
ശ്രീകുമാർ
കോട്ടയം:യു.ഡി.എഫിൽ നിന്ന് ആരാകും രാജ്യസഭാ സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ആകാംഷയോടെ കേരളം ഉറ്റുനോക്കുമ്പോൾ രാജ്യസഭാസീറ്റ് സംബന്ധിച്ച് തീരുമാനം കോൺഗ്രസിന് പിന്നാലെ കേരളാ കോൺഗ്രസിലും പൊട്ടിത്തെറി. ഇന്ന് ചേരുന്ന കേരളാകോൺഗ്രസ് സ്റ്റീയറിംഗ് കമ്മറ്റി യോഗത്തിൽ രാജ്യസഭാ സീറ്റ് പി ജെ ജോസഫ് വിഭാഗം ആവശ്യപ്പെടുമെന്ന് ജോസഫ് ഗ്രൂപ്പിന്റെ ഉന്നത നേതാവ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
രാവിലെ 10.30 യ്ക്ക് എംഎൽഎ ക്വാർട്ടേഴ്സിൽ നടക്കുന്ന കേരളാകോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗത്തിൽ രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിക്കുന്ന നിർണ്ണായക തീരുമാനം എടുക്കുമ്‌ബോൾ ഈ ആവശ്യം ഉന്നയിക്കും. യുഡിഎഫിൽനിന്നും സഖ്യം പിരിഞ്ഞ കേരളാകോൺഗ്രസിന്റെ ഇടതുപക്ഷ പ്രവേശനത്തെ നയപരമായ ഇടപെടലിലൂടെ തടഞ്ഞു നിർത്തുകയും യുഡിഎഫിലേക്ക് തന്നെ തിരികെ കൊണ്ടു വരികയും ചെയ്തത് ജോസഫ് ഗ്രൂപ്പായിരുന്നു. കെഎം മാണിയോ മകൻ ജോസ് കെ മാണിയോ സ്ഥാനാർത്ഥിയാകുമെന്നിരിക്കെ തീരുമാനം കേരളാകോൺഗ്രസിൽ വൻ ചർച്ചകൾക്കും തർക്കങ്ങൾക്കും ചിലപ്പോൾ പിളർപ്പിലേക്കും വഴി വെച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യസഭാസീറ്റ് കിട്ടിയില്ലെങ്കിൽ ഇതിനെ തുടർന്ന് ഒഴിവ് വരുന്ന ലോക്സഭാ സീറ്റ് ജോസഫ് വിഭാഗം ആവശ്യപ്പെടും. രാജ്യസഭാ എംപിയ്ക്ക് ആറുവർഷത്തെ കാലാവധിയാണ് ലഭിക്കുക. യുപിഎ അധികാരത്തിൽ എത്തിയാൽ മന്ത്രിപദത്തിലേക്ക് പരിഗണിച്ചേക്കാമെന്ന സാധ്യതയും നില നിൽക്കുന്നു. സീറ്റ് കേരളാകോൺഗ്രസിന് നൽകാനുള്ള തീരുമാനം ഇന്നലെ ഡൽഹിയിൽ ചേർന്ന കൂടിക്കാഴ്ചയിലായിരുന്നു എടുത്തത്. എന്നാൽ തീരുമാനം കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. യുവ എംഎൽഎ മാർ രൂക്ഷമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. തീരുമാനം തിരുത്തണമെന്നാണ് ഇവരുടെ ആവശ്യം.