പത്തനംതിട്ടയിൽ 108 ആംബുലൻസിലെ ക്രൂര പീഡനം: പീഡനത്തിന് ഇരയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു; കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയത് കൊവിഡ് ഐസൊലേഷൻ വാർഡിലെ ബാത്ത് റൂമിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പത്തനംതിട്ട അടൂരിൽ 108 ആംബുലൻസിൽ ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കാൻ ശ്രമിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലെ ബാത്ത്‌റൂമിനുള്ളിൽ കയറിയ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റൻഡർമാരും ജീവനക്കാരും ചേർന്നാണ് പെൺകുട്ടിയെ രക്ഷിച്ചത്.

സെപ്റ്റംബർ ആദ്യത്തിലാണ് പത്തനംതിട്ട അടൂരിൽ 108 ആംബുലൻസ് ഡ്രൈവറായ നൗഫലിന്റെ ക്രൂമായ പീഡനത്തിന് പെൺകുട്ടി ഇരയായത്. കൊവിഡ് രോഗിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും ഐസൊലേഷൻ കേന്ദ്രത്തിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് പെൺകുട്ടിയെ ഡ്രൈവർ നൗഫൽ അതിക്രൂരമായി പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ആഴത്തിൽ പെൺകുട്ടിയ്ക്കു ക്രൂരമായി പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ എത്തിച്ച ശേഷവും പെൺകുട്ടി പീഡനത്തിന്റെ ആഘാതത്തിൽ നിന്നും മോചിതയായിരുന്നില്ല. തുടർന്നാണ്, കുട്ടിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇവിടെ കുട്ടിയ്ക്കു കൗൺസിലിംങും നൽകിയിരുന്നു.

ഇതിനിടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് ബാത്ത്‌റൂമിലേയ്ക്കു കയറിയ പെൺകുട്ടി കഴുത്തിൽ കുടുക്കിടുകയായിരുന്നു. അസ്വാഭാവികമായ ശബ്ദം കേട്ട് എത്തിയ അറ്റൻഡറുമാരാണ് പെൺകുട്ടിയെ രക്ഷിച്ചത്. തുടർന്നു വേഗം തന്നെ വാർഡിലേയ്ക്കു മാറ്റി പ്രഥമ ശുശ്രൂഷ നൽകി. പെൺകുട്ടിയുടെ പരിക്ക് ഗുരുതരമല്ല. പീഡനത്തെ തുടർന്നുണ്ടായ മാനസിക അസ്വാസ്ഥ്യം വിട്ടുമാറാത്തതിനാലാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിലയിരുത്തൽ.