play-sharp-fill
കെഎസ്ആർടിസി കണ്ടക്ടറായ സ്ത്രീയുടെ പേഴ്സ് മോഷ്ടിച്ചു ;എ.ടി.എം.കാർഡ് ഉപയോഗിച്ച് ആറുതവണയായി 50,000 രൂപ തട്ടി ; യുവതി മറ്റൊരു മോഷണശ്രമത്തിനിടെ പിടിയിൽ

കെഎസ്ആർടിസി കണ്ടക്ടറായ സ്ത്രീയുടെ പേഴ്സ് മോഷ്ടിച്ചു ;എ.ടി.എം.കാർഡ് ഉപയോഗിച്ച് ആറുതവണയായി 50,000 രൂപ തട്ടി ; യുവതി മറ്റൊരു മോഷണശ്രമത്തിനിടെ പിടിയിൽ

സ്വന്തം ലേഖകൻ

കൊല്ലം: യാത്രക്കാരിയുടെ പേഴ്സ് മോഷ്ടിച്ച് അതിലുണ്ടായിരുന്ന എ.ടി.എം.കാർഡ് ഉപയോഗിച്ച് പണംതട്ടിയ യുവതി മറ്റൊരു മോഷണശ്രമത്തിനിടെ പിടിയിലായി. തെങ്കാശി, സരോജ കോളനിയിൽ ശാന്തി(34)യാണ് കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്. 19-ന് രാവിലെ 10 മണിയോടെയാണ് സംഭവം. കെ.എസ്.ആർ.ടി.സി. കണ്ടക്ടർ ഇന്ദുലേഖയുടെ പേഴ്സാണ് മോഷ്ടിച്ചത്.


ഇവരുടെ അക്കൗണ്ടുകളിൽനിന്ന് 50,000 രൂപയും നഷ്ടമായി. ശങ്കരമംഗലത്തുനിന്ന്‌ രാമൻകുളങ്ങരയിേലക്ക് കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് ബസിൽ യാത്രചെയ്യുകയായിരുന്നു ഇന്ദുലേഖ. രാമൻകുളങ്ങരയിൽ ഇറങ്ങി തിരുമുല്ലവാരത്തേക്ക് പോകാനായി സ്വകാര്യ ബസിൽ കയറിയശേഷമാണ് ബാഗിൽ പേഴ്സ് ഇല്ലെന്ന് മനസ്സിലായത്. പേഴ്സിൽ രണ്ട് എ.ടി.എം.കാർഡുകളും രണ്ട് പാൻകാർഡുകളും 3,000 രൂപയുമാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തി ബസിൽ പരിശോധന നടത്തിയെങ്കിലും പേഴ്സ് കണ്ടെത്താനായില്ല. ഇതിനിടെയാണ് രണ്ട് അക്കൗണ്ടുകളിൽനിന്ന് ആറുതവണയായി 50,000 രൂപ പിൻവലിച്ചതായി ഇന്ദുലേഖയുടെ ഫോണിലേക്ക് സന്ദേശം ലഭിച്ചത്. ഉടൻ എ.ടി.എം.കാർഡുകൾ ബ്ലോക്ക് ചെയ്തു. തുടർന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇന്ദുലേഖയുടെയും അമ്മയുടെയുമായിരുന്നു എ.ടി.എം.കാർഡുകൾ. രണ്ട് കാർഡുകളിലെയും പിൻ നമ്പർ കാർഡിന് മുകളിലായി രേഖപ്പെടുത്തിയിരുന്നു. ഈ പിൻ നമ്പരുകൾ ഉപയോഗിച്ചാണ് ശാന്തി നഗരത്തിലെ രണ്ട് എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിച്ചത്. സി.സി.ടി.വി.കൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവ് മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടെത്താനായില്ല.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ചവറയിൽനിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരുടെ ബാഗ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ശാന്തിയെ ബസ് ജീവനക്കാർ പിടികൂടി പോലീസിൽ അറിയിച്ചു. കൊല്ലം ഹൈസ്കൂൾ ജങ്ഷനിൽ െവച്ച് വെസ്റ്റ് പോലീസ് ഇവരെ പിടികൂടി. സി.സി.ടി.വി. ദൃശ്യങ്ങളുമായി സാദൃശ്യംതോന്നി ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പ്രതി സമ്മതിക്കുന്നത്.

ഇവരുടെപേരിൽ അങ്കമാലി സ്റ്റേഷനിലടക്കം മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. കൊല്ലം വെസ്റ്റ് എസ്.ഐ. അനീഷ്, എ.എസ്.ഐ.മാരായ ബീന, ജ്യോതി കൃഷ്ണൻ, സൈജു, എസ്.സി.പി.ഒ. ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.