
തേർഡ് ഐ ബ്യൂറോ
കോട്ടയം: പുതുപ്പള്ളി ഇരവിനല്ലൂർ തൃക്കോതമംഗലത്ത് റോഡ് അപകടത്തിനു ഇടയാക്കിയത് റോഡിലെ വളവും കനത്ത മഴയുമെന്നു സൂചന. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പുതുപ്പള്ളി വാകത്താനം റോഡിൽ ഇരവിനല്ലൂരിനു സമീപം കെ.എസ്.ആർ.ടി.സി ബസിൽ കാറിടിച്ച് മൂന്നു പേർ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി രാവിലെ മരിക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം.
മുണ്ടക്കയം കരിനിലം കുന്നപ്പള്ളിയിൽ കുഞ്ഞുമോന്റെ മകൻ ജിൻസ് (33), ജിൻസിന്റെ അച്ഛന്റെ സഹോദരിയുടെ ഭർത്താവ് കുന്നന്താനം സ്വദേശി മുരളി (70), ഇദ്ദേഹത്തിന്റെ മകൾ ജലജ (40), ജലജയുടെ മകൻ അമിത് (എട്ട്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജലജയുടെ അനുജത്തിയുടെ മകൻ അതുൽ (10) മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ വാകത്താനം പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. പുതുപ്പള്ളി – വാകത്താനം റോഡിലെ വളവിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ റോഡിൽ നിന്നും തെന്നിമാറിയ കാർ എതിർ ദിശയിൽ നിന്നു വന്ന ബസിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമായിരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ബസിന്റെ അടിയിലേയ്ക്കു ഇടിച്ചു കയറുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
റോഡിലെ തെന്നലിൽ കാർ തെന്നി മാറിയാണ് അപകടമുണ്ടായതെന്നു സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കെ.എസ്.ആർ.ടി.സി ബസ് തങ്ങളുടെ കൃത്യമായ ലൈനിലൂടെയാണ് കടന്നു വന്നിരുന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കാർ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്ത് എത്തിയതാണ് എന്നാണ് സംശയിക്കുന്നത്. മുന്നിൽ പോകുന്ന ബൈക്ക് കടന്നു പോയതിനു ശേഷം കാർ അപ്രതീക്ഷിതമായി വലത്തേയ്ക്കു വെട്ടിത്തിരിയുന്നത് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.
ഇതിനു തൊട്ടുപിന്നാലെ മറ്റൊരു കാറും അപകട സ്ഥലത്തേയ്ക്കു കടന്നു വരുന്നതും സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പുതുപ്പള്ളി ഇരവിനല്ലൂർ കൊച്ചാലുമ്മൂട്ടിൽ കെ.എസ്.ആർ.ടി.സി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചത്. പാമ്പാടിയിലെ മരണവീട്ടിൽ പോയ ശേഷം മടങ്ങിവരികയായിരുന്നു കുടുംബം. ചങ്ങനാശേരിയിൽ നിന്നും പുതുപ്പള്ളി വഴി ഏറ്റുമാനൂരിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.