മാണി സി.കാപ്പൻ മന്ത്രിയായേക്കും: കോട്ടയത്തിന് പിണറായി സർക്കാരിൽ ആദ്യ മന്ത്രി; പാലാ വീണ്ടും പിടിക്കാൻ കാപ്പനെ മന്ത്രിയാക്കണമെന്ന് ആവശ്യം

മാണി സി.കാപ്പൻ മന്ത്രിയായേക്കും: കോട്ടയത്തിന് പിണറായി സർക്കാരിൽ ആദ്യ മന്ത്രി; പാലാ വീണ്ടും പിടിക്കാൻ കാപ്പനെ മന്ത്രിയാക്കണമെന്ന് ആവശ്യം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അരനൂറ്റാണ്ട നീണ്ട മാണി ചരിത്രം ചവിട്ടിയരച്ച് പാലായിൽ നിന്നും രണ്ടാമത്തെ മാത്രം എംഎൽഎയായ മാണി സി.കാപ്പനെ കാത്തിരിക്കുന്നത് മന്ത്രി സ്ഥാനമെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ അവസാന കാലത്തെങ്കിലും മാണി സി.കാപ്പന് ആറു മാസം മന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ട്.

അടുത്ത ടേമിലും മാണിയുടെ കോട്ടയായ പാലാ തിരികെ പിടിക്കണമെങ്കിൽ മാണി സി.കാപ്പന് മന്ത്രി സ്ഥാനം നൽകേണ്ടി വരുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പിണറായി മന്ത്രിസഭയിൽ കോട്ടയത്തു നിന്നുള്ള മന്ത്രിയായി മാണി സി.കാപ്പൻ എത്തുമെന്ന സൂചനകൾ ശക്തമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കോട്ടയത്തെ ഒൻപത് നിയോജക മണ്ഡലങ്ങളിൽ മൂന്നിടത്ത് മാത്രമാണ് എൽഡിഎഫിന് എംഎൽഎമാരുള്ളത്. വൈക്കത്ത് സി.കെ ആശയും, ഏറ്റുമാനൂരിൽ കെ.സുരേഷ് കുറുപ്പും. പാലായിൽ എൻ.സി.പി നേതാവ് മാണി സി.കാപ്പൻ വിജയിക്കുക കൂടി ചെയ്തതോടെ പാലാ മണ്ഡലത്തിലും എൽഡിഎഫിന് ജനപ്രതിനിധിയായി.

എന്നാൽ, മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന് മാണി സി.കാപ്പൻ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രസ്താവിച്ചു. ബിജെപിയുടെ വോട്ടുലഭിച്ചു എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളുന്നുവെന്നും മാണി സി. കാപ്പൻ പറഞ്ഞു. പാർട്ടിയിൽ മുതിർന്ന നേതാക്കൾ ഉള്ളപ്പോൾ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചയിലേക്കു പോകേണ്ടതില്ല.

പാലായിലെ അതൃപ്തരായ കേരളാ കോൺഗ്രസുകാരും കോൺഗ്രസുകാരും സഹായിച്ചു. കാപ്പൻ വ്യക്തമാക്കി.
കെ.എം.മാണിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ 2,943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു മാണി സി.കാപ്പൻ പാലാ പിടിച്ചെടുത്തത്. 9 ഗ്രാമപഞ്ചായത്തും പാലാ നഗരസഭയും എൽഡിഎഫ് നേടിയപ്പോൾ മൂന്നു പഞ്ചായത്തുകളിൽ മാത്രമായിരുന്നു യുഡിഎഫിനു ലീഡ് ലഭിച്ചത്.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ എൽഡിഎഫ് സ്ഥാനാർഥിയാണ് ലീഡ് ചെയ്തിരുന്നത്. അവസാന നിമിഷം വരെ ലീഡ് നിലനിർത്താനും അദ്ദേഹത്തിനു സാധിച്ചു. മാണി സി.കാപ്പൻ 54,137 വോട്ടുകൾ നേടിയപ്പോൾ എതിരാളി യുഡിഎഫിന്റെ ജോസ് ടോമിന് 51,194 വോട്ടാണു ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിക്കു കിട്ടിയത് 18,044 വോട്ട്.