വിവാദങ്ങൾക്ക് വിട: വാഹന വായ്പ എടുത്ത് കാർ വാങ്ങി കേരളത്തിന്റെ പെങ്ങളൂട്ടി
സ്വന്തം ലേഖകൻ
പാലക്കാട്: വിവാദങ്ങൾക്ക് വിട പറഞ്ഞു കേരളത്തിന്റെ പെങ്ങളൂട്ടി കാർ സ്വന്തമാക്കി.വാഹന വായ്പ എടുത്ത് രമ്യ ഹരിദാസ് തന്റെ ദീർഘനാളത്തെ സ്വപ്‌നം നേടിയെടുത്തത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസാണ് കാർ വാങ്ങി തന്റെ ആഗ്രഹം സഫലീകരിച്ചത്.
രമ്യ ഹരിദാസ് എംപിയ്ക്ക് കാർ വാങ്ങാൻ പിരിവ് നടന്നത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 1000 രൂപയുടെ കൂപ്പൺ ഉപയോഗിച്ച് 14 ലക്ഷം പിരിക്കാനായിരുന്നു തീരുമാനം. എന്നാൽ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ വിമർശനം നാനാകോണുകളിൽ നിന്നും ശക്തമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം പി ക്ക് ശമ്പളവും ആനുകൂല്യവും ഉള്ളപ്പോൾ കാർ വാങ്ങാൻ പിരിവ് എന്തിനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കെപിസിസി അധ്യക്ഷൻ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നൽകി യൂത്ത് കോൺഗ്രസുകാർ വിവാദം അവസാനിപ്പിച്ചിരുന്നു.
ഇന്നോവ ക്രിസ്റ്റയാണ് രമ്യ ഹരിദാസ് എംപിയുടെ പുത്തൻ വാഹനം. വായ്പ എടുത്താണ് വാഹനം വാങ്ങിയത്. മുൻ എംപി വി എസ് വിജയരാഘവൻ രമ്യക്ക് കാറിന്റെ താക്കോൽ കൈമാറി. 21 ലക്ഷത്തോളം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപയോളം അടവുണ്ട്.