
ഹൈദരാബാദ്: കേന്ദ്ര സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബന്ദി സഞ്ജയ് കുമാറിന്റെ മകൻ ബന്ദി ഭഗീരഥ് ഹൈദരാബാദിൽ പൊലീസിന് മുന്നിൽ കീഴടങ്ങി. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ടാണ് കീഴടങ്ങൽ.
തെലങ്കാനയിലെ ഉപ്പൽ പൊലീസ് സ്റ്റേഷനിലാണ് ഭഗീരഥ് എത്തിയത്. നിയമത്തെ താൻ ബഹുമാനിക്കുന്നുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കീഴടങ്ങുന്നതിന് മുന്നോടിയായി ബന്ദി സഞ്ജയ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്റെ മകനെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് ബന്ദി സഞ്ജയ് ആദ്യഘട്ടത്തിൽ സ്വീകരിച്ചിരുന്നത്. എന്നാൽ കോടതിയുടെയും പൊലീസിന്റെയും കർശനമായ നിലപാടുകളെത്തുടർന്നാണ് ഇപ്പോൾ കീഴടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സത്യം പുറത്തുവരുമെന്നും മകൻ നിരപരാധിയാണെന്ന് തെളിയുമെന്നും സഞ്ജയ് പറഞ്ഞു. അതേസമയം, കേസിന്റെ ഗൗരവം പരിഗണിച്ച് ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.
കീഴടങ്ങലിന് പിന്നാലെ ഭഗീരഥിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇതിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പെട്ട കേസ് എന്ന നിലയിൽ തെലങ്കാന രാഷ്ട്രീയത്തിൽ ഇത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്.







