരത്തിന് നേതൃത്വം കൊടുത്ത് ചുക്കാൻ പിടിച്ചത് രാഹുലും രശ്മിയുമായിരുന്നു. തുടർന്ന് ഓൺലൈൻ സെക്‌സ് റാക്കറ്റ് ബിസിനസ്സിലേക്ക് കടക്കുകയായിരുന്നു. കിസ് ഓഫ് ലവിലും രാഹുലിനും രശ്മിക്കും ജയ് വിളിച്ച സി പി എം കാർ ഓൺ ലൈൻ വാണിഭം പുറത്തായതോടെ മധുരിച്ച് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാത്ത സ്ഥിതിയിലായി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (ക്രിമിനൽ ഗൂഢാലോചന) , 366 എ (മൈനറായ പെൺകുട്ടിയെ അവിഹിത സംഗത്തിന് കൈവശപ്പെടുത്തൽ) , 370 (1) ( പെൺകുട്ടികളെ കടത്തിക്കൊണ്ടു വന്ന് രഹസ്യമായി താമസിപ്പിച്ച് പെൺവാണിഭം നടത്തൽ) , 212 (കുറ്റക്കാരെ ഒളിവിൽ പാർപ്പിക്കൽ) , 34 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ വകുപ്പുകളും 2012 ലെ പോക്‌സോ (ലൈംഗിക കുറ്റ കൃത്യങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം) നിയമത്തിലെ വകുപ്പുകളായ 13 (ബി) , (സി) , 14 എന്നീ വകുപ്പുകളും അനാശാസ്യ പ്രവർത്തനം (തടയൽ) നിയമത്തിലെ വകുപ്പുകളായ 4 (1) , 2 (എ), (ബി) , (സി) , 5 (എ), (ബി), (സി) എന്നീ വകുപ്പുകളും വിവര സാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പുുകളും ചുമത്തിയാണ് .ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 2019 നവംബർ 23 നാണ് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.