
കൊച്ചി: റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. തിരുവനന്തപുരം സ്വദേശി സജീവിനെയാണ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
കന്യാകുമാരി-പുണെ എക്‌സ്പ്രസില്‍ തൃശ്ശൂരിലേക്ക് പോകാനെത്തിയതായിരുന്നു പെണ്‍കുട്ടി. സ്റ്റേഷനിലെത്തിയ ട്രെയിനില്‍ കയറാന്‍ നില്‍ക്കുന്നതിനിടെയാണ് ട്രെയിനില്‍നിന്ന് ഇറങ്ങുകയായിരുന്ന പ്രതി പെണ്‍കുട്ടിയെ കയറിപിടിച്ചത്. ഇത് പെണ്‍കുട്ടി ചോദ്യംചെയ്യുകയും ഇയാളെ തടഞ്ഞുവെയ്ക്കുകയുംചെയ്തു.
പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റുയാത്രക്കാരും പോലീസും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിനുശേഷം പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ സഹിതം പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. അതിക്രമം കാട്ടിയ ആളെ സധൈര്യം എതിര്‍ക്കുകയും ചോദ്യംചെയ്യുകയും ചെയ്ത പെണ്‍കുട്ടിക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.
അറസ്റ്റിലായ സജീവ് സൈന്യത്തിലെ ശുചീകരണത്തൊഴിലാളിയാണെന്നാണ് പോലീസിന് നല്‍കിയ മൊഴി. ഇയാളുടെ പശ്ചാത്തലമടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.







