ദർശനം നടത്താൻ സാധിക്കുന്നതുവരെ വ്രതം, മാല ഊരില്ല; രേഷ്മ നിശാന്ത്
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല ദർശനത്തിന് ആഗ്രഹിച്ച് മാലയിട്ടതിനാൽ ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വരുന്നതെന്ന് രേഷ്മ നിശാന്ത്. പ്രശസ്തിക്ക് വേണ്ടിയല്ല മാലയിട്ടത്. ഫേസ്ബുക്കിൽ പ്രഖ്യാപിക്കും മുമ്പ് വ്രതം തുടങ്ങിയിരുന്നു. അധികൃതരോട് സംരക്ഷണം ആവശ്യപ്പെട്ട് കത്തും നൽകി. എന്നാൽ അതിന് മുറുപടി ലഭിച്ചില്ല. അതുകൊണ്ടാണ് ഫേസ് ബുക്ക് പോസ്റ്റിട്ടതെന്നും രേഷ്മ പറഞ്ഞു. ശബരിമലയിൽ ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്നതായി അറിയിച്ച് രേഷ്മക്കൊപ്പം രണ്ടുപേരും വാർത്താസമ്മേളനം നടത്തി.
ശബരിമലയിൽ പോകുന്നുവെന്ന് പ്രഖ്യാപിച്ചതുകൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല. മാനസിക സമ്മർദം അനുഭവിക്കുകയാണ്. ഭാവിയിൽ വിശ്വാസികളായ പെൺകുട്ടികൾക്ക് ശബരിമലയിൽ പ്രവേശനം ലഭ്യമാകുമെന്ന് ഉറപ്പാക്കാനാണ് ശബരിമലയിൽ ദർശനത്തിൽ നിന്ന് പിൻമാറാത്തതെന്നും രേഷ്മ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിലെ കലാപാന്തരീക്ഷം വേദനിപ്പിക്കുന്നതാണെന്നും സംസ്ഥാനത്തെ കലാപകലുഷിതമാക്കി മല കയറാൻ ഞങ്ങളില്ലെന്നും കൊല്ലം സ്വദേശി ധന്യയും അറിയിച്ചു. സുരക്ഷിതരായി ദർശനം നടത്തി മടങ്ങാനാകും എന്ന് ഉറപ്പുള്ളപ്പോൾ മാത്രമേ ശബരിമലക്ക് പോകൂവെന്നും അവർ കൂട്ടിച്ചേർത്തു.
മാലയിട്ട് വ്രതമെടുത്തവരാണെന്നും സംരക്ഷണം തരേണ്ടത് പൊലീസും സർക്കാരുമാണെന്നും കണ്ണൂർ സ്വദേശി ഷനില പറഞ്ഞു. മാലയിട്ട ആൾക്ക് ദർശനത്തിന് ശേഷം മാത്രമേ മാല ഊരാൻ സാധിക്കൂ. സമാധാനപരമായി പോയി വരാൻ സാധിക്കും വരെ വ്രതം തുടരുമെന്നും ഷനില പറഞ്ഞു.