കോട്ടയം : റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കുന്ന ട്രാൻസ്‌പോർട്ടിംഗ് കോണ്‍ട്രാക്ടർമാരുടെ സമരം ഒരാഴ്ച പിന്നിട്ടതോടെ ഭൂരിഭാഗം റേഷൻ കടകളും കാലിയായി. ട്രാൻസ്‌പോർട്ടിംഗ് കോണ്‍ട്രാക്ടർമാർക്ക് ലഭിക്കാനുള്ള കുടിശിക 18 കോടി രൂപയാണ്.
പോർട്ടബിലിറ്റി സംവിധാനത്തില്‍ ഏതു കടകളില്‍ നിന്നും റേഷൻ വാങ്ങാനാകുമെന്നതിനാല്‍ സർക്കാർ സമരത്തെ ഗൗരവമായി കാണുന്നില്ലെന്നാണ് ആക്ഷേപം. സ്റ്റോക്ക് തീർന്നതോടെ റേഷൻ വിതരണം സ്തംഭനത്തിലായത് പൊതുവിപണിയില്‍ അരി വില കൂടാനിടയാക്കും.
പലയിടത്തും സാധനം കിട്ടാത്തവർ റേഷൻ കടയുടമകളുമായി വാക്കുതർക്കത്തിലേർപ്പെടുന്നതും പതിവായി. വീടിനടുത്ത് കടയില്‍ സ്റ്റോക്കില്ലെങ്കില്‍ അടുത്ത പഞ്ചായത്തിലെ കടകളില്‍ വരെ പോകണം. സ്വന്തമായി വാഹനമില്ലാത്ത ബി.പി.എല്‍ വിഭാഗക്കാരാണ് സൗജന്യ നിരക്കിലുള്ള റേഷൻ സാധനങ്ങള്‍ വാങ്ങുന്നവരിലേറെയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു കടകളില്‍ പോയി സാധനം വാങ്ങുമ്പോള്‍ സ്റ്റോക്കില്ലാത്ത കടഉടമയ്ക്കുള്ള കമ്മീഷനും നഷ്ടമാകും. മാസം പകുതി പിന്നിടുമ്പോഴാണ് പലരും റേഷൻ വാങ്ങാനെത്തുന്നത്. ഈ സമയത്ത് സാധനങ്ങള്‍ ലഭിക്കാത്തത് ബുദ്ധിമുട്ടായി. ഈമാസത്തെ റേഷൻ വിതരണം അവസാനിക്കാൻ ഇനി പത്തു ദിവസമില്ല. സമരക്കാരുമായി പ്രാരംഭ ചർച്ച പോലും നടത്താൻ സർക്കാർ തയ്യാറാകുന്നില്ല.
ഗുരുതര സ്ഥിതി, എന്നിട്ടും അനക്കമില്ല
മുൻഗണനാ വിഭാഗത്തിന് ഒരു മാസം 35 കിലോ അരിയാണുള്ളത്. ഇത് ലഭിക്കാത്ത സ്ഥിതി പലരെയും ഗുരുതരമായി ബാധിക്കും. സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് കൂടുതല്‍ തുക മുടക്കി അരിമേടിക്കാൻ നിർവാഹമില്ല. പ്രത്യേകിച്ച് സ്കൂള്‍ തുറക്കാൻ ദിവസങ്ങള്‍ ശേഷിക്കെ പലരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കുടിശിക തുക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ട്രാൻസ്‌പോർട്ടിംഗ് കോണ്‍ട്രാക്ടർമാർ മേയ് 12 മുതല്‍ സമരം ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെ സമരം ആരംഭിച്ചതിനാല്‍ പലർക്കും കൂടുതല്‍ സ്റ്റോക്ക് ചെയ്യാൻ കഴിഞ്ഞില്ല.
‘
കോണ്‍ട്രാക്ടർമാരുടെ സമരം സമ്മർദ്ദതന്ത്രമാണ് .ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് കാരണമെങ്കിലും ബാധിക്കുന്നത് സാധാരണക്കാരെയാണ്. അടിയന്തരമായി സർക്കാർ ഇടപെടണമെന്നും കുടിശിക നല്‍കി റേഷൻ വിതരണം സുഗമമാക്കണമെന്നും
ഓള്‍ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. ശിശുപാലൻ ആവശ്യപ്പെട്ടു.