റിപ്പബ്ലിക് ദിന പരേഡിന് കോഴിക്കോട് ബീച്ച് ഒരുങ്ങി ; മന്ത്രി ടി.പി രാമകൃഷ്ണൻ പരേഡിന് അഭിവാദ്യമർപ്പിക്കും

റിപ്പബ്ലിക് ദിന പരേഡിന് കോഴിക്കോട് ബീച്ച് ഒരുങ്ങി ; മന്ത്രി ടി.പി രാമകൃഷ്ണൻ പരേഡിന് അഭിവാദ്യമർപ്പിക്കും

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: റിപ്പബ്ലിക് ഗിന പരേഡിന് കോഴിക്കോട് ബീച്ച് ഒരുങ്ങി. ജനുവരി 26 ന് രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് തൊഴിൽ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ അഭിവാദ്യമർപ്പിക്കും. ഡൽഹിയിൽ നടക്കുന്ന ദേശീയ റിപ്പബ്ലിക് ദിന പരേഡിന്റെ ചെറുമാതൃകയിൽ വിവിധ പ്ലാറ്റൂണുകളുടെ പരേഡിനൊപ്പം വിവിധ വകുപ്പുകളുടെ ടാബ്ലോകളും കേരളത്തിന്റെ തനത് കലാ രൂപങ്ങളുടെ പ്രകടനങ്ങളും അടങ്ങുന്ന പരേഡ് കാണാൻ വിപുലമായ സൗകര്യങ്ങളാണ് ബീച്ചിൽ ഒരുക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളും സാംസ്‌കാരിക നായകരും പ്രത്യേക അതിഥികളായി പങ്കെടുക്കുന്ന പരേഡ് വീക്ഷിക്കാൻ വൻ ജനാവലിയെത്തുമെന്നാണ് ജില്ലാഭരണകൂടം പ്രതീക്ഷിക്കുന്നത്.

ദേശീയ പതാക വിടർത്തുന്ന മന്ത്രി ജനാവലിയെ അഭിസംബോധന ചെയ്യും. പൊലീസ്, ട്രാഫിക് പൊലീസ്, എക്‌സൈസ്, ഫയർ ഫോഴ്‌സ്, ഫോറസ്റ്റ്, എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട്‌സ്, ഗൈഡ്, റെഡ് ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകൾക്ക് പുറമെ വിവിധ സർക്കാർ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങളാണ് ഇത്തവണത്തെ പരേഡിനെ വേറിട്ടതാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യം, വിദ്യാഭ്യാസം, പൊലീസ്, ട്രാഫിക് പൊലീസ്, എസ്.പി.സി, മോട്ടോർ വാഹന വകുപ്പ്, എക്‌സൈസ്, പഞ്ചായത്ത്, ഫിഷറീസ്, കെ.എസ്.ഇ.ബി, നെഹ്‌റുയുവ കേന്ദ്ര, കോഴിക്കോട് കോർപറേഷൻ, ചൈൽഡ് ലൈൻ, ഡി.ടി.പി.സി, സ്‌പോർട്‌സ് കൗൺസിൽ, കേന്ദ്രീയ വിദ്യാലയം1 തുടങ്ങിയ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്ലോട്ടുകൾ പരേഡിൽ അണിനിരക്കും. ദേശഭക്തി ഗാനം, ബാൻഡ് വാദ്യം, ശിങ്കാരി മേളം, മാർഗം കളി, തിരുവാതിര, ദഫ്, ഒപ്പന, നൃത്തം തുടങ്ങി വിവിധ കലാരൂപങ്ങളുടെ പ്രകടനവും ഉണ്ടാവും. പൊലീസും കോസ്റ്റ് ഗാർഡും ചേർന്നായിരിക്കും സുരക്ഷയൊരുക്കുക.

പരേഡിന്റെ റിഹേഴ്‌സൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ബീച്ചിൽ നടക്കും. 24 ന് രാവിലെ ഡ്രസ് റിഹേഴ്‌സലും നടക്കും. ജില്ലാ കലക്ടർ സാംബശിവ റാവു, എ.ഡി.എം റോഷ്‌നി നാരായണൻ, ജില്ലാ പൊലീസ് മേധാവി (സിറ്റി) എ.വി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗങ്ങൾ പരേഡിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.