
സ്വന്തം ലേഖകൻ
ദില്ലി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും.
മോദി’ പരാമര്‍ശത്തിലെ സൂറത്ത് സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയാണ് കോണ്‍ഗ്രസ് മേല്‍ കോടതിയെ സമീപിക്കുന്നത് .സെഷന്‍സ് കോടതി വിധിയില്‍ അപാകതയുണ്ടെന്നും പരാതിക്കാരന്‍ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക. പാറ്റ്ന കോടതിയുടെ വിധിക്കെതിരെ ഇതിനോടകം കോണ്‍ഗ്രസ് ബീഹാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അപകീര്‍ത്തി കേസില്‍ ഈ മാസം 25ന് രാഹുല്‍ നേരിട്ട് ഹാജരാക്കണം എന്നാണ് പാറ്റ്ന ക്കോടതിയുടെ നിര്‍ദ്ദേശം.സുശീല്‍ കുമാര്‍ മോദിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഹാറില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ഇനി 17 ദിവസം മാത്രം ശേഷിക്കേ, രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകത്തിലെത്തും. ബാഗല്‍കോട്ട് ജില്ലയിലെ കൂടലസംഗമയില്‍ നടക്കുന്ന ബസവജയന്തി ആഘോഷങ്ങളില്‍ രാഹുല്‍ പങ്കെടുക്കും. 12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലിംഗായത്ത് സമുദായസ്ഥാപകനായ ബസവേശ്വരന്‍ സമാധിയടഞ്ഞെന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ് കൂടലസംഗമ. ഇവിടെയുള്ള സംഗമനാഥ ക്ഷേത്രവും രാഹുല്‍ സന്ദര്‍ശിക്കും. ഇതിന് ശേഷം വിജയപുരയിലെ ശിവാജി സര്‍ക്കിളില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലും യോഗത്തിലും രാഹുലെത്തും.
ചടങ്ങുകളിലേക്ക് പ്രമുഖ ലിംഗായത്ത് മഠാധിപതികളെയും കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും ലക്ഷ്മണ്‍ സാവഡിയും പരിപാടികളില്‍ രാഹുലിനൊപ്പമുണ്ടാകും. ബിജെപിയില്‍ നിന്ന് ചോരുന്ന ലിംഗായത്ത് വോട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ സജീവശ്രമം തുടരുകയാണ് കോണ്‍ഗ്രസ്. എംപിയുടെ വസതിയടക്കം ഒഴിയേണ്ടി വന്നതില്‍ രാഹുലിന്‍റെ പ്രതികരണമെന്താകുമെന്നതും നിര്‍ണായകമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group