play-sharp-fill
പകൽ ദൈവവിളി: സമയം കിട്ടിയാൽ സ്ത്രീകൾക്ക് നേരെ അതിക്രമം; പാസ്റ്റർക്ക് ഒടുവിൽ ജീവപര്യന്തം കഠിന തടവ്

പകൽ ദൈവവിളി: സമയം കിട്ടിയാൽ സ്ത്രീകൾക്ക് നേരെ അതിക്രമം; പാസ്റ്റർക്ക് ഒടുവിൽ ജീവപര്യന്തം കഠിന തടവ്

സ്വന്തം ലേഖകൻ
തൊടുപുഴ: പകൽ മുഴുവൻ ദൈവവിളിയും പ്രാർത്ഥനയും, പക്ഷേ സമയം കിട്ടിയാൽ പണി പീഡനം. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ക്രൂരനായ പാസ്റ്ററാണ് ഇനി ജീവിതകാലം മുഴുവനും ജയിലിൽ കഴിയേണ്ടി വരിക. വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പാസ്റ്റർക്കാണ് ജീവപര്യന്തം കഠിനതടവും 1,10,000 രൂപ പിഴയും.
വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ പെരുംതഴയിൽ ജോമോൻ ജയിംസിനെ(33)യാണ് തൊടുപുഴ പോക്‌സോ കോടതി സ്‌പെഷ്യൽ ജഡ്ജി കെ അനിൽകുമാർ ശിക്ഷിച്ചത്. ലൈംഗികപീഡനത്തിന് പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം പരമാവധി ശിക്ഷയായ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപയുമാണ് ശിക്ഷ.

കൂടാതെ, വീട്ടിൽ അതിക്രമിച്ചു കടന്നതിന് പത്തുവർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പിഴ തുക പെൺകുട്ടിയ്ക്ക് നൽകണം. 2014 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. മതവിശ്വാസം പറഞ്ഞാണ് പെൺകുട്ടിയെയും അമ്മയെയും പ്രതി മുതലെടുത്തത്. ദൈവപ്രഘോഷണത്തിന്റെ മറവിൽ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പ്രതി ദയ അർഹിക്കുന്നില്ലെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.