രഞ്ജി ട്രോഫി: കേരളത്തിന് വീണ്ടും കൂട്ടത്തകർച്ച; മേധാവിത്വം ഉറപ്പിച്ച് തമിഴ്നാട്
സ്പോട്സ് ഡെസ്ക്
ചെന്നൈ: രഞ്ജി ട്രോഫി എലൈറ്റ് ഡിവിഷനിൽ ദുർബലരായ തമിഴ്നാടിനെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. തമിഴ്‌നാടിന്റെ 268 റണ്ണിനെതിരെ ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒൻപത് വിക്കറ്റിന് 151 റൺ മാത്രമാണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ കളിയിലേതിന് സമാനമായ ഒരു ചെറുത്ത് നിൽപ്പ് അൽഭുതം ഉണ്ടായില്ലെങ്കിൽ ഇനിംഗ്സ് ലീഡിന്റെ മൂന്ന് പോയിന്റ് കേരളത്തിന് നഷ്ടമാകും.
ഒന്നാം ദിനം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 249 റണ്ണായിരുന്നു തമിഴ്നാടിന്റെ സമ്പാദ്യം.ഇതിനോട് 19 റൺ കുടി കുട്ടിച്ചേർത്ത് തമിഴ്നാട് ബാറ്റിംഗ് നിര മടങ്ങി. പിന്നീട്, കേരളത്തിന്റെ തുടക്കവും തകർച്ചയോടെ ആയിരുന്നു.സ്കോർ 11 ൽ നിൽക്കെ ജലജ് സക്സേന ( 11 പന്തിൽ നാല് ) മടങ്ങി. 46 ൽ ഓപ്പണർ അരുൺ കാർത്തിക്കും (52 പന്തിൽ 22 ) , 71 ൽ സഞ്ജു വി സാംസണും (22 പന്തിൽ 9 ) മടങ്ങി. കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ ക്യാപ്റ്റൻ സച്ചിൻ ബേബി ഒറ്റ റൺ മാത്രം എടുത്ത് മടങ്ങിയതോടെ കേരളം തകർച്ചയുടെ ലക്ഷണം കാട്ടിത്തുടങ്ങി. പിന്നീട് എത്തിയ വി.എ ജഗദീഷ് എട്ടും , കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ വിഷ്ണു വിനോദ് പൂജ്യത്തിനും മടങ്ങിയതോടെ കേരളത്തിന്റെ പതനം പൂർത്തിയായി. 28 റണ്ണുമായി എസ് ജോസഫും , റണ്ണൊന്നുമെടുക്കാതെ സന്ദീപ് വാര്യരുമാണ് ക്രീസിൽ.